ചില്ല സംഘടിപ്പിക്കുന്ന വേൾഡ് ലിറ്ററേച്ചർ 2017 ന് ഇന്ന് തുടക്കം. കേളി കലാസാംസ്കാരിക വേദിയുടെ സ്വതന്ത്ര സാഹിത്യ വേദിയായ ‘ചില്ല’യുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വേൾഡ് ലിറ്ററേച്ചർ 2017 പൂർണമായും കവി കെ.സച്ചിദാനന്ദനെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾ ആരംഭിക്കുന്നത് ‘വായന: സംസ്കാരവും രാഷ്ട്രീയവും’ എന്ന വിഷയത്തിൽ സച്ചിദാനന്ദന്റെ പ്രഭാഷണത്തോടനുബന്ധിച്ചാണ്. ഇന്ന് വൈകീട്ട് 8.30 ന് റിയാദ് എക്സിറ് 18 ലെ നോഫാ ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം.
രണ്ടാ ദിവസം (വെള്ളി) രാവിലെ ഒൻപതിന് അൽ ഹയറിലെ അൽ ഒവൈദ ഫാം ഓഡിറ്റോറിയത്തിൽ “കവിതയും പ്രതിരോധവും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും സർഗ്ഗ സംവാദവും. ഉച്ചയ്ക്ക് ശേഷം കേളി കുടംബവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മലയാളം മിഷന്‍ സാക്ഷരതാ മിഷന്‍ പദ്ധതിയുടെ ഭാഗമായ ‘എന്റെ മലയാളം’ ഉദ്ഘാടനം, കേളിയുടെ പൊതുസ്വീകരണത്തിൽ “സാംസ്കാരിക പ്രവര്‍ത്തനവും രാഷ്ട്രീയവും വര്‍ത്തമാനകാല ഇന്ത്യയില്‍ ” എന്ന വിഷയത്തിൽ പ്രഭാഷണം. മൂന്നാം ദിവസം ശനിയാഴ്ച രാവിലെ ബത്ഹയിലെ ശിഫാ അൽ ജസീറ ഓഡിറ്റോറിയത്തിൽ സച്ചിദാനന്ദന്റെ മൂന്ന് കാവ്യകാലങ്ങള്‍ – രാഷ്ട്രീയ ഭാവുകത്വപരിസരങ്ങളിലൂടെ ആത്മസഞ്ചാരം എന്ന പരിപാടിയും തുടർന്ന് “ഡയസ്പോറ സാഹിത്യവും ഗള്‍ഫ് മലയാളി ജീവിതവും” എന്ന വിഷയത്തിൽ കെ.സച്ചിദാനന്ദൻ സംസാരിക്കും.