മദ്രാസ് ഡയോസിസണ്‍ കാര്‍മലൈറ്റ് ഓഡറില്‍പെട്ട സന്ന്യാസിനിമാരായിരുന്നു സിസ്റ്റര്‍ മേരി ജോസഫ് പ്രെയിസും അഞ്ജലിയും. ആതുര സേവത്തില്‍ പരിശീലനം നേടിയ ഇവര്‍ ആഫ്രിക്കയിലേക്ക് യാത്ര തിരിക്കുന്നു. ബ്രിട്ടീഷ് ശസ്ത്രക്രിയാ വിദഗ്ധനായ ഡോക്ടര്‍ തോമസ് സ്‌റ്റോണിനെ സിസ്റ്റര്‍ മേരി ജോസഫ് പ്രൈസ് പരിചയപ്പെടുന്നത് ഈ യാത്രയിലാണ്. ആ യാത്രയില്‍ മാരകരോഗത്താല്‍ അഞ്ജലി മരണമടയുന്നതോടെ സിസ്റ്റര്‍ മേരി ജോസഫ് പ്രൈസിന്റെ ജീവിതവും മാറിമറിയുകയാണ്. ആഫ്രിക്കയിലേക്ക് പോകാതെ അവര്‍ ഡോക്ടര്‍ സ്‌റ്റേണിനൊപ്പം ആഡിസ് അബാബയിലെ മിസ്സിങ് ഹോസ്പിറ്റലില്‍ ജോലി ആരംഭിക്കുന്നു.
ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ക്ക് മരിയന്‍, ശിവ എന്ന ഇരട്ടകള്‍ പിറക്കുന്നു. ഇരട്ടകളെ പുറത്തെടുക്കാനായി നടത്തേണ്ടിവന്ന സങ്കീര്‍ണ്ണമായ പ്രസവ ശസ്ത്രക്രിയയോടെ സിസ്റ്റര്‍ മേരി മരിച്ചു. ആ ശസ്ത്രക്രിയ നടത്തിയ, കുട്ടികളുടെ പിതാവ് കൂടിയായ ഡോക്ടര്‍ തോമസ് സ്‌റ്റോണ്‍ കുട്ടികളെ ഏറ്റെടുക്കാന്‍ തയ്യാറാകാഞ്ഞതോടെ ഭൂമിയില്‍ അവര്‍ അനാഥരായി. എന്നാല്‍ കമിതാക്കളായ രണ്ട് ഡോക്ടര്‍മാര്‍ അവരെ വളര്‍ത്താന്‍ തയ്യാറായി മുന്നോട്ടുവന്നു. തോമസ് സ്‌റ്റോണിനെ ഇരട്ടകളുടെ അച്ഛനായി അവതരിപ്പിക്കുന്നുണ്ടെങ്കിലും അവരുടെ ജനനത്തിനു പിന്നിലെ രഹസ്യം ആര്‍ക്കും അറിയാനാവുന്നില്ല. ശിവ,മരിയന്‍ എന്നിവരുടെ ജനനത്തിന്റെ രഹസ്യങ്ങള്‍ കഥ പുരോഗമിക്കുമ്പോള്‍ മറനീക്കി പുറത്തു വരുന്നു.
എത്യോപ്യയിലെ വിപ്ലവങ്ങളുടെയും ആഭ്യന്തര അട്ടിമറികളുടെയും കാലഘട്ടം പശ്ചാത്തലമാക്കി രണ്ട് ഇരട്ട സഹോദരങ്ങളുടെ കഥ പറഞ്ഞ നോവലാണ് ഏബ്രഹാം വര്‍ഗീസിന്റെ ‘കട്ടിംഗ് ഫോര്‍ സ്‌റ്റോണ്‍‘. ഇഴപിരിയാന്‍ പറ്റാത്ത സഹോദരങ്ങളുടെ ജീവിതത്തിലെ സ്‌നേഹവും വഞ്ചനയും അവര്‍ എത്തിപ്പെടുന്ന വൈദ്യശാസ്ത്രലോകത്തെ സംഭവങ്ങളും തന്മയത്വത്തോടെ ഇതില്‍ ആവിഷ്‌കരിക്കപ്പെടുന്നു. ആമസോണ്‍, പബ്ലീഷേഴ്‌സ് വീക്ക്‌ലി എന്നിവ 2009 ലെ മികച്ച പുസ്തകമായി തിരഞ്ഞെടുത്ത നോവല്‍ രണ്ട് വര്‍ഷത്തോളം ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ദൈവത്തിന്റെ പതിനൊന്നാം കല്പന എന്ന പേരില്‍ ഈ കൃതി മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
വൈദ്യശാസ്ത്രം പശ്ചാത്തലമാക്കി നിരവധി നോവലുകള്‍ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും ദൈവത്തിന്റെ പതിനൊന്നാം കല്പന വ്യത്യസ്തമാകുന്നത് കഥാഗതിയെത്തന്നെ മുന്നോട്ടുനയിക്കുന്നത് വൈദ്യശാസ്ത്രമായതിനാലാണ്. എഴുത്തുകാരന്‍ ഏബ്രഹാം വര്‍ഗീസ് ഒരു ഡോക്ടര്‍ കൂടിയായത് ആവിഷ്‌കാരത്തിന്റെ തീക്ഷ്ണതയേറ്റുന്നു. ഇംഗ്ലീഷ് അധ്യാപകനും വിവര്‍ത്തകനുമായ പി.അനില്‍കുമാറാണ് ദൈവത്തിന്റെ പതിനൊന്നാം കല്പന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളിലെ തിയറി ആന്റ് പ്രാക്ടീസ് ഓഫ് മെഡിസിന്‍ പ്രൊഫസറും ഇന്റേണല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയുമായിരുന്ന ഏബ്രഹാം വര്‍ഗീസ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഹെല്‍ത്ത് സയന്‍സ് സെന്ററിലെ സെന്റര്‍ ഫോര്‍ മെഡിക്കല്‍ ഹ്യൂമാനിറ്റീസ് ആന്റ് എത്തിക്‌സ് സ്ഥാപക ഡയറക്ടര്‍ ആയിരുന്നു. ‘മൈ ഓണ്‍ കണ്‍ട്രി’, ‘ദി ടെന്നീസ് പാര്‍ട്ണര്‍’ തുടങ്ങിയവയും പ്രധാന കൃതികളാണ്.