ദൈവമേ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ.
അവന്‍ നന്നായി പഠിക്കണേ., നന്നായി വളരണേ, മിടുക്കനാകണേ,
നല്ല നിലയിലെത്തണേ.., നല്ല ജീവിതം കൊടുക്കണേ…ഇങ്ങനെ പ്രാര്‍ത്ഥിക്കാത്ത രക്ഷിതാക്കളുണ്ടോ..?
തീര്‍ച്ചയായും ഇങ്ങനെതന്നെയാണ് പ്രാര്‍ത്ഥിക്കേണ്ടത്. ഇങ്ങനെതന്നെയാണ് ആശിക്കേണ്ടതും സ്വപ്‌നം കാണേണ്ടതും. പ്രാര്‍ത്ഥിക്കേണ്ടതും. സ്വന്തം മകനോ, മകളോ നന്നാകാനാണ് എല്ലാ രക്ഷിതാക്കളും പരിശ്രമിക്കേണ്ടത്. പക്ഷേ അതിനായി എന്തുചെയ്യാന്‍ പറ്റും..? എങ്ങനെ കുട്ടികളെ വര്‍ത്തണം..? പഠിപ്പിക്കണം, എങ്ങനെ കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തണം, ആത്മവിശ്വാസം കൂട്ടണം, ചീത്തസ്വഭാവങ്ങള്‍ മാറ്റിയെടുക്കണം, നല്ല സ്വഭാവങ്ങള്‍ വളര്‍ത്തിയെടുക്കണം..? മത്സരങ്ങള്‍ കൂടിക്കൂടിവരുന്ന ഇക്കാലഘട്ടത്തില്‍ കുട്ടികളെ മിടുമിടുക്കരായി വളര്‍ത്തുന്നതിന് രക്ഷിതാക്കളായ തങ്ങള്‍ക്ക് എന്തൊക്കെ ഗുണങ്ങളും യോഗ്യതകളും ഉണ്ടായിരിക്കണം.? അതിനുവേണ്ട ദര്‍ശനം..?കാഴ്ചപ്പാട്..? എങ്ങനെ നല്ല രക്ഷിതാവാകാം.? ഉത്തരവാദിത്വമുള്ള രക്ഷിതാവാകാം. വിജയിക്കുന്ന രക്ഷിതാവാകാം. ഇക്കാര്യങ്ങളെക്കുറിച്ച് നമുക്ക് ശരിയായതും ശാസ്ത്രീയവുമായ ധാരണകള്‍ ഉണ്ടാകണം. അതിന് സഹായിക്കുന്ന ഗ്രന്ഥമാണ് പ്രൊഫ. എസ് ശിവദാസ് രചിച്ച നിങ്ങളുടെ മക്കളെ എങ്ങനെ മിടുക്കരാക്കാം.
സൃഷ്ടിയുടെ മഹത്തായ മാതൃകയായ ഒരോ കുട്ടികളെയും നല്ല വ്യക്തിത്വത്തിന് ഉടമകളാക്കിത്തീര്‍ക്കുന്നതിന് രക്ഷിതാവിന്റെ പവിത്രമായ ഉത്തരവാദിത്വം എന്ത് എന്ന് കാട്ടിത്തരുന്ന പുസ്തകമാണ് നിങ്ങളുടെ മക്കളെ എങ്ങനെ മിടുക്കരാക്കാം. കുട്ടികളുടെ നല്ല വളര്‍ച്ചയ്ക്കും ബുദ്ധിക്കും നല്ല സാമര്‍ത്ഥ്യത്തിനുമായി ഗര്‍ഭകാലം മുതല്‍ ഒരുങ്ങേണ്ടതുണ്ടെന്നും, പിന്നീട് കുട്ടി പിറന്നുവീഴുമ്പോള്‍ മുതല്‍ അവനെ / അവളെ എങ്ങനെ പരിശീലിപ്പിക്കണമെന്നും മാനസികമായും ആരോഗ്യകരമായും എങ്ങനെ പരിപാലിപ്പിക്കണമെന്നും ചെറുതും വലുതുമായ നിരവധി കഥകളുടെ അടിസ്ഥാനത്തില്‍ പ്രൊഫ. എസ് ശിവദാസ് വ്യക്തമാക്കുന്നു. ചെറിയകുട്ടകള്‍മുതല്‍ വലിയ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളെ വരെ ശ്രദ്ധിക്കേണ്ടതെങ്ങനെയെന്നും അവര്‍ക്ക് മൂല്യബോധം, പോസറ്റീവ് തിങ്കിങ്, വായനാശീലം, ടൈം മാനേജ്‌മെന്റ്, പഠനവും പരീക്ഷയും,ഭാഷകള്‍ പഠിക്കാനുള്ള വിദ്യകള്‍ തുടങ്ങി കുട്ടികളുടെ വളര്‍ച്ചയുടെ വഴികളില്‍ അറിയേണ്ടതെല്ലാം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
അനുബന്ധമായി ഡോ ലീലാവതി തയ്യാറാക്കിയ പഠനവും നല്‍കിയിരിക്കുന്നു. “ഞാന്‍ അമ്മയാകും മുമ്പ് ഇതോ ഇതുപോലൊരു പുസ്തകമോ എനിക്ക് കിട്ടിയില്ലല്ലോ. കിട്ടിയിരുന്നെങ്കില്‍ കൂടുതല്‍ നല്ല അമ്മയാകാമായിരുന്നില്ലേ..? മക്കളെ വളര്‍ത്തിക്കൊണ്ടിരിക്കുന്നവരോടും നഷ്ടബോധത്തിന്റെ ആത്മാര്‍ത്ഥതയോടെ അറിയിക്കുകയാണ്. നിങ്ങള്‍ ഈ പുസ്തകം വായിച്ചു വളരുക.എന്നിട്ട് ഉള്‍ക്കൊണ്ട അറിവ് തെല്ലും പാഴാക്കാതെ സ്വന്തം മക്കളെ വളര്‍ത്തുക.”എന്ന് ലീലാവതി തെല്ല് സങ്കടത്തോടെ കുറിച്ചിരിക്കുന്നതും ഈ പുസ്തകത്തിന്റെ മഹത്വത്തെ ഉയര്‍ത്തുന്നു.
ഡി സി ബുക്‌സ് ലൈഫ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ നാലാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.