‘ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി’ . മലയാളികള്‍ക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത പേരാണത്. സ്വര്‍ണ്ണനാവുള്ളവന്‍ എന്ന പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് ചിരിയും ചിന്തയും പകര്‍ന്നുതരുന്ന അദ്ദേഹം നമ്മുടെ എല്ലാം മനസ്സില്‍ ചിരപ്രതിഷ്ഠനേടിയിരിക്കുന്നു. ഭാരതീയ സന്ന്യാസത്തിന്റെ പൈതൃകവും യേശുദേവന്റെ നിര്‍മ്മല സ്‌നേഹവും സമന്വയിക്കപ്പെട്ട ആ ചിന്താധാരകള്‍ ജാതിയുടെയും മതത്തിന്റെയും സങ്കുചിതമായ വേലിക്കെട്ടുകളെ ഭേദിക്കുന്നതാണ്. നൂറിന്റെ നിറവില്‍ നില്‍ക്കുന്ന, അനന്യം എന്നു വിശേഷിപ്പിക്കാവുന്ന ആ മഹത്ജീവിതത്തിലെ ചില ഏടുകള്‍ ലേഖനരൂപത്തില്‍ തയാറുമ്പേള്‍ അത് ഒരോ മലയാളിയും വായനക്കാരനും ആകാംഷയോടെയാണ് ഉറ്റുനോക്കുക. മനുഷ്യത്വവും സ്‌നേഹവും നിറഞ്ഞുനില്‍ക്കുന്ന നന്മകളുടെ കഥകളാണ് ഇവയിലോരോന്നിലും അദ്ദേഹത്തിന് പറയാനുണ്ടാവുക. പ്രത്യേകിച്ചും ഒരുപതിറ്റാണ്ടിന്റെ ചരിത്രവും അതിലുണ്ടാകും. ഇപ്പോള്‍ പുസ്തകപ്രേമികളും തിരുമേനിയുടെ ആരാധകരുമെല്ലാം കണ്ണുംനട്ടിരിക്കുന്നത് കഴിഞ്ഞദിവസങ്ങളില്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റ ബാല്യകാലസ്മരണകളിലാണ്. ഇ വി റെജിയുടെ സഹായത്തോടെയാണ് അദ്ദേഹം തന്റെ ബാല്യകാലസ്മരണകള്‍ എഴുതിയിരിക്കുന്നത്.
ഇന്നത്തെ സമൂഹത്തെ നിലനിര്‍ത്തുന്ന മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അതീതനായ വ്യക്തിയും എല്ലാമതസ്തര്‍ക്കും ഒരേപോലെ പ്രിയപ്പെട്ടവനുമാണ് മാര്‍ ക്രിസോസ്റ്റം തിരുമേനി. അങ്ങനെ സര്‍വ്വലോകങ്ങള്‍ക്കും പ്രിയപ്പെട്ടവനായിത്തീരുക എന്ന അത്ഭുതത്തെ വഹിക്കുന്ന.., നല്ല വ്യക്തിത്വത്തിന് ഉടമയായിതീര്‍ന്ന തിരമേനിയുടെ ബാല്യകാലത്തെകുറിച്ചും വളര്‍ച്ചയക്കുറിച്ചും അറിയാനാഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. അതുകൊണ്ടുകൂടിത്തന്നെയാണ് എന്റെ ബാല്യകാല സ്മരണകള്‍ എന്ന പുസ്തകം പുത്തിറക്കിയതും. വിശേഷിച്ച് അദ്ദേഹത്തിന്റെ ബാല്യകാലത്തേക്ക് തിരുഞ്ഞുനോക്കുമ്പോള്‍ വാസ്തവത്തില്‍ നാംകാണുന്നത് മദ്ധ്യതിരുവിതാംകൂറിന്റെ ഒരു ചരിത്രകാലഘട്ടത്തിലെ ജീവിതമാണ്. പ്രത്യേകിച്ച് ക്രിസ്തീയ ജീവിതത്തിന്റെ. അന്നത്തെ കുടുംബജീവിതം, കൃഷി, ഭക്ഷണം, മതം, വാണിജ്യം, വസ്ത്രധാരണം, എന്നിങ്ങനെ സമസ്തവും ഇന്നുള്ളതില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. ഒരുപക്ഷേ, സാംസ്‌കാരിമായി ആ കാലഘട്ടത്തെ ഓര്‍മ്മപ്പെടുത്താനുള്ള പുസ്തകം കൂടിയാണ് എന്റെ ബാല്യകാല സ്മരണകള്‍.
പമ്പയും അച്ഛന്‍കോവില്‍ ആറും, മാരാമണ്‍ കണ്‍വന്‍ഷനും തുടങ്ങി പത്തനംതിട്ടജില്ലയുടെ സാംസ്‌കാരികജീവിതത്തിലെ മിക്കകാര്യങ്ങളും ഈ പുസ്തകത്തില്‍ നിന്നും കണ്ടെത്താവുന്നതാണ്. ഭാഷാപോഷിണി യില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചുവന്ന ഈ ഓര്‍മ്മക്കുറിപ്പുകള്‍ ഡി സി ബുക്‌സാണ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.