മലയാളിയെ താഴ്ന്ന ഹിമാലയൻ മേഖലകളിലേക്ക് കൂടുതൽ യാത്ര ചെയ്യുവാൻ പ്രേരിപ്പിച്ചതിൽ വലിയ പങ്കു വഹിച്ച ചില പുസ്തകങ്ങളുണ്ട്. യാത്രാപ്രേരകങ്ങളായ വിവരങ്ങൾ ചിത്രങ്ങളോടുകൂടി കാട്ടിത്തരുന്ന നവ മാധ്യമങ്ങളും ആധുനിക സാങ്കേതിക വിദ്യകളും കൂണു പോലെ മുളച്ച് പൊന്തുന്നുണ്ടെങ്കിലും യാത്രാവിവരണങ്ങളുടെ പുസ്തകങ്ങൾക്ക് ഒട്ടു തന്നെ പ്രസക്തി കുറഞ്ഞിട്ടില്ല.
സ്വാതന്ത്ര്യ സമര പോരാളിയും പത്ര പ്രവർത്തകനും ഗാന്ധിജിയുടെ ‘ My Experiments With Truth’ എന്ന പുസ്തകത്തിന്റെ മലയാള വിവർത്തകനുമായ കോഴിക്കോട് സ്വദേശി കെ മാധവനാർ 1920 കളിൽ താഴ്ന്ന ഹിമാലയൻ മേഖലകളിലെ കേദാർനാഥ് , ബദരീനാഥ് തുടങ്ങിയ ക്ഷേത്രങ്ങൾ കാൽ നടയായി സഞ്ചരിച്ചതിനു ശേഷം എഴുതിയ ഒരു ഹിമാലയൻ യാത്രയാണ് മലയാളത്തിൽ പുറത്തിറങ്ങിയ ആദ്യ ഹിമാലയൻ യാത്രാ വിവരണ ഗ്രന്ഥം.
പിന്നീടിങ്ങോട്ട് പുത്തൻ കാഴ്ചകളും വ്യത്യസ്ത അനുഭവങ്ങളും തുറന്നുകാട്ടുന്ന അനേകം ഹിമാലയൻ യാത്രാവിവരണങ്ങൾ നമ്മൾ വായിച്ചു. അക്കൂട്ടത്തിലൊന്നാണ് ബാബു ജോൺ എഴുതിയ ‘ഹിമാലയൻ യാത്ര ഒരു കൈപ്പുസ്തകം. ഹിമാലയത്തിന്റെ താഴ്ന്ന ഭാഗങ്ങളിലുൾപ്പെടുന്ന തീർത്ഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും , സഞ്ചാര സ്ഥലങ്ങളിലും എത്തിപ്പെടാൻ സഹായിക്കുന്ന ഒരു കൈപ്പുസ്തകമാണ് ‘ഹിമാലയൻ യാത്ര‘
വൈവിധ്യങ്ങളുടെ കലവറയായ ഹിമാലയ പർവ്വത സാനുക്കളിലൂടെ നടത്തിയ യാത്രാനുഭവമാണ് ‘ഹിമാലയൻ യാത്ര’. ഹിമാലയം താഴ്വരയുടെ അഭൗമ സൗന്ദര്യം , ലളിത സുന്ദരമായി കുറിക്കുന്നതോടൊപ്പം സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ വിവരങ്ങളെയും ക്രോഡീകരിച്ച് ഒരു കൈപ്പുസ്തകം പോലെ അവതരിപ്പിക്കുകയും ചെയ്യുന്നു. ഒരു മികച്ച ഒരു യാത്രാ ഗൈഡാണ് ഈ പുസ്തകം. പൗരാണിക പ്രാധാന്യമുള്ള യമുനോത്രി , ഗംഗോത്രി , കേദാർനാഥ് , ബദരീനാഥ് , ഋഷികേഷ് , ഗോമുഖ് , തുംഗനാഥ് , രുദ്ര നാഥ് , ബദരീനാഥ് , വാലി ഓഫ് ഫ്‌ളവേഴ്‌സ് , അമർനാഥ് തുടങ്ങിയ തീർത്ഥാടന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൂടെയുള്ള യാത്രയുടെ വിശദാംശങ്ങളാണ് ഹിമാലയൻ യാത്രയിൽ.
ഹിമാലയൻ യാത്രികർ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കേന്ദ്രങ്ങൾ തമ്മിലുള്ള അകലം , യാത്രയ്ക്കാവശ്യമായ സമയം , യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , വാഹന സൗകര്യം , കാലാവസ്ഥ , വിശ്രമകേന്ദ്രങ്ങൾ തുടങ്ങിയ ഏറ്റവും ഫലപ്രദമായ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുന്ന ഒരു മികച്ച സഹായിയാണ് ‘ഹിമാലയൻ യാത്ര ഒരു കൈപ്പുസ്തകം. പുസ്തകത്തിന്റെ ആദ്യ പതിപ്പാണ് ഇപ്പോൾ ഡി സി ബുക്സ് പുറത്തിറക്കിയിരിക്കുന്നത്.