എന്താണ് കല? കലാസ്വാദനം എങ്ങനെ/ എത്രതരം ?ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് പണ്ടേക്കുപണ്ടേ പണ്ഡിതര്‍ ഉത്തരം നല്‍കിയിട്ടുള്ളതാണ്. “കല കലയ്ക്കുവേണ്ടി”, “കല ജീവിതത്തിനുവേണ്ടി” എന്നിങ്ങനെയുള്ള തത്വചിന്തകളും അവതരിപ്പിക്കപ്പെട്ടു. അതില്‍ പാശ്ചാത്യമെന്നോ പൗരസ്ത്യമെന്നോ ഇല്ല. നമ്മുടെ കുട്ടികൃഷ്ണമാരാരും, മുണ്ടശ്ശേരിയുമെല്ലാം വാദിച്ചതും ഇതുതന്നെയാണ്. എന്നാല്‍ കാലം കടന്നുപോയിരിക്കുന്നു. മനുഷ്യരുടെ കലാവാസനയിലും കലാസ്വാദനത്തിലും വ്യത്യാസം വന്നിരിക്കുന്നു. എല്ലാത്തിനും ഒരു ഉത്തരാധുനികതയുടെ ഗന്ധം..! പക്ഷേ എവിടെയാണ് കലകള്‍ക്ക് മാറ്റം സംഭവിച്ചത്. പണ്ടുള്ളതില്‍ നിന്ന് എന്തുവ്യത്യാസമാണവയ്ക്ക് എടുത്തുപറയാനുള്ളത്..? കലയും കച്ചവടവും ബിനാലേകളും തീര്‍ക്കുന്ന അടയാളപ്പെടുത്തലുകള്‍ എന്തൊക്കെയാണ്..? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് കലയുടെ നവലോകം എന്ന പുസ്തകത്തിലൂടെ കവിതാ ബാലകൃഷ്ണന്‍.
മാറുന്ന കലാരംഗത്തെ വിലയിരുത്തിക്കൊണ്ടുള്ള ലേഖന സമാഹാരമാണ് കലയുടെ നവലോകം. ആധുനികത ചുട്ടുമിന്നിച്ച കാലം മുതലുള്ള കലയുടെ പൊതുമണ്ഡലനിര്‍മ്മിതിയെ വിശദമായി പഠിക്കുന്നതോടൊപ്പം പുതിയകാലത്തെ പെരുകുന്ന കലാലോകത്തെക്കുറിച്ചും ആഴത്തിലുള്ള പഠനങ്ങളാണ് ഈ ലേഖനസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വ്യത്യസ്ത നവലോകങ്ങളെക്കുറിച്ചുള്ള ഇരുപത്തിയൊന്ന് ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. വെറും ആസ്വാദനകുറിപ്പുകളോ, സൗന്ദര്യചിന്തയോ, അതിന്റെ രാഷ്ട്രീയമോ ഒരോ നിലയ്ക്ക് ഒറ്റയ്‌ക്കെടുത്ത് എഴുതുന്ന രീതിയുമല്ല ഈ പുസ്തകത്തില്‍ അവംലംഭിച്ചിരിക്കുന്നത്. മറിച്ച് ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ഉണ്ടാകുന്ന കലയെ കുറേക്കൂടി വിശാലവും ചരിത്രപരമായ വ്യാവഹാരികതയും അതിനോടുള്ള കാലികസമീപനങ്ങളുമാണ് ഇതിലെ ലേഖനങ്ങള്‍.
ചിത്രകലയും ദൃശ്യകലയും വാസ്തുകലയും എല്ലാം ഇവിടെ പഠനവിഷയമാക്കിയിട്ടുണ്ട് കവിത. മാത്രമല്ല ഇൗരംഗത്ത് ശ്രദ്ധേയരായവരെക്കുറിച്ചുള്ള സൂചനകളും അവരുടെ സൃഷ്ടികളുടെ പ്രത്യേകതകളും വിവരിച്ചിരിക്കുന്നു. സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും, ഗവേഷകര്‍ക്കുമെല്ലാം സഹായകമായുന്ന തരത്തില്‍ പഠിച്ച് തയ്യാറാക്കിയ ലേഖനങ്ങളാണ് ഇവയെല്ലാം. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കലയുടെ നവലോകം ഇപ്പോള്‍ വിപണികളില്‍ ലഭ്യമാണ്.
ചിത്രകാരിയും കവിയും കലാഗവേഷകയും എഴുത്തുകരിയുമാണ് ഡോ.കവിതാ ബാലകൃഷ്ണന്‍. ബറോഡയിലെ എം എസ് സര്‍വ്വകലാശാലയില്‍നിന്ന് കലാചരിത്രത്തിലും സൗന്ദര്യശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം. 2009 ല്‍ മലയാള ആനുകാലികങ്ങളിലെ ചിത്രീകരണവ്യവഹാരത്തെക്കുറിച്ച് എംജി സര്‍വ്വകാലശാലയുടെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍നിന്നു ഡോക്ടറേറ്റ്. “ആര്‍ത്തേക് അനുഭവങ്ങള്‍” എന്ന സേവിയറ്റ് യാത്രാനുഭവങ്ങളുടെ വിവരണമാണ് ആദ്യപുസ്തകം. കേരളത്തിലെ ചിത്രകലയുടെ വര്‍ത്തമാനം എന്ന പുസ്തകത്തിന് 2007ലെ മികച്ച കലാനിരൂപണ ഗ്രന്ഥത്തിനുളള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. ഇപ്പോള്‍ തൃശ്ശൂര്‍ ഗവ. കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ കലാചരിത്ര അധ്യാപികയാണ് കവിത ബാലകൃഷ്ണന്‍. “ഞാന്‍ ഹാജരുണ്ട്” എന്ന കവിതാസമാഹാരം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.