ഭാഷപാടുമ്പോള്‍ അവിടെ തലചുറ്റിവാടിക്കിടക്കേണ്ടിവരുന്നവനാണ് കവി എന്ന ബോധ്യം വൈലോപ്പിള്ളി ശ്രീധരമേനോനുണ്ടായിരുന്നു. ഭാഷയ്ക്കുവരള്‍ച്ച സംഭവിച്ച ഒരു കാലഘട്ടത്തില്‍, കവിയുടെ തന്നെ അവസാനഘട്ടത്തില്‍ കുഴിക്കാട്ടുശ്ശേരി ഗ്രാമീണവായനശാലയില്‍ ചെയ്ത ഒരു പ്രസംഗത്തില്‍ കവിതയെയും ഭാഷയെയും കുറിച്ച് കവി ഏറെ വിചാരപ്പെടുന്നുണ്ട്. വളരെയേറെ ചൂടുകൊണ്ട് നമ്മുടെ ഞരമ്പുകള്‍ വാടിപ്പോയിരിക്കുകയാണെന്നും നല്ല കവികളെക്കൊണ്ടേ കവിതപാടി മഴപെയ്യിക്കാനാകൂ എന്നും കവിപറയുന്നുണ്ട്. ഭാഷയുടെയും പ്രകൃതിയുടെയും കാലാവസ്ഥ ഇന്ന് വൈലോപ്പിള്ളി പറഞ്ഞതിലും ഊഷരമാണ്. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ മലയാള പഠനം നിര്‍ബന്ധമാക്കിയത് ഭാഷാസ്‌നേഹികളുടെ ഏറെക്കാലത്തെ സമരംകൊണ്ട് അടുത്തിടെയാണ്. എന്നിട്ടും ഭാഷാപഠനം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള മുറുമുറുപ്പുകള്‍ നമ്മുടെ നിയമസഭയില്‍ ഉയരുകയും ചെയ്തു.
ഈയ്യൊരു പശ്ചാത്തലത്തിലാണ് വൈലോപ്പിള്ളിയുടെ അപ്രകാശിതരചനകള്‍ നമ്മുടെ കൈവശമെത്തുന്നത്. കവി എഴുതിയതും ഇതുവരെ സമാഹരിക്കപ്പേടാത്തതുമായ ഗദ്യരചനകളുടെ സമാഹാരമാണിത്. ഇരുപതുകവിതകളും ഇരുപത്തിയൊന്നുകവിതകളും ചെറുകഥകളും അടങ്ങുന്നതാണ് ഈ സമാഹാരം.
വൈലോപ്പിള്ളി കവിതകള്‍ നമുക്ക് സുപരിചിതങ്ങളാണല്ലോ. അതിനാല്‍ത്തന്നെ ഇതിലെ കഥയും ലേഖനങ്ങളുമാണ് നമുക്ക് ഏറെകൗതുകം നല്‍കുക. ഭാഷാഗദ്യസാഹിത്യത്തെക്കുറിച്ച് ഇതില്‍ ഒരു ലേഖനമുണ്ട്. കവിതയെഴുത്തുനിര്‍ത്തി ഗദ്യരചനയെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണു താന്‍ എന്ന് കവി ഈ ലേഖനത്തില്‍ പറയുന്നു. കവിതയില്‍ നൃത്തം ചെയ്യാതെ ഗദ്യസരണിയില്‍ക്കൂടി കുറച്ച് നടന്നുനോക്കാന്‍ കൊതിക്കുന്ന കവി ഗദ്യത്തിന്റെ ഇന്നത്തെപരിമിതികളെക്കുറിച്ച് വിവരിക്കുന്നുമുണ്ട്. വിവര്‍ത്തനത്തിന്റെ ആവശ്യകത, അതുനേരിടുന്ന വെല്ലുവിളികള്‍ എന്നിവയെക്കുറിച്ച് മറ്റൊരുലേഖനത്തില്‍ വൈലോപ്പിള്ളി വിലയിരുത്തുന്നു.
വൈലോപ്പിള്ളിയുടെ വ്യക്തിത്വത്തിന്റെ മറ്റൊരു വശംകൂടി വ്യക്തമാക്കുന്നതാണ് ഇതിലെ രചനകള്‍.