കുട്ടികള്‍ക്കും കുട്ടികളെ സ്‌നേഹിക്കുന്നവര്‍ക്കും വേണ്ടി എന്ന ഉപശീര്‍ഷകത്തോടെയാണ് ജോഹന്ന സ്‌പൈറി തന്റെ ബാലസാഹിത്യ കൃതികളില്‍ ഏറ്റവും പ്രശസ്തമായ ‘ഹൈദി’ (1880) എഴുതിയത്. ‘ഹൈദി’ (Heidi) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ നോവലിന്റെ മുഴുവന്‍ പേര് ‘ഹൈദീസ് ഇയേഴ്‌സ് ഓഫ് വാണ്‍ഡെറിങ് ആന്‍ഡ് ലേണിങ്’ (Heidi’s Years of Wandering and Learning) എന്നാണ്. സ്വയം പ്രകാശിക്കുകയും മറ്റുള്ളവരെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന ഹൈദി എന്ന ബാലികയുടെ ജീവിതകഥയാണ് ജോഹന്ന സ്‌പൈറി അവതരിപ്പിക്കുന്നത്.
അനാഥയായ ഹൈദിയെ (അദെല്‍ഹൈട് എന്നാണ് അവളുടെ ശരിക്കുള്ള പേര്) അമ്മായി ഡിറ്റിയാണു വളര്‍ത്തിയത്. അഞ്ചു വയസ്സായപ്പോള്‍ ഹൈദിയെ അമ്മായി പര്‍വതപ്രദേശത്തു താമസിക്കുന്ന അപ്പൂപ്പന്റെ അടുത്തു കൊണ്ടുചെന്നാക്കി. മറ്റു മനുഷ്യരുമായി ബന്ധമില്ലാതെ ഒറ്റയ്ക്കു ജീവിക്കുന്ന അപ്പൂപ്പന് ഹൈദിയുടെ വരവ് ഇഷ്ടമായില്ലെങ്കിലും താമസിയാതെ അവള്‍ അദ്ദേഹത്തിന്റെ ഹൃദയം കീഴടക്കി. ആട്ടിടയനായ ബാലന്‍ പീറ്ററുമായും ഹൈദി ചങ്ങാത്തം സ്ഥാപിച്ചു. മൂന്നുവര്‍ഷത്തിനുശേഷം അമ്മായി ഹൈദിയെ കൂട്ടിക്കൊണ്ടുപോകുന്നു. സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നു ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കായിരുന്നു യാത്ര. അവിടത്തെ ഒരു ധനിക കുടുംബത്തിലെ പന്ത്രണ്ടുകാരിയായ ക്ലാര സീസ്മന് കളിക്കൂട്ടായാണ് ഹൈദിയെ കൊണ്ടുപോയത്. നടക്കാന്‍ ശേഷിയില്ലാത്തവളായിരുന്നു ക്ലാര. ഒരു വര്‍ഷം അവിടെ ചെലവിട്ട ഹൈദി വീട്ടിലേക്കു പോകാന്‍ ആഗ്രഹിച്ചു. അവള്‍ രോഗിയായി. സ്വപ്നാടനവും തുടങ്ങി. ക്ലാരയുടെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഹൈദിയെ മടക്കിയയച്ചു. അവള്‍ തിരിച്ചെത്തിയതോടെ അപ്പൂപ്പനും സന്തോഷമാകുന്നു. അദ്ദേഹം തന്റെ ഏകാന്തവാസം വെടിഞ്ഞു. പീറ്ററിനെ അവള്‍ എഴുത്തും വായനയും പഠിപ്പിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഹൈദിയെ കാണാന്‍ ക്ലാര എത്തി. പര്‍വതപ്രദേശത്തെ ശുദ്ധവായുവും ആട്ടിന്‍പാലും ഹൈദിയുടെയും പീറ്ററിന്റെയും സൗഹൃദവും ക്ലാരയുടെ ആരോഗ്യം മെച്ചപ്പെടുത്തി. അവളുടെ വീട്ടുകാര്‍ക്കും സന്തോഷമായി. ക്ലാരയുടെ വീല്‍ചെയര്‍ ഒരിക്കല്‍ പീറ്റര്‍ മലമുകളില്‍നിന്നു താഴെയിട്ടു പൊട്ടിച്ചു. പക്ഷേ, അതു ഗുണകരമായിമാറി. വീല്‍ച്ചെയറില്ലാതെ ക്ലാര നടക്കാന്‍ പഠിച്ചു. ക്ലാരയുടെ കുടുംബം ആനന്ദഭരിതമായി. ഹൈദിയെ ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായി.
ജോഹന്ന സ്‌പൈറി 1827 ജൂണ്‍ 12-നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിനടുത്തുള്ള ഹിര്‍സെലില്‍ ജനിച്ചു. ജീവിതത്തിലെ പ്രതിബന്ധങ്ങള്‍ക്കിടയില്‍വന്നുവീണ ഏകാന്തതയില്‍നിന്നു രക്ഷപ്പെടാനാണ് ജോഹന്ന എഴുത്തിലേക്കു തിരിഞ്ഞത്. 1871-ല്‍ അവരുടെ ആദ്യകഥ (A Leaf on Vrony’s Grave) അച്ചടിച്ചുവന്നു. ജെ.എസ്. എന്ന പേരിലായിരുന്നു കഥയുടെ പ്രസിദ്ധീകരണം. അതോടെ ജോഹന്ന തുടര്‍ച്ചയായി എഴുതാന്‍ തുടങ്ങി. പ്രധാനമായും കുട്ടികളെ ഉദ്ദേശിച്ചുള്ളവയായിരുന്നു ആ കഥകള്‍. 1880-ല്‍ ‘ഹൈദി’ പ്രസിദ്ധീകരിച്ചു. സ്‌കൂളില്‍ ഒപ്പം പഠിച്ച അന്ന എലിസ ഫൊണ്‍ സാലിസ്–ഹൂസിലിന്റെ വീട്ടില്‍ ഒരു ഒഴിവുകാലത്ത് കുറച്ചുനാള്‍ താമസിച്ച അനുഭവത്തില്‍നിന്നു പ്രചോദനം നേടിയതാണ് ജോഹന്ന സ്‌പൈറി ‘ഹൈദി‘ രചിച്ചത്. പെട്ടെന്നുതന്നെ അതു ജനപ്രീതിനേടി. 1901 ജൂലൈ 7-ന് ജോഹന്ന സ്‌പൈറി അന്തരിച്ചു.
‘കോര്‍ണെല്ലി’ , ‘എറിക്കും സാലിയും’ , ‘ഗ്രിറ്റ്‌ലിയുടെ മക്കള്‍’ , ‘മെയ്‌സ്‌ലി: സ്വിസ് താഴ്‌വരകളുടെ കഥ’, വെറോണിക്കയും മറ്റു കൂട്ടുകാരും’തുടങ്ങി ഒട്ടനവധി കൃതികള്‍ ജോഹന്ന സ്‌പൈറി രചിച്ചിട്ടുണ്ട്.