പ്രശസ്ത അര്‍ബുദ ചികിത്സാവിദഗ്ദ്ധന്‍ ഡോ.വിപി ഗംഗാധരൻ ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായപ്പോൾ ആശുപത്രിക്കിടക്കിയില്‍ വച്ചെഴുതിയ കുറിപ്പ് . മെയ് ഒന്നിന് നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡോ. പി വി ഗംഗാധരൻ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.
ഇന്നത്തെ സ്നേഹഗംഗ കാര്‍ഡിയാക് ഐ.സി.യു.വില്‍ നിന്നാണ്. ഡോക്ടറായിട്ടല്ല. മറിച്ച് ഒരു രോഗിയായിട്ട്. ഏപ്രില്‍ 23 ന് പുലര്‍ച്ചെ 1.30ന് ഒരു ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടു. 10 മിനിറ്റിനകം മാറുകയും ചെയ്തു. എന്നാലും ഹോസ്പിറ്റലില്‍ പോയി. പ്രത്യേക പരിശോധനകളില്‍ വലിയ പ്രശ്നങ്ങളില്ല. രാത്രി കഴിച്ച ചക്ക ഉപ്പേരിയെ പ്രതിയാക്കി ഞാന്‍ സമാധാനിച്ചു. എന്നാലും കുറച്ചുകൂടി പരിശോധനകള്‍ക്കായി രാത്രി ഹോസ്പിറ്റലില്‍ തങ്ങി.
തുടര്‍ പരിശോധനകള്‍ നടത്തണം. രാവിലെ ഹോസ്പിറ്റല്‍ വിടുമ്പോള്‍ ഡോക്ടര്‍ ഓര്‍മിപ്പിച്ചു. തുടര്‍ന്ന്… കാറില്‍ യാത്ര. ആലപ്പുഴയ്ക്കടുത്ത് കാന്‍സര്‍ ബോധവത്കരണ ക്ലാസ്. അവിടെ നിന്നും കായംകുളത്തെത്തി തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ യാത്ര. ക്രിസോസ്റ്റം തിരുമേനിയുടെ പേരിലുള്ള ആദ്യത്തെ അവാര്‍ഡ് ഏറ്റുവാങ്ങാന്‍. തിരികെ രാത്രിയില്‍ എറണാകുളത്തേക്ക് ഫ്ലൈറ്റില്‍. കൊച്ചുമകളുടെ ആദ്യത്തെ പിറന്നാളാഘോഷം.
ലഘുവായിട്ടാണെങ്കിലും തിരക്കേറിയ ചൊവ്വാഴ്ച. വൈകിട്ട് കുട്ടിപ്പോലീസുകാര്‍ക്ക് ആലപ്പുഴയില്‍ ക്ളാസ്. ബുധനാഴ്ച രാവിലെ തൃശ്ശൂര്‍ക്ക്. എളങ്ങള്ളൂര്‍ മനയില്‍ സപ്താഹയജ്ഞ അവാര്‍ഡ് ഏറ്റുവാങ്ങാന്‍. കൈതപ്രത്തിനോടൊപ്പം വേദി പങ്കിട്ടു. മാളവികയുമുണ്ടായിരുന്നു. പാടാന്‍ സാധിക്കുകയില്ല എന്ന് ദുഃഖപൂര്‍ണമായി അറിയിച്ചു. കൈതപ്രത്തിനെ കൊണ്ട് രണ്ട് ഗാനങ്ങള്‍ ആലപിപ്പിക്കുവാന്‍ സാധിച്ചു.
വൈകിട്ട് ഹോസ്പിറ്റലില്‍. വാര്‍ഡ് സന്ദര്‍ശനം. അപ്പോള്‍ത്തന്നെ തീരുമാനമെടുത്തു. മെയ് 1ന് കൊറോണറി ആന്‍ജിയോഗ്രാം ചെയ്യണം.പക്ഷേ, അന്ന് രാത്രിയില്‍ത്തന്നെ… ബുധനാഴ്ച രാത്രിയോടെ നെഞ്ചുവേദന വീണ്ടും അനുഭവപ്പെട്ടു. പൂര്‍വാധികം ശക്തിയോടെ. ഇക്കുറി എനിക്കുറപ്പായിരുന്നു ഇത് കാര്‍ഡിയാക് പെയ്ന്‍ ആണ്. 3-ാം വര്‍ഷം എം.ബി.ബി.എസ്സിന് ജോര്‍ജ് ജേക്കബ് എന്‍. പഠിപ്പിച്ച വാക്കുകള്‍. pain with impending death. അതെന്താണെന്ന് ഞാനറിഞ്ഞു. ഒരു ആംബുലന്‍സ് ഡ്രൈവറേക്കാള്‍ വേഗത്തില്‍ ചിത്ര എന്നെ ആശുപത്രിയിലെത്തിച്ചു. ഒരു കൈകൊണ്ട് എന്റെ പള്‍സ് പരിശോധിച്ചു. മറ്റേ കൈകൊണ്ട് കാര്‍ സ്റ്റിയറിങ് നിയന്ത്രിച്ചും, ഉറക്കെ നാമ ജപത്തോടെ. മിനിറ്റുകള്‍ക്കകം വിലയേറിയ ഒരു ‘കാര്‍ഡിയാക് സ്റ്റെന്റിന്’ ഞാന്‍ അവകാശിയായി- ഇന്ന് ഞാന്‍ പണ്ടത്തേക്കാള്‍ ‘വിലയേറിയ’ ഒരു മനുഷ്യനായിരിക്കുന്നു.
