വളരെ വിചിത്രമായ ഒരു പ്രേമനുഭവമാണ് ഞാൻ വിവരിക്കാൻ പോകുന്നത്. ഒരു കാര്യം നേരത്തെ പറയാം. സതി സാവിത്രിമാരും മര്യാദാ പുരുഷോത്തമന്മാരും ഇത് വായിക്കരുത്. വായിച്ചാലുണ്ടാകാവുന്ന സദാചാര ഭ്രംശങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല. അറിയാമല്ലോ . ചാരിത്ര്യമെന്ന സംഗതി പരക്കെ മലിനീകരണം നേരിടുന്ന കാലമാണിത്. പാതിവ്രത്യം കണികാണാനില്ല ഭർത്താക്കന്മാർ വീട്ടിലില്ലാത്ത നേരത്ത് ഭാര്യമാർ ഇ-മെയിലും സെൽഫോണും , ലാൻഡ്ഫോണും വഴി എന്തൊക്കെ കൊള്ളരുതായ്മകളാണ് ചെയ്തു കൂട്ടുന്നത്. മറ്റൊരംബുജാക്ഷിയെ തൊടാത്ത ശ്രീരാമ ചന്ദ്രന്മാർക്കും , തൊട്ടാൽ പൊള്ളുന്ന സതീരത്നങ്ങൾക്കും അടിപടലെ വംശ നാശം വന്നു. കുലീന കുലനാരികളെ അഭിവാദ്യം ചെയ്യുന്ന കഥകൾ എഴുതണമെന്നുണ്ട്. പക്ഷെ കഥ ജീവിതമല്ലല്ലോ. ജീവിതം നമുക് എങ്ങിനെ അവസാനിപ്പിക്കാം. പരിണാമ ഗുപ്തിയെവിടെ എന്ന് ഒരു പട്ടിയും ചോദിക്കാനില്ല. പക്ഷെ കടലാസിൽ കഥയുടെ വഴി പാറമേൽ സർപ്പത്തിന്റെ വഴി പോലെയാണ്. തോന്നും വഴി ഇഴയും. വഴി പിഴച്ചാൽ വായനക്കാർ വാളെടുക്കും. വഴിയേ പോയ മേരിക്കുട്ടികളൊക്കെ കേറി നിരൂപണം നടത്തും.
അതുകൊണ്ട് പുസ്തകത്തിന്റെ ആമുഖത്തിൽ തന്നെ മീര മുന്നറിയിപ്പ് തന്നിട്ടുണ്ട്. ജാഗ്രത പാലിക്കാൻ. ഇനിയും സമയമുണ്ട്. പുസ്തകം വായിക്കാതിരിക്കാൻ. അതല്ലെങ്കിൽ അവനവന്റെ ചാരിത്ര്യവും , മനസ്സമാധാനവും താഴെ വീണുപോകാതെ മുറുകെ പിടിക്കേണ്ടത് വായനക്കാരുടെ ഉത്തരവാദിത്വമാണ്. മുന്നോട്ടുള്ള വായന ആത്മബലമുള്ളവർക്കു മാത്രം. കെ ആർ മീരയുടെ ‘മീരയുടെ നോവെല്ലകൾ.’
പെണ്ണിന്റെ ലോകം നിരവധി തരം യുദ്ധങ്ങൾ നടക്കുന്ന ഒരു മേഖലയാണെന്ന് ഈ നോവെല്ലകള് നമ്മെ ഓര്മ്മപ്പെടുത്തുന്നു. തോല്ക്കുന്നതും വിജയിക്കുന്നതുമായ ഈ യുദ്ധത്തില് പോരാട്ടമെന്നതാണ് പ്രധാനമെന്നും ഇവ വിളിച്ചുപറയുന്നു. വേട്ടക്കാരും ഇരകളും മാറിമറയുന്ന പുതുലോകത്തിന്റെ ആഖ്യാനങ്ങൾ . യൂദാസിന്റെ സുവിശേഷം, മാലാഖയുടെ മറുകുകൾ , കരിനീല, ആമരത്തെയും മറന്നു മറന്നു ഞാൻ , മീരാസാധു എന്നി ലഘുനോവലുകളുടെ സമാഹാരം. വളരെ വിചിത്രമായ ഒരു പ്രേമനുഭവമാണ് ഞാൻ വിവരിക്കാൻ പോകുന്നത്.
അഴിക്കുന്തോറും കൂടിക്കുഴഞ്ഞ് കുരുക്കുകള് വീണ് വായനയുടെ ചേതനയില് ചുറ്റിപ്പടരുന്ന വിദ്യുത്ലതികയാണ് കെ ആർ മീരയുടെ എഴുത്തുകൾ. ഈ സമാഹാരത്തിലെ ‘കരിനീല’യും ‘മീരസാധു’വും വായനക്കാരുടെ ഹൃദയത്തെ അള്ളിപ്പിടിക്കുന്നു. അസ്വസ്ഥജനകമായ അനുഭവബോധങ്ങളുടെ മുറിവുകള് സൃഷ്ടിച്ച് ജീവിതത്തിന്റെ നീറ്റല് എന്താണെന്ന് അറിയുന്നു.
പ്രണയത്തിന്റെ അത്യഗാധമായ ഭാവങ്ങളാണ് മീര ആവിഷ്ക്കരിക്കുന്നത്. പ്രണയത്തിന്റെ പര്ണ്ണശാലകളും കൊടുംകാടുകളും വന്യമായ ഏകാന്തതയും കടലാഴങ്ങളും ഗിരിശൃംഗങ്ങളും എല്ലാം കൂടി ഉന്മാദത്തിന്റെ കുന്നുകളിലും താഴ്വരകളിലും ചിന്നിച്ചിതറിയൊഴുകുന്ന പ്രവാഹിനിയുടെ പ്രചണ്ഡമായ ചുറ്റിഒടുങ്ങലാണത്. ജന്മാന്തരങ്ങളുടെ അന്വേഷണമാണ് മീരയ്ക്ക് പ്രണയം. ആ മരത്തെയും മറന്നു ഞാൻ എന്ന നോവലിൽ രതിയുടെ അടിയൊഴുക്കുകളുണ്ട്. ഇവിടെ രതിക്ക് നിറമില്ല. ഈ നോവലിൽ നിന്ന് നിറങ്ങൾ ചോർന്നു പോയിരിക്കുന്നു.മലയാള നോവലിൽ നാം ഇതുവരെ കണ്ടിട്ടില്ലത്ത ഒരു ഭാഷയും ഘടനയും മീര ഈ കൃതിയിൽ പരീക്ഷിക്കുന്നുണ്ട്. ഉരുകി തിളച്ച് കരകളെ തൊട്ടുപൊള്ളിച്ച് വരുന്ന സൗന്ദര്യ പ്രവാഹം പോലെ എഴുത്ത് കൊണ്ട് നമ്മെ വിസ്മയിപ്പിക്കുകയാണ് കെ ആർ മീര.
മീരയുടെ നോവെല്ലകൾ പതിനൊന്നാം പതിപ്പ് പുറത്തിറങ്ങി. ഡി സി ബുക്സിന്റെ എല്ലാ ശാഖകളിലും പുസ്തകം ഇപ്പോൾ ലഭ്യമാണ്. കെ ആർ മീരയുടെ ഞങ്ങൾ പ്രസിദ്ധീകരിച്ച കൃതികൾ