സേതുവിൻറെ ഭാവനയുടെയും ചരിത്രവസ്തുതകളുടെയും ഒരു മികച്ച കൂടിച്ചേരലാണ് മറുപിറവി എന്ന നോവൽ. ചരിത്രവും , കഥയും , ഭാവനയും , സമകാലിക സംഭവങ്ങളും ഇഴചേർന്ന ‘മറുപിറവി’ മലയാളത്തിന്റെ സാഹിത്യസംസ്കൃതിക്കും ഒരു മറുപിറവി തന്നെയാണ് . മുസിരിസ് എന്ന തീരപട്ടണവും ലോകരാജ്യങ്ങളുമായുളള കേരളത്തിന്‍റെ പ്രാചീന വാണിജ്യബന്ധവും കഥാപാത്രങ്ങളിലൂടെ ഇതൾ വിരിയുന്ന ‘മറു പിറവിയുടെ ഇംഗ്ലീഷ് പരിഭാഷ ‘ദി സാഗ ഓഫ് മുസിരിസ്’ എന്ന പുസ്തകത്തിനാണ് ഹോളിവുഡ് സിനിമയെ വെല്ലുന്ന ടീസർ ഒരുക്കിയിരിക്കുന്നത്.
മലയാളത്തിലെ ഒരു സാഹിത്യ കൃതിക്ക് ഇതാദ്യമായാണ് വീഡിയോ ടീസർ ഉണ്ടാകുന്നത്. പ്രാചീന മുസിരിസ് തുറമുഖവും കേരളത്തിലെ സുഗന്ധ വ്യഞ്ജന വ്യാപാരവും പ്രമേയമാകുന്ന നോവലിന്‍റെ മനോഹരമായ ടീസർ തയ്യാറാക്കിയത് പരസ്യസംവിധായകനായ അനിൽ പുന്നാട് ആണ്.
നിയോഗി ബുക്ക്സ് പുറത്തിറക്കുന്ന പുസ്തകം വൈകാതെ തന്നെ പുസ്തകശാലകളിലെത്തും. മുസിരിസ് എന്ന മൺമറഞ്ഞുപോയ കേരളത്തിലെ തീരപട്ടണത്തിന്‍റെ ചരിത്രം സാഗാ ഓഫ് മുസിരിസിലൂടെ ലോക വായനക്കാർക്ക് മുന്നിൽ എത്തിക്കുന്നതിന് മുന്നോടിയാണ് ഇപ്പോൾ ടീസർ. മറുപിറവി പോലെ തന്നെ മാറിയ കാലത്തിനൊപ്പം താനും സഞ്ചരിക്കുകയാണെന്ന് ടീസർ തയ്യാറാക്കിയതിനെ കുറിച്ച് സേതു പറയുന്നു.