മെയ് 14 മദേഴ്സ് ഡേ, അതേ അമ്മമാര്‍ക്കായിമാത്രം ഒരു ദിനം…!
അമ്മ എന്നത് കേവലം രണ്ടക്ഷരമല്ല മറിച്ച് സാര്‍വ്വലൗകികമായ ഒരു വികാരമാണ്. ഒരോ മനുഷ്യന്റെയും മനസ്സിനെ തൊടുന്ന വികാരം. മാതൃത്വത്തെ അറിഞ്ഞും അനുഭവിച്ചും പ്രകീര്‍ത്തിച്ചുിമൊക്കെയാണ് ലോകത്ത് വായനയും എഴുത്തും വളര്‍ന്നതും പടര്‍ന്ന് പന്തലിച്ചതും. എങ്കിലും എത്ര വര്‍ണ്ണിച്ചാലും മതിവരാത്ത വികാരമാണ് അമ്മ എന്ന സത്യം. മനുഷ്യന്റെ ഭാഷ വളര്‍ന്നത് അമ്മയോട് സംസാരിക്കാന്‍ പഠിച്ചിട്ടാണെന്ന് ലിയോ ടോള്‍സ്‌റ്റോയിയും മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മധുരമായ പദമാകുന്നു അമ്മ… അത് പ്രീക്ഷയും സ്‌നേഹവുംകൊണ്ട് നിര്‍ഭരമായ പദമാകുന്നു. ഹൃദയത്തിന്റെ അഗാധതയില്‍നിന്നുവരുന്ന മധുരോദാരമായ പദം എന്ന് ഖലീല്‍ ജിബ്രാനും പറഞ്ഞിട്ടുണ്ട്.
നമ്മുടെ വളര്‍ച്ചയുടെ എല്ലാമെല്ലാമായ അമ്മയെക്കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരില്ല…അത്രയ്ക്കാണ് അവര്‍ നമുക്കായ് ചെയ്തനന്മകള്‍. ഈ മദേഴ്സ് ഡേയില്‍ പ്രശസ്ത അര്‍ബുദരോഗവിദഗ്ധന്‍ ഡോ.വിപി ഗംഗാധരൻ തന്റെ അമ്മയെ സ്മരിക്കുന്നു..(ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അമ്മയ്ക്കായ് എന്ന പുസ്തകത്തില്‍ നിന്ന്)
‘എന്നെ ഞാനാക്കിയ അമ്മ’- ഡോ.വിപി ഗംഗാധരൻ
പ്രൈവറ്റ് പ്രാക്ടീസ് എന്ന മറയുപയോഗിച്ച് ആര്‍.സി.സി.യിലെ അധികാരികള്‍ എന്നെ വേട്ടയാടാന്‍ ശ്രമിക്കുന്ന കാലഘട്ടം. തിരുവനന്തപുരം സിറ്റിയില്‍ പോയി രാത്രി ഏഴു മണിയോടെ തിരികെ വീട്ടിലെത്തിയപ്പോള്‍ തിണ്ണയില്‍ മൂടിപ്പുതച്ചു കിടക്കുകയാണ് പാലക്കാട്ടുകാരനായ ഒരു പതിന്നാലുവയസ്സുകാരന്‍. ഞാന്‍ ചികിത്സിക്കുന്ന ഒരു രക്താര്‍ബ്ബുദരോഗി. കൂടെ അവന്റെ അച്ഛനുമുണ്ട്. ‘സാറ് മോനെ ഒന്നു പരിശോധിക്കണം.’ ഒരാഴ്ചയായി അവന് പനിയാണ്. അവന്റെ അച്ഛന്‍ പറഞ്ഞു. എന്റെ വീടിനടുത്തുതന്നെ, എനിക്കു വേണ്ടി വലവിരിച്ചിരിക്കുന്ന ഒരു വിജിലന്‍സ് ഓഫീസറുണ്ടെന്ന് വ്യക്തമായി അറിയാമായിരുന്ന ഞാന്‍, കൂടെയുണ്ടായിരുന്ന എന്റെ അമ്മയോട് പറഞ്ഞു,’നമ്മുടെ വീടിന്റെ തിണ്ണയില്‍ പനി ബാധിച്ച് കിടന്നുറങ്ങുന്ന ഈ രോഗിയെ വീട്ടില്‍ വച്ച് പരിശോധിച്ചാല്‍ ഞാന്‍ ചിലപ്പോള്‍ ജയിലില്‍ പോകേണ്ടി വരും.’
