മുഖ്യധാരയില്‍നിന്നു ഒഴിവാക്കപ്പെട്ടതോ അയഥാര്‍ത്ഥമെന്നു കരുതി മാറ്റിനിര്‍ത്തപ്പെട്ടതോ ആയ അനുഭവങ്ങളെ കണ്ടെടുത്ത് തീക്ഷ്ണമായ വര്‍ത്തമാനാവസ്ഥകളിലേക്ക് അവതരിപ്പിക്കുകയാണ് എം ബി മനോജ് ‘പാവേ പാവേ പോകവേണ്ട‘ എന്ന തന്റെ പുതിയ കാവ്യസമാഹാരത്തില്‍.
കവിതയിലായാലും ചിത്രകലയിലായാലും ഒരു കമ്മ്യൂണിറ്റി എന്ന നിലയില്‍ ദലിത് ജീവിതത്തിന്റെയും പുരാവൃത്തങ്ങളുടെയും ഗൃഹാതുരമായ വ്യവഹാരങ്ങളെക്കൊണ്ട് സമ്പുഷ്ടമാണ് ഈ സാഹിത്യവിഭാഗത്തിലെ ആദ്യദശ. മുഖ്യധാരയില്‍നിന്നു തിരസ്‌കൃതരായ ഒരു സമൂഹം എന്ന നിലയ്ക്ക് പഴയകാലജീവിതത്തിന്റെ പ്രകൃതിയും ഓര്‍മ്മകളും യാഥാസ്ഥിതിക സാഹിത്യരീതികളെ വകഞ്ഞുമാറ്റിക്കൊണ്ട് പുതുകവിതയില്‍ പ്രതിഷ്ഠാപിതമാക്കുകയാണ് കവി.
‘മനോജിന്റെ പഴയ കാവ്യസമ്പ്രദായങ്ങളില്‍ നിന്നും ചിന്തകളില്‍നിന്നും പുതിയവയില്‍ എത്തുമ്പോള്‍ അനുഭവപ്പെടുന്ന പ്രകടമായവൈവിധ്യം നമ്മുടെ കാലത്ത് സാമൂഹ്യദൃശ്യതയ്ക്ക് പിന്നില്‍ നിഴലുകളായി മറഞ്ഞുനില്‍ക്കന്ന കുറ്റനിബിഡമായ ഒരു രഹസ്യകാലത്തെക്കറിച്ചുള്ള തിരിച്ചറിവാണ് എന്നുതോന്നുന്നു. ഈ സമാഹാരത്തിലെ പലകവിതകളും മാറിയ സവിശേഷതകൊണ്ട് വ്യത്യസ്തമായവയാണ്. മറ്റുപല സവിശേഷതകള്‍ വേറെയുണ്ടെങ്കിലും പ്രത്യയശാസ്ത്രപരമായ ഈ ലാവണ്യയുക്തികൊണ്ടായിരിക്കാം പുതുമലയാളകവിതയില്‍ ഈ സമാഹാരത്തിന്റെ അതിജീവനമെന്ന് ‘ അവതാരികാകാരന്‍ ഡോ. ഉമര്‍ തറമേല്‍ പറയുന്നു.
ആകാശത്തെ പറവകളെ നോക്കൂ;
അവ വിതയ്ക്കുന്നുണ്ട്
കൊയ്യുന്നുണ്ട്
കളപ്പുരകള്‍ നിറയ്ക്കുന്നുണ്ട്
വാങ്ങിവാങ്ങിക്കൂട്ടുന്നുണ്ട്
വെട്ടിപ്പിടിച്ച് പൊലിക്കുന്നുണ്ട്
പാവേ പാവേ പോകവേണ്ട, കണികാണും നേരം, പ്രായങ്ങള്‍ കാലങ്ങള്‍, പോയകാലത്തിലെ പെണ്‍കുട്ടിയെ, ചരിത്രത്തിന്റെ അഴുക്ക്, എന്റെ ഭാഷ, ഊരുവില(ള)ക്ക്, രാമായണമാസങ്ങള്‍, തീപ്പെട്ടിപ്പടം തുടങ്ങിയ 50-പരം കവിതകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.