ഐ.സി.യു.വിലേക്ക് മാറ്റിയത് ഞാന്‍ ഓര്‍ക്കുന്നു. ശരീരത്തിനും മനസ്സിനും ആശ്വാസം തരുന്ന ഒരു മുറിയായിട്ട് മാത്രമേ എനിക്ക് ഐ.സി.യു.വിനെ കാണാന്‍ സാധിച്ചുള്ളൂ. എല്ലാവരും പരിചയമുള്ള മുഖങ്ങള്‍. സാറിനെ ഞങ്ങള്‍ പെട്ടെന്ന് സാറിന്റെ ഒ.പി.യിലേക്ക് വിടുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചുകൊണ്ടിരുന്നു നേഴ്‌സുമാര്‍. ഡോ. സിബിയും ഡോ. ആനന്ദുമടക്കം 24 മണിക്കൂറും എനിക്കുവേണ്ടി തയ്യാറെടുത്ത് നില്‍ക്കുന്ന ഒരു പറ്റം ഡോക്ടര്‍മാര്‍, ആശുപത്രി അധികൃതര്‍, ജീവനക്കാര്‍.
ഭാര്യയും മക്കളും മരുമകളും, രോഗികള്‍ ഉള്‍പ്പെടുന്ന ഒരു വലിയ സുഹൃദ് വലയവും…. അവരുടെ പ്രാര്‍ത്ഥനകള്‍ ഞാന്‍ അറിയുന്നുണ്ടായിരുന്നു. കൊന്തയുടെയും സംസം വെള്ളത്തിന്റെയും കുങ്കുമ ചന്ദനത്തിന്റേയും രൂപത്തില്‍ അത് പലപ്പോഴും എന്നിലെത്താറുമുണ്ടായിരുന്നു.ഇത്രയധികം മനസ്സുകള്‍ എനിക്ക് വേണ്ടിയുണ്ടെങ്കില്‍ ഞാനെന്തിന് വേവലാതിപ്പെടണം ? ഞാന്‍ ഇന്നും അതേ പഴയ ഡോ. ഗംഗാധരന്‍…. ഗംഗ…ഗംഗ… തന്നെ.
ഞാന്‍ ഇനിയും ധാരാളം മനസ്സിലാക്കാനും പഠിക്കാനുമുണ്ടെന്ന് തിരിച്ചറിയുന്നു. ഓരോ ഡോക്ടര്‍ക്കും ഒരു രോഗിയുടെ അവസ്ഥയില്‍ ഒരു ഹോസ്പിറ്റലില്‍ കിടക്കാനുള്ള ‘ഭാഗ്യം’ വേണം. ഒരു വലിയ തിരിച്ചറിവ്, മാറ്റത്തിന് അത് വഴിതെളിക്കും. ഓരോ പ്രാവശ്യവും രക്തപരിശോധനയ്ക്ക് സൂചി കുത്തുമ്പോള്‍ ഞാന്‍ ഓര്‍ക്കും, എന്റെ കൊച്ചുകുട്ടികള്‍ അനുഭവിക്കുന്ന വേദന…. അങ്ങനെ ഓരോന്നും.
പക്ഷേ, എനിക്ക് സങ്കടങ്ങളൊന്നുമില്ല. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഞാന്‍ തിരികെ വരും. ഞാനെന്നുമിഷ്ടപ്പെടുന്ന എന്റെ രോഗികള്‍ക്കിടയിലേക്ക്. രോഗികളല്ലാത്തവരുടെ ഇടയിലേക്ക്, സുഹൃദ്വലയത്തിലേക്ക്. ചെയ്ത് തീര്‍ക്കാനുണ്ട് ഇനിയും ഒത്തിരി ഒത്തിരി കാര്യങ്ങള്‍…
എനിക്ക് വന്ന ഒരു ചെറിയ വലിയ തെറ്റിലും എനിക്ക് ദുഃഖമില്ല. കൈതപ്രത്തിന് മനസ്സിന് ധൈര്യമേകി, ആ കൈകളില്‍ മുറുക്കെപ്പിടിച്ച് ഗാനമാലപിപ്പിക്കാന്‍ സാധിച്ചു എന്ന ഒരൊറ്റ സംഗതി മതി മനസ്സിനെ സന്തോഷിപ്പിക്കാന്‍.
സംഭവാമി യുഗേ യുഗേ… എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ…
കടപ്പാട് : മാതൃഭൂമി