ദേവരാജന്‍ മാസ്റ്ററെകുറിച്ച് ഗായകനും സംഗീത സംവിധായകനുമായ എം.ജയചന്ദ്രന്‍ എഴുതി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം ‘വരിക ഗന്ധർവ്വ ഗായകാ’ പ്രകാശനം ചെയ്തു. ദേവരാജന്‍ മാസ്റ്ററുടെ ഭാര്യ ലീലാമണി ദേവരാജനു പുസ്തകം നല്‍കി കൊണ്ട് എം.ടി വാസുദേവന്‍ നായര്‍ പ്രകാശനകർമ്മം നിര്‍വ്വഹിച്ചു. കോഴിക്കോട് വെച്ച് നടന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ദേവരാജന്‍ മാസ്റ്ററുടെ പ്രിയ ശിഷ്യനായ എം.ജയചന്ദ്രന്‍ ഗുരുദക്ഷിണയായാണ് പുസ്തകം എഴുതിയത്. എം.ജയചന്ദ്രനും, ദേവരാജന്‍ മാസ്റ്ററും തമ്മിലുള്ള ദീര്‍ഘകാലത്തെ ഗുരുശിഷ്യ ബന്ധത്തിലൂടെയാണ് പുസ്തകം സഞ്ചരിക്കുന്നത്. പ്രിയതമനെ കുറിച്ചുള്ള പുസ്തകം ഏറ്റുവാങ്ങുന്നതിനായി ദേവരാജന്‍ മാസ്റ്ററുടെ ഭാര്യ ലീലമണി ദേവരാജനും എത്തി.
ദേവരാജന്‍ മാസ്റ്റര്‍ സംഗീതത്തിന് നല്‍കിയ സംഭാവനകളും, സംഗീതം ദേവരാജന്‍ മാസ്റ്ററെ ഏങ്ങനെ ത്രസിപ്പിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു. കല്‍പ്പറ്റ നാരായണന്‍ പുസ്തകം പരിചയപെടുത്തി. ഗുരുവിനെ കുറിച്ചെഴുതിയ പുസ്തകം ജീവിതത്തില്‍ വലിയ ഭാഗ്യമായി കാണുന്നതായി എം.ജയചന്ദ്രന്‍ പറഞ്ഞു.