‘‘ജീവിതം തന്ത്രപരമായ ഒന്നാണ്. അവിടെ ശരിയായ ഉത്തരമെന്നോ തെറ്റായ ഉത്തരമെന്നോ എന്നൊന്നില്ല… വളരെ നല്ലൊരു പരീക്ഷ. നേട്ടങ്ങൾ, തോൽവികൾ, പ്രണയം, തിരിച്ചു വരവുകൾ… ഓരോരുത്തരുടെയും ജീവിതം അവരവർക്ക് പ്രിയങ്കരം തന്നെയാണ്.’’
ഈ വർഷം സെപ്റ്റംബർ പന്ത്രണ്ടിന് പുറത്തിറങ്ങുന്ന മരിയ ഷറപ്പോവയുടെ ‘Unstoppable: My Life So Far’ എന്ന ആത്മകഥയുടെ കവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു കൊണ്ട് ഷറപ്പോവ പറഞ്ഞു. 2015 സെപ്റ്റംബറിൽ താൻ തുടങ്ങിവെച്ച പുസ്തകം ഈ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങുന്നു.‘ബാർണെസ് ആൻഡ് നോബിൾ’ ആണ് പ്രസാധകർ എങ്കിലും എല്ലാ ഓൺലൈൻ വില്പനക്കാരും പ്രീ പബ്ലിക്കേഷൻ സ്വീകരിക്കുന്നുണ്ട്.
ഒരു അർധരാത്രിയിൽ ഫ്ലോറിഡയിലെ നിക്ക് ബോളേറ്റീരി ടെന്നീസ് അക്കാദമിയിൽ ഒരു പിതാവും മകളും വന്നിറങ്ങി. ആരും അവരെ പ്രതീക്ഷിക്കില്ലായിരുന്നുവെങ്കിലും അവർക്ക് ഇംഗ്ലീഷ് അറിയില്ലായിരുന്നുവെങ്കിലും അവർ ബെല്ലമർത്തി. ലോകത്തിൽ ഒന്നാം നമ്പർ താരമായി ഏഴു വയസ്സുള്ള ആ കുട്ടി മാറുമെന്ന വിശ്വാസത്തിലാണ്, കൈയിൽ ആകെ എഴുനൂറു ഡോളറുമായി അവർ അവിടെ എത്തിയത്.
നിലവിലെ ചാമ്പ്യൻ ആയ സെറീന വില്യംസിനെ തോല്പിച്ച് വിംബിൾഡൺ നേടുമ്പോൾ മരിയ ഷെറപ്പോവയ്ക്ക് പതിനേഴു വയസ്സ് മാത്രമായിരുന്നു പ്രായം. പതിനെട്ടാം വയസ്സിൽ ലോക ടെന്നീസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം.