അവർ പടവുകളിലൂടെ താഴോട്ടിറങ്ങി അഞ്ചാമത്തെ പടവിൽ ഇരുന്നു. അവിടം എണ്ണയും പുഷ്പങ്ങളും അഴുകി കിടന്നിരുന്നു. ജലം നിറയെ ഒഴുകുന്ന പുഷ്പങ്ങളാണ്. അവർ കൈക്കുമ്പിളിൽ ഗംഗാജലം കോരിക്കുടിച്ചു. ഭീമസേനന്റെ ശരീരത്തിലെ ഉപ്പിന്റെ രുചിയുള്ള ജലം.
നാം ഇന്ന് മുതൽ പാപത്തിൽ നിന്നും മോചിതരാണ്….
അതിന് നമ്മളെന്ത് പാപമാണ് ചെയ്തത് രമേശ് ?
ജീവിക്കുന്നു എന്ന പാപം …’
സാഹിത്യത്തിന് നൂതനാനുഭവം പകർന്ന എം. മുകുന്ദന്റെ സർഗ്ഗാത്മകതയും ദർശനവും വെളിവാകുന്ന വേറിട്ട വായനയുടെ സുഖം പകരുന്ന ഒരു നോവലാണ് ‘ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു.’
കഞ്ചാവിനും മറ്റു ലഹരി പദാർത്ഥങ്ങൾളുടെയും കുത്തൊഴുക്കിൽപ്പെട്ട് മോക്ഷത്തിനായി ഹരിദ്വാറിൽ എത്തിയ യുവാവാണ് രമേശ്. ജീവിത മരവിപ്പ് ബാധിച്ച ഒരു മനുഷ്യന്റെ തലച്ചോറിൽ നിന്നും ഇരുട്ടിന്റെ പ്രതിബിംബങ്ങളാണ് പതിക്കുന്നത്. രമേഷിന്റെ ഇരുട്ടാർന്ന സഞ്ചാരത്തിനിടയിൽ മിന്നി മറയുന്ന വെളിച്ചമാണ് സുജ. നോവലിലെ രമേശനും അല്‍ഫോന്‍സാച്ചനും ഡല്‍ഹിയിലെ അരവിന്ദനുമെല്ലാം വ്യാപകമായ അര്‍ത്ഥ തലങ്ങളാല്‍ വായിക്കപ്പെട്ടവയും വശീകരിക്കപ്പെട്ടവയുമാണ്. അതുതന്നെയാണ് മുകുന്ദനെ മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരില്‍ ഒരാളാക്കി മാറ്റുന്നതും.1990 ആദ്യ ഡി സി പതിപ്പിറങ്ങിയ നോവലിന്റെ എട്ടാമത്തെ പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴിയിൽ ജനിച്ച് മയ്യഴിയുടെ സ്വന്തം കഥാകാരനായ എം മുകുന്ദൻ മലയാള സാഹിത്യത്തിൻറെ എക്കാലത്തേയും മികച്ച എഴുത്തുകാരനാണ് .ഉദ്യോഗത്തിന്റെ ഭാഗമായി മുകുന്ദന്റെ ജീവിതം പിൽക്കാലത്ത് ഡൽഹിയിലേക്കു പറിച്ചു നടപ്പെട്ടു. ഡൽഹി ജീവിതവും മുകുന്ദന്റെ തൂലികയിൽ സാഹിത്യ സൃഷ്ടികളായി. ഡെല്‍ഹിയില്‍ ഫ്രഞ്ച് എംബസിയില്‍ ഉദ്യോഗസ്ഥനായിരുന്നു. കേരള സാഹിത്യ ആക്കാദമി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ദൈവത്തിന്റെ വികൃതികള്‍, ഡല്‍ഹി തുടങ്ങി ഇരുപതോളം നോവലുകളും നിരവധി കഥാസമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്.