സാമൂഹികവ്യസ്തിതിയില്‍ അകപ്പെട്ടു പോകുന്ന മനുഷ്യജീവിതങ്ങളുടെ കഥപറയുന്ന നോവലുകളാണ് യൂ. ആര്‍ അനന്തമൂര്‍ത്തിയുടെ സംസ്‌കാരം, ഭാരതീപുരം, അവസ്ഥ എന്നിവ. ഈ നോവലുകളിലെ ആത്മാംശം പരിശോധിക്കുകയാണെങ്കില്‍ അവയെ ഒരു ത്രിതയത്തിന്റെ ഭാഗമായി കണക്കാക്കാം. കേന്ദ്ര കഥാപാത്രങ്ങളായ പ്രാണേശാചാര്യ, കൃഷ്ണപ്പ, ജഗനാഥ എന്നിവര്‍ വ്യത്യസ്തരാവുന്നത് അവര്‍ ജീവിക്കുന്ന കാലഘട്ടങ്ങളില്‍ മാത്രമാണ്. പക്ഷേ എല്ലാവരുടെയും ജീവിതം കടന്നു പോകുമ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് സാമൂഹ്യ വ്യവസ്ഥിതികള്‍ തന്നെയാണ്. സമൂഹത്തിന്റെ ചട്ടക്കൂടിനുള്ളില്‍ അകപ്പെടുന്നവരാണ് ഇവര്‍ ഓരോരുത്തരും. മാറ്റങ്ങള്‍ക്കുവേണ്ടി പരിശ്രമിക്കുമ്പോഴും സമൂഹം അവരെ അതിനനുവദിക്കുന്നില്ല.
സംസ്‌കാരത്തില്‍ ആധുനികവത്കരണത്തിന്റെ വക്കോളമെത്തി നില്‍ക്കുന്ന ഒരു ഗ്രാമത്തിലെ ബ്രാഹ്മണ അഗ്രഹാരത്തിലെ പ്രാണേശാചാര്യയുടെ സാമൂഹിക ജീവിതത്തിലും ആന്തരിക ജീവിതത്തിലുമുള്ള സംഘര്‍ങ്ങളാണ് ഈ കാലാന്തരങ്ങളുടെ സ്വാധീനം തുറന്നു കാട്ടുന്നത്. അഗ്രഹാര ജീവിതത്തിലെ അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും അത്തരത്തില്‍ ജീവിക്കുകയും ചെയ്ത നാരാണപ്പയുടെ മരണത്തോടെ ആരംഭിക്കുന്ന നോവലില്‍ തുടര്‍ന്നുണ്ടാവുന്നത് ആ ആചാരങ്ങളില്‍ ജീവിതമര്‍പ്പിച്ച പ്രാണേശാചാര്യയില്‍ വരുന്ന മാറ്റങ്ങളാണ്.
ഭാരതീപുരത്തിലെ ജഗനാഥന് നേരിടേണ്ടി വരുന്നത് മിഥ്യയുടെയും യാഥാര്‍ത്ഥ്യത്തിന്റെയും ഇടയിലുള്ള സംഘര്‍ഷങ്ങളാണ്. ഫ്യൂഡല്‍ ചിന്താഗതില്‍ നിന്ന് വ്യതിചലിച്ച് എല്ലാവരെയും സമന്‍മാരായി കാണാനാണ് ഇംഗ്ലണ്ടിലെ പഠനത്തിന് ശേഷം മടങ്ങിയെത്തിയ ജഗനാഥന് താല്‍പര്യം. എന്നാല്‍ ജാതിഭ്രഷ്ടും സാമൂഹ്യ വിവേചനങ്ങളുമാണ് അയാള്‍ സ്വന്തം ഗ്രാമത്തില്‍ കാണുന്നത്. ഫ്യൂഡല്‍ സമൂഹവും താഴ്ന്ന ജാതിക്കാരും തമ്മിലുള്ള സാമൂഹ്യാന്തമാണ് ഈ നോവലില്‍ അദ്ദേഹം തുറന്നു കാട്ടുന്നത്.
അവസ്ഥയിലാകട്ടെ കൃഷ്ണപ്പയുടെ ജീവിതത്തിലെ മാറിമറിയുന്ന അവസ്ഥകളാണ് പ്രതിപാദ്യ വിഷയമാവുന്നത്. സാമൂഹ്യ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന അയാള്‍ പോലീസ് പീഠഢനങ്ങള്‍ക്ക് ഇരയാവുന്നു. മരണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്ന അയാള്‍ പിന്നീടൊരു നേതാവായി ഉയര്‍ത്തപ്പെടുകയാണ്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ അയാള്‍ സഞ്ചരിക്കുന്നു.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ മൂന്നാമത് പതിപ്പ് ഇപ്പോള്‍ ലഭ്യമാണ്.