മലയാള നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്ന സി ജെ തോമസിന്റെ പ്രശസ്തമായ ദുരന്ത നാടകമാണ് ആ മനുഷ്യന്‍ നീ തന്നെ. ദാവീദു രാജാവിന്റെ പാപകൃത്യവും അതിനുള്ള ശിക്ഷയും തുടര്‍ന്നു വരുന്ന പശ്ചാത്താപവും ചിത്രീകരിച്ചിരിക്കുന്ന ആ മനുഷ്യന്‍ നീ തന്നെ മലയാളത്തില്‍ പുറത്തിറങ്ങിയ ഏറ്റവും ശക്തമായ ദുരന്ത നാടകങ്ങളില്‍ ഒന്നെന്ന് വിലയിരുത്തപ്പെടുന്നു.
യവന നാടകൃത്തായ സോഫക്ലീസിന്റെ ‘ഈഡിപ്പസ് രാജാവിനനെയും എലിസബത്യന്‍ നാടകകൃത്തായ ഷെയ്ക്പിയറുടെ ദുരന്തകൃതികെളയും ഒരേ സമയം ഓര്‍മ്മിപ്പിക്കുന്നതാണ് നാലങ്കങ്ങളുള്ള ഈ നാടകത്തിന്റെ ഇതിവൃത്തം. സോഫക്ലീസിന്റെ ഒതുക്കവും ഷെയ്ക്പിയറുടെ വിരിവും ഒരേ സമയം നമുക്ക് ഈ കൃതിയില്‍ കാണാവുന്നതാണ്. ദാവീദ് രാജാവ്, യോവാബ് (സേനാപതി), ഊറിയാ(ശതാധിപന്‍), ഇസഹക്ക്, അമാസ, എലിയാം, യൂദാ, നാഥാന്‍ ,ബത്തശേബ, അന്ന പ്രഭുക്കന്‍ാര്‍, ഭടന്മാര്‍, സ്ത്രീകള്‍, വേദശാസ്ത്രികള്‍ എന്നിവരാണ് ഈ നാടകത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
‘ദാവീദ് രാജാവ് ഷെയ്ക്‌സ്പിയറുടെ ദുരന്തനായകന്മാരുടെ മാതൃകയില്‍, ചെറിയ ഒരു തെറ്റിനു വലിയ പിഴ മൂളേണ്ടിവരുന്നത് ലോകവ്യവസ്ഥയില്‍ നമുക്കുളള വിശ്വാസത്തിനു ക്ഷതമേല്‍പിക്കുന്നു. അദ്ദേഹം പശ്ചാത്താപത്തിലൂടെ പാപവിമുക്തി നേടുന്നത് ആ വിശ്വാസത്തിന്റെ വീണ്ടെടുക്കല്‍ പ്രഖ്യാപിക്കുന്നു. വീണ്ടുകിട്ടിയ ആ അവബോധത്തോടെ ‘സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു സങ്കീര്‍ത്തനം!’ എന്നു വിളിച്ചു പറഞ്ഞുകൊണ്ട് ദാവീദ് നാടകം അവസാനിപ്പിക്കുമ്പോള്‍ ആ സങ്കീര്‍ത്തനഘോഷത്തില്‍ നമ്മളും പങ്കുചേരുന്നു എന്നതു കൃതിയുടെ വിജയം ഉറപ്പാക്കുന്നു.’ എന്നാണ് നാടകത്തെക്കുറിച്ച് അയ്യപ്പപ്പണിക്കര്‍ പറഞ്ഞിരിക്കുന്നത്.
1955ലാണ് ആ മനുഷ്യന്‍ നീ തന്നെ പ്രസിദ്ധീകരിക്കുന്നത്. മലയാള സാഹിത്യത്തിലെ മണ്‍മറഞ്ഞ മഹാപ്രതിഭകളുടെ പന്ത്രണ്ടു നാടകങ്ങള്‍ ഉള്‍പ്പെടുത്തി 2005ല്‍ പ്രസിദ്ധീകരിച്ച നാടകചക്രം പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് ആ മനുഷ്യന്‍ നീ തന്നെ ഡി സി ബുക്‌സ് ആദ്യമായി പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ എട്ടാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.