ഇരുന്നൂറ് വര്‍ഷം മുമ്പ് സുറിയാനി ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ബൈബിള്‍ പുനഃപ്രകാശനം ചെയ്യുന്നു. എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ മത്ഥിയാസാണ് ബൈബിള്‍ പുനഃപ്രകാശനം ചെയ്യുന്നത്. പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ബൈബിള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പുലിക്കാട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് ഒന്നാമന്‍ തിരുമേനിയുടെ ചരമദ്വിശാബ്ദിയോടനുബന്ധിച്ചാണ് ബൈബിള്‍ പുനഃപ്രകാശനം ചെയ്യുന്നത്.
1811 ല്‍ പുറത്തിറങ്ങിയ ബൈബിളിന്റെ അതേ രൂപകല്‌നയോടെയാണ് വീണ്ടും പ്രകാശിപ്പിക്കുന്നത്. പുലിക്കോട്ടില്‍ തിരുമേനിയും കായംകുളം ഫിലിപ്പോസ് റമ്പാനും ചേര്‍ന്നെഴുതിയ ബൈബിളാണ് മലയാളഭാഷയില്‍ അച്ചടിച്ച ആദ്യഗ്രന്ഥമെന്ന് ചരിത്രകാരനും ഗവേഷകനുമായ ഫാഡോ. ജോസഫ് ചീരന്‍ പറയുന്നു. മുംബൈയില്‍ തീര്‍ത്ത, മലയാളഭാഷ കൊത്തിയ കല്ലച്ചിലാണ് ബൈബിള്‍ അച്ചടിച്ചത്. കൊറിയര്‍ പ്രസ്സില്‍ ആംഗലേയ മിഷനറി ക്ലോഡിയോസ് ബുക്കാനന്റെ സാമ്പത്തിക സഹായത്തോടെയാണ് ബൈബിള്‍ മലയാളനാട്ടിലേക്ക് കൊണ്ടുവന്നത്.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായാണ് ബൈബിള്‍ ഏറ്റുവാങ്ങുന്നത്.