ജീവിതത്തില്‍ സന്തോഷത്തോടിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയുള്ള കഷ്ടപാടുകള്‍ നമ്മള്‍ സഹിക്കാറുമുണ്ട്. ഇന്നത്തെ പല കാര്യങ്ങളിലും നമ്മള്‍ തീരുമാനങ്ങളെടുക്കുന്നതും ഭാവി കണക്കുക്കൂട്ടിയാണ്. പക്ഷേ ദീര്‍ഘവീക്ഷണത്തോടെ കാണുന്ന ഇത്തരം കാര്യങ്ങളില്‍പോലും നമ്മള്‍ സംതൃപ്തരാവാറില്ല എന്നതാണ് ഞെട്ടിക്കുന്ന സത്യം. ഇതിനു പിന്നിലെ കാരണങ്ങള്‍ നമ്മുടെ മനസ്സിന്റെ അവലോകനത്തിലെ പിഴവു മൂലമാണ് എന്ന മനശാസ്ത്രവിദഗ്ദര്‍ ചൂണ്ടി കാണിക്കുന്നു.
ഭാവിയെപ്പറ്റി ചിന്തിക്കുമ്പോഴും മനുഷ്യന്‍ ‘ഇന്നില്‍’തന്നെയാണ് നിലനില്‍ക്കുന്നതെന്ന സത്യം നമ്മള്‍ തിരിച്ചറിയാറില്ല. ഇപ്പോള്‍ നമുക്ക് എന്താണ് ഇഷ്ടപ്പെടുന്നത്?, ഇപ്പോള്‍ നമ്മള്‍ എന്താണ് ആഗ്രഹിക്കുന്നത്? എന്നീ കാര്യങ്ങള്‍ നമ്മുടെ ഉപബോധമനസ്സില്‍ ഉറഞ്ഞുകിടക്കുന്നവയാണ്. ഈ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഭാവിയെക്കുറിച്ചും നമ്മള്‍ തീരുമാനങ്ങളെടുക്കുന്നത്. പക്ഷേ ഇക്കാര്യം നമ്മുടെ ഉപബോധമനസ്സിന്റെ പ്രക്രിയ ആയതിനാല്‍ അത് നമ്മള്‍ തിരിച്ചറിയുന്നില്ല. ഇക്കാരണത്താലാണ് നമ്മുടെ തീരുമാനങ്ങള്‍ ഭാവിയില്‍ ഫലം കാണുമ്പോഴും അത് നമുക്ക് സന്തോഷം നല്‍കാത്തത്. നമ്മള്‍ എടുത്ത തീരുമാനങ്ങള്‍ തെറ്റായിപോയി എന്നു ചിന്തിക്കുന്നതും ഇതിനാല്‍ തന്നെയാണ്.
നമ്മുടെ ചിന്തകളെയും തീരുമാനങ്ങളെയും രൂപപ്പെടുത്തുന്നതിനു മുമ്പ് അവ ശരിയായ രീതിയല്‍ അവലോകനം ചെയ്യുക മാത്രമാണ് ഇതിനുള്ള പരിഹാരമാര്‍ഗ്ഗം. മനുഷ്യമനസ്സിന്റെ പ്രവര്‍ത്തനങ്ങളെ ശരിയായി മനസ്സിലാക്കിയാല്‍ മാത്രമേ നമുക്ക് യഥാര്‍ത്ഥ സന്തോഷം കണ്ടെത്താനാകൂ എന്ന് മനശാസ്ത്രവിദഗ്ദര്‍ തെളിയിച്ചിട്ടുണ്ട്.
ഇങ്ങനെയുള്ള പല കാര്യങ്ങളെ മനശാസ്ത്രപരമായി അവലോകനം ചെയ്തു നിങ്ങളുടെ യഥാര്‍ത്ഥ സന്തോഷത്തെ എങ്ങനെ കണ്ടെത്താം എന്ന് മനസ്സിലാക്കി തരുകയാണ് ഡാനിയല്‍ ഗില്‍ബര്‍ട്ട് “സ്റ്റംബ്ലിങ് ഓണ്‍ ഹാപ്പിനെസ്’ എന്ന പുസ്തകത്തില്‍. വളരെ ലളിതമായ ഭാഷയില്‍ സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്ന ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകം ‘നിങ്ങളുടെ ആനന്ദം കണ്ടെത്തൂ സന്തോഷത്തിന്റെ മനശാസ്ത്രം’ എന്ന പേരില്‍ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ യഥാര്‍ത്ഥ സന്തോഷത്തെ തിരിച്ചറിഞ്ഞ് ഭാവിലേക്കുള്ള തീരുമാനങ്ങളെടുക്കാന്‍ ഇത് സഹായകമാകും.