‘നീ അവനെ പരിശോധിക്കണം. അതിന്റെ പേരില്‍ നീ ജയിലില്‍ പോകേണ്ടി വന്നാല്‍ ഞാന്‍ സന്തോഷിക്കും. അഭിമാനം കൊള്ളും.’ അമ്മയുടെ വാക്കുകളാണ്. ഇതാണ് എന്റെ അമ്മ. ശരിയെന്നു തോന്നുന്ന എന്തും ധൈര്യത്തോടെ ചെയ്യാന്‍ എന്നെ പാകപ്പെടുത്തിയ എന്റെ അമ്മ. ആ അമ്മയ്ക്ക് ഈ മകന്റെ ഒരായിരം പ്രണാമം. ഞാന്‍ ഒരു ഡോക്ടറായതുതന്നെ അമ്മയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണെന്നു പറയാം. എന്നെ ഒരു ബിസിനസ്സുകാരനാക്കണമെന്നായിരുന്നു അച്ഛന്റെ മോഹം. എനിക്കാണെങ്കില്‍ പ്രത്യേകിച്ച് ഒരാഗ്രഹവും ഇല്ലായിരുന്നു. ഞാന്‍ ജനിക്കുന്നതിനു മുമ്പേ മരിച്ചുപോയ അമ്മയുടെ ജ്യേഷ്ഠസഹോദരന്‍ ഡോക്ടറായിരുന്നു–ഡോക്ടര്‍ ഗംഗാധരമേനോന്‍. പട്ടാളത്തിലും പിന്നീട് സര്‍ക്കാര്‍ സര്‍വ്വീസിലും ഉണ്ടായിരുന്ന ആ അമ്മാവനെക്കുറിച്ച് അമ്മയ്ക്കു വലിയ മതിപ്പായിരുന്നു. നീ അതുപോലെ ഒരു ഡോക്ടറാകണം, ആ പേര് നീ അന്വര്‍ത്ഥമാക്കണം. അമ്മയുടെ ആ വാക്കുകള്‍ എന്റെ ചെവിയില്‍ ഒരു മന്ത്രംപോലെ മുഴങ്ങിക്കൊണ്ടേയിരുന്നു.
ഇരിങ്ങാലക്കുടയില്‍ നാഷണല്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലഘട്ടം. ഞാന്‍ വഴിയില്‍ നിന്ന് സിഗരറ്റ് വലിക്കുന്നതു കണ്ടെന്ന് ഒരാള്‍ അമ്മയെ ബോധിപ്പിച്ചു. തിരികെ വീട്ടിലെത്തിയ അമ്മ എന്നെ ഒറ്റയ്ക്ക് ഒരു മുറിയിലേക്കു വിളിപ്പിച്ചു, ‘സത്യം പറയണം, നീ സിഗരറ്റ് വലിച്ചോ? വലിച്ചെങ്കില്‍ വലിച്ചെന്ന് പറയാനുള്ള സത്യസന്ധത നീ കാണിക്കണം. അതുപോലെ എന്നെങ്കിലും വലിക്കുകയോ മദ്യപിക്കുകയോ ചെയ്യുകയാണെങ്കില്‍ അത് ആദ്യം നീ വന്ന് എന്നോട് പറയണം.’ ഞാന്‍ അന്ന് സിഗരറ്റ് വലിച്ചില്ലായിരുന്നു. ഒരിക്കലും ഞാന്‍ പുകവലിക്കില്ല. മദ്യപിക്കുകയുമില്ല. അമ്മയ്ക്കു ഞാന്‍ അന്നു കൊടുത്ത വാക്കാണ്. ഇന്നും തെറ്റാതെ പാലിക്കുന്നു.
എന്റെ കുട്ടിക്കാലത്ത് ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമേ അമ്മ എന്റെ കൂടെയുണ്ടായിരുന്നുള്ളൂ. അമ്മയും അച്ഛനും തിരുപ്പൂരായിരുന്നു. ഞാന്‍ പഠിച്ചിരുന്നത് കേരളത്തിലും. അന്ന് ഫോണില്ല, ഇന്റര്‍നെറ്റില്ല… അമ്മയും ഞാനുമായിട്ടുള്ള സമ്പര്‍ക്കം കത്തുകളിലൂടെ മാത്രം. കുട്ടിക്കാലത്ത് ഞാന്‍ അമ്മയെ വളരെയധികം നഷ്ടപ്പെട്ടിരുന്നു എന്ന ഓര്‍മ്മകള്‍ ഇന്നും എന്റെ മനസ്സിനെ നൊമ്പരപ്പെടുത്താറുണ്ട്. ഇടയ്ക്കിടയ്ക്ക് ഞങ്ങളെക്കാണാനെത്തുന്ന അമ്മയുടെ മടിയില്‍ക്കിടന്ന് ഞാന്‍ അമ്മയോട് കഥ പറയാന്‍ ആവശ്യപ്പെടും. അമ്മയുടെ ഇഷ്ടകഥാപാത്രം ശ്രീകൃഷ്ണനായിരുന്നു. അചഞ്ചലമായ മനസ്സോടെ എല്ലാം ധൈര്യപൂര്‍വ്വം നേരിടണം എന്ന വിത്ത് ഞാന്‍ അറിയാതെ എന്റെ മനസ്സില്‍ പാകിയത് ഈ കഥകളിലൂടെയാണ്.
