ബുദ്ധിമാന്‍മാരുടെയും ബുദ്ധിമതികളുടെയും നാടാണ് കേരളം എന്നൊരു സംസാരമുണ്ട് കേരളത്തിന് പുറത്ത്. എന്നാല്‍ ഏറ്റവുംകൂടുതല്‍ കബളിപ്പിക്കപ്പെടുകയും അബദ്ധത്തില്‍ ചാടുകയും ചെയ്യുന്നവരില്‍ ഏറ്റവും കൂടതല്‍ കേരളത്തിലാണ് എന്നതണ് മറ്റൊരുസത്യം. എന്നാല്‍ ഇത്രയും ആലോചനയും വിവേകബുദ്ധിയും പ്രകടിപ്പിക്കുന്ന കേരളീയര്‍ എങ്ങനെയാണ് കബളിപ്പിക്കപ്പെടുന്നത്…? കൂട്ടത്തില്‍ നിന്ന് തന്നെ പണികൊടുക്കുന്നവരും പണിവാങ്ങുന്നവരുമാണ് കൂടുതല്‍. സ്വയംമറന്ന് മോഹനവലയങ്ങില്‍പ്പെട്ടു നീങ്ങി കബളിതനായി, വഞ്ചിതനായി, ആത്മനിന്ദയോടെ മടങ്ങുന്ന മലയാളിയെ കേരളത്തിലുടനീളം കാണാനാകും. വിസതട്ടിപ്പുകള്‍, വ്യാജസര്‍ട്ടിഫിക്കേറ്റുകള്‍, സാമ്പത്തികതട്ടിപ്പുകള്‍, ആട്മാഞ്ചിയം നിക്ഷേപം, നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്, ഫല്‍റ്റ്, വൈദ്യശാസ്ത്രരംഗങ്ങളിലെ തട്ടിപ്പുകള്‍, ഓണ്‍ലൈന്‍വഴിയുള്ളവ, ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരിലുള്ളവ, എന്നിങ്ങനെ കാലാകാലങ്ങളായി മലയാളി സമൂഹത്തെ കബളിപ്പിക്കപ്പെടുന്ന വലിയതട്ടിപ്പുകളിലൂടെയുള്ള ഒരു അന്വേഷണമാണ് ഞാന്‍ പെട്ടു; കബളിപ്പിക്കപ്പെടുന്ന മലയാളി എന്ന പുസ്തകം.
എഴുത്തുകാരനും എഡിറ്ററുമായ പ്രശാന്ത് മിത്രനാണ് ഞാന്‍ പെട്ടു; കബളിപ്പിക്കപ്പെടുന്ന മലയാളി തയ്യാറാക്കിയത്. കേരളത്തിലെ സാമൂഹിക സാംസ്‌കാരികമണ്ഡലങ്ങളിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന കേരളം 60 പുസ്തകപരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കേരളത്തിന്റെ സാമൂഹിക ചരിത്രത്തെ ആധാരമാക്കുന്ന അപൂര്‍വ്വമായൊരു അന്വേഷണാത്മക ഗ്രന്ഥമാണിത്. മാത്രമല്ല കേരളത്തിന്റെ സാമൂഹ്യചരിത്രത്തില്‍ ജനങ്ങളെ പലതരത്തില്‍ കബളിപ്പിക്കാന്‍ നടത്തിയിട്ടുള്ള ഉദ്യമങ്ങളെക്കുറിച്ചും, അവ തിരിച്ചറിയാനും, കബളിപ്പിക്കപ്പെടലുകള്‍ക്ക് മുന്നില്‍ അടിപതറാതിരിക്കാനും സഹായകമാകുന്ന തരത്തിലാണ് പ്രശാന്ത് മിത്രന്‍ ഈ പുസ്തകത്തിന്റെ രചനനിര്‍വ്വഹിച്ചിരകിക്കുന്നത്.
മലയാളിയുടെ എണ്ണിയാലൊടുങ്ങാത്ത മോഹങ്ങളും, അ ത്യാഗ്രഹങ്ങളുമാണ് ചൂഷണം ചെയ്യപ്പെടുന്നത് എന്ന് കട്ടിത്തരുന്ന പത്ത് ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ചൂതാട്ടം, ഭാഗ്യക്കുറി, മന്ത്രവാദപൂജകള്‍ തുടങ്ങി മലയാളികള്‍ ഏറ്റവും കൂടുതല്‍ കബളിപ്പിക്കപ്പെടുന്ന എല്ലാ രംഗങ്ങളെക്കുറിച്ചും പ്രശാന്ത് സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്. അനുഭവകഥകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടും ഉദാഹരണങ്ങള്‍ നിരത്തിയുമാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.