ഇന്ത്യൻ ജനപഥങ്ങളെ ആകമാനം ഗ്രസിച്ചിരിക്കുന്ന ജാതീയതയുടെയും അത് സൃഷ്ടിക്കുന്ന ഉച്ചനീചത്വത്തിന്റെയും ഭീതിജനകമായ അവസ്ഥകളെ യഥാതഥമായി ആവിഷ്കരിക്കുന്ന പുസ്തകമാണ് ശരൺകുമാർ ലിംബാളയുടെ അവർണ്ണർ. ഈശ്വരനാണോ നിയമമാണോ വലുത് ? പാരമ്പര്യമാണോ വലുത് അതോ ഭരണഘടനയോ ? വ്യവസ്ഥിതിയെക്കാളും വലുതോ പുരോഗതി ? ജാതിവ്യവസ്ഥിതി സമൂഹത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും വിലങ്ങു തടിയാകുന്നതെങ്ങിനെ ? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിക്കുന്ന മനോഹരമായ നോവലാണ് ശരൺകുമാർ ലിംബാളയുടെ അവർണ്ണർ.
ദളിതനായ ആനന്ദ തന്റെ ജാതിപ്പേരിന്റെ സ്ഥാനത്ത് കാശികർ എന്ന് ചേർത്തും ഔദ്യോഗിക രേഖകളിലെല്ലാം ജാതിക്കോളത്തിൽ മനുഷ്യൻ എന്ന് ചേർത്തുമാണ് ജാതീയതയ്ക്ക് മുകളിൽ ഉയരാൻ ശ്രമിച്ചത്.രാൻമസലയിലെ കാശിനാഥ പാഠശാല യിലേക്ക് അധ്യാപകനായി നിയമിച്ചപ്പോഴും റിസർവേഷൻ ആനുകൂല്യങ്ങൾ ഉപയോഗിക്കാതെ ഓപ്പൺ മെറിറ്റിൽ മത്സരിച്ചാണ് നിയമനം നേടിയത്.അപരിചിതമായ ആ ഗ്രാമത്തിൽ ആനന്ദ് കാശികറിന്റെ വിജ്ഞാനത്തെയും പാടവത്തെയും അംഗീകരിച്ച് , അദ്ദേഹത്തെ ഒരു ഉന്നതകുല ജാതനായി പരിഗണിച്ച് ആദരിക്കുമ്പോഴും തനിക്കു ചുറ്റും നടമാടുന്ന ജാതിവിവേചനങ്ങൾ കാശികറിനെ ആശങ്കയിലാഴ്ത്തി. ഒടുവിൽ ഒരുനാൾ തന്റെ ജാതി സ്വയം വെളിപ്പെടുത്തിയ ആ യുവാവിനെ കാത്തിരുന്നത് അത്യന്തം ഭയാനകമായ , ദാരുണമായ ഒരു വിധിയായിരുന്നു.
ഇന്ത്യയിലെ ദളിത് സാഹിത്യകാരന്മാരില്‍ പ്രമുഖനാണ് ശരൺകുമാർ ലിംബാളെ. ഇരുപത്തിയഞ്ചാം വയസ്സിലെഴുതിയ അക്കര്‍മാശി എന്ന ആത്മകഥാഖ്യാനമാണ് ആദ്യകൃതി. ഫ്രഞ്ച് ഉള്‍പ്പെടെ പ്രധാന ലോകഭാഷകളിലെല്ലാം വിവര്‍ത്തനങ്ങളുണ്ടായ ഈ കൃതി മറാത്തിയിലെ ദളിത് സാഹിത്യത്തിലെ ക്ലാസിക്കായി ഗണിക്കപ്പെടുന്നു. നാസിക് ആസ്ഥാനമായുള്ള യശ്വന്തറാവു ചവാന്‍ മഹാരാഷ്ട്ര ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയുടെ പൂനെ ഡിവിഷന്‍ റീജനല്‍ ഡയറക്ടറാണ് ഡോ. ശരണ്‍കുമാര്‍ ലിംബാള. അർക്കമാശി , ഹിന്ദു , ബഹുജൻ , തുടങ്ങിയ പ്രശസ്ത രചനകളിലൂടെ ശ്രദ്ധേയനായ ശരൺകുമാർ ലിംബാളെയുടെ ഇന്ത്യൻ ഗ്രാമങ്ങളിലെ സാമൂഹിക പ്രശ്നങ്ങളെ ചർച്ചാവിഷയമാക്കുന്ന മറ്റൊരു ആഖ്യായികയാണ് അവർണ്ണൻ. പുസ്തകത്തിന്റെ ആദ്യ പതിപ്പാണ് ഡി സി ബുക്സ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശരൺകുമാർ ലിംബാളയുടെ നോവൽ , ഹിന്ദു എന്നീ കൃതികളും ഡി സി ബുക്സ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
ദ്രൗപതി , സീത , യയാതി , ദ്രോണർ , സത്യവതി തുടങ്ങിയ പുരാണ കഥാപാത്രങ്ങളുടെ കഥകൾ പുനരാഖ്യാനം ചെയ്തു പ്രസിദ്ധീകരിച്ച ഡോ. പി കെ ചന്ദ്രനാണ് അവർണ്ണർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. കാലിക്കറ് സർവ്വകലാശാലയിൽ സെക്ഷൻ ഓഫീസർ ആയിരുന്നു ഡോ. പി കെ ചന്ദ്രൻ.ശിവാജി സാവന്തിന്റെ മൃത്യുഞ്ജയ എന്ന നോവൽ ഡോ . ടി ആർ ജയശ്രീയോടൊപ്പം കർണ്ണൻ എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.