ഇരിങ്ങാലക്കുടയിലെ സ്‌കൂള്‍ജീവിതത്തിനിടയില്‍ വീട്ടില്‍ കള്ളന്‍ കയറിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അമ്മയും അന്ന് എന്റെ കൂടെയുള്ള സമയമാണ്.
ഒരാഴ്ചയോളം പേടിച്ച് രാത്രി മുഴുവനും അമ്മയെ കെട്ടിപ്പിടിച്ചുറങ്ങിയത് ഇന്നലെയെന്നപോലെ എന്റെ മനസ്സില്‍ തെളിഞ്ഞുവരുന്ന ഒരു ചിത്രമാണ്.
അവധിക്കാലം ഞങ്ങള്‍ കാത്തിരിക്കും. തിരുപ്പൂരിലേക്കു പോകാനുള്ള തയ്യാറെടുപ്പാണ്. എന്റെ രണ്ട് ജ്യേഷ്ഠസഹോദരന്മാരും ചേച്ചിയും ഞാനും അവധിക്കാലത്ത് തിരുപ്പൂരെത്തും. വാശി വെച്ച് രാവിലെ ഇഡ്ഡലി തിന്നുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. 15-20 ഇഡ്ഡലി വീതം ഞാനും എന്റെ ജ്യേഷ്ഠന്മാരും കഴിക്കും. ഒരു മടിയുമില്ലാതെ സന്തോഷത്തോടെ ഇതെല്ലാം ഉണ്ടാക്കിത്തന്നുകൊണ്ടിരിക്കും അമ്മ. അങ്ങനെയൊരു ദിവസം ഇഡ്ഡലിപ്പാത്രം മറിഞ്ഞുവീണ് ദേഹമാസകലം പൊള്ളിയ അമ്മയെ ഞാനോര്‍ക്കുന്നു. കരഞ്ഞുകൊണ്ടിരുന്ന എന്നോട് അമ്മ പറഞ്ഞു, എനിക്കൊന്നും പറ്റിയില്ല. നീ ധൈര്യമായിരിക്ക്. അമ്മയുടെ ആ മനോധൈര്യം അച്ഛന്‍ ഞങ്ങളെ വിട്ടുപോയപ്പോഴും ഞാന്‍ കണ്ടതാണ്. 82-ാം വയസ്സില്‍ ഹൃദയശസ്ത്രക്രിയയ്ക്ക് കൊണ്ടുപോകുന്ന സമയത്തും അമ്മ പറഞ്ഞു. നിങ്ങള്‍ ധൈര്യമായിരിക്ക്. എനിക്കെന്തു സംഭവിച്ചാലും ഭയമില്ലെന്ന്.
ഹാരാജാസില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലഘട്ടത്തില്‍ ഞാന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് തിരുപ്പൂര് താമസിച്ചാണ്. ഉറക്കമിളച്ച് പഠിക്കുന്ന രാത്രികളില്‍ കൂട്ടിന് അമ്മയുണ്ടാകും.
ലാളിത്യത്തിന്റെ പര്യായമാണെന്റെ അമ്മ. ഒരിക്കല്‍പ്പോലും അമ്മയ്ക്കായി ഒന്നും അമ്മ ആവശ്യപ്പെടാറില്ല–ഞങ്ങളോടെന്നല്ല, അച്ഛനോടും.
മക്കള്‍ക്കുവേണ്ടി എല്ലാം ഉപേക്ഷിച്ച ഒരമ്മ. പക്ഷേ, തിരക്കേറിയ എന്റെ ജീവിതത്തിനിടയ്ക്ക് അമ്മയ്ക്ക് ഒന്നും തിരിച്ചുനല്‍കാനാകുന്നില്ലെന്ന ദുഃഖം മാത്രം എന്റെ മനസ്സില്‍. അത് മനസ്സിലാക്കാനും പൊറുക്കാനുമുള്ള ഒരു വലിയ മനസ്സ് അമ്മയ്ക്കുണ്ട് എന്നതു മാത്രമാണ് എനിക്കൊരാശ്വാസം. ഒരു വട്ടംകൂടി ഡോക്ടര്‍ ഗംഗാധരനല്ലാതെ അമ്മയുടെ ഗംഗയായി ആ മടിയില്‍ കിടന്നുറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍…