സ്വന്തം ജീവിതത്തിന്റെ പല ഏടുകളിൽ നിന്നും , പ്രവർത്തിച്ച വിവിധ മേഖലകളിൽ നിന്നും ജീവിത വിജയത്തിന് അനിവാര്യമായ ഇച്ഛാ ശക്തിയെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഉത്തമ ഗ്രന്ഥമാണ് ഇന്ത്യയുടെ പന്ത്രണ്ടാമത് രാഷ്ട്രപതിയായിരുന്ന ഡോ. എ പി ജെ അബ്ദുൽ കലാം ഇംഗ്ലീഷ് ഭാഷയിൽ രചിച്ച ഇൻഡൊമിറ്റബിൾ സ്പിരിറ്റ്. ജീവിതവിജയത്തിന് അനിവാര്യമായ ഇച്ഛാശക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണ് ‘അജയ്യമായ ആത്മചൈതന്യം. കലാമിന്റെ അനുഭവങ്ങളും ചിന്തകളും ഇടകലർന്ന ഗ്രന്ഥം മലയാളത്തിൽ വിവർത്തനം ചെയ്‌തത് എം പി സദാശിവൻ ആണ്.
ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ അനിവാര്യമായ രണ്ട് ഘടകങ്ങളെപ്പറ്റി പുസ്തകത്തിൽ എ പി ജെ പറയുന്നതിങ്ങനെ. അജയ്യമായ ഇച്ഛാ ശക്തിക്ക് രണ്ടു ഘടകങ്ങളുണ്ട്. ഒന്ന് നേട്ടങ്ങളിലേക്ക് നയിക്കുന്ന ഒരു സ്വപ്നമുണ്ടായിരിക്കണം രണ്ട് ദൗത്യ നിർവ്വഹണത്തിനിടയ്ക്ക് നേരിടേണ്ടി വരുന്ന ഏതു പ്രതിസന്ധിയെയും ചെറുത്ത് തോൽപ്പിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം.
സാമൂഹികമോ രാഷ്ട്രീയമോ ആയ എല്ലാ വ്യവസ്ഥിതികളും മനുഷ്യന്റെ നന്മയെ ആശ്രയിച്ചിരിക്കുന്നു. പാര്‍ലമെന്റ് ഏതെങ്കിലുമൊരു നിയമം പാസാക്കിയതുകൊണ്ടല്ല, ജനങ്ങള്‍ മഹത്തുക്കളും നല്ലവരുമായതുകൊണ്ടാണ് ഒരു രാഷ്ട്രം മഹത്തും ശ്രേഷ്ഠവുമാകുന്നത്.
പ്രചോദനം നൽകിയ വ്യക്തികൾ എന്ന ലേഖനത്തിൽ ആദ്യം പരാമർശിക്കുന്നത് അമ്മയെയാണ്. പ്രകൃതിയുടെ പ്രതിരൂപമായിരുന്ന അമ്മയാണ് തനിക്ക് എന്നെന്നും പ്രചോദനവും ഓജസ്സും പ്രദാനം ചെയ്തതെന്ന് അദ്ദേഹം വിലയിരുത്തുന്നു. മാതാപിതാക്കൾക്കും അധ്യാപകർക്കും പുറമേ അദ്ദേഹത്തെ സ്വാധീനിച്ച അഞ്ചുശാസ്ത്രജ്ഞന്മാരെക്കുറിച്ചുള്ള സ്മരണയാണ് അഞ്ചുമഹാത്മാക്കൾ എന്നതലക്കെട്ടിലൂടെ നടത്തുന്നത്. ‘അധ്യാപകൻറെതിനേക്കാൾ സുപ്രധാനമായ മറ്റൊരു തൊഴിൽ ഈലോകത്തില്ലെന്നുതന്നയാണ് എൻറെ വിശ്വാസം’. എന്ന നിരീക്ഷണത്തിലൂടെ അധ്യാപനത്തിൻറെ മഹത്ത്വവും അധ്യാപകനുണ്ടായിരിക്കേണ്ട ഗുണങ്ങളും ഉത്തരവാദിത്തങ്ങളും ‘എൻറെ അധ്യാപകർ’ എന്ന ലേഖനത്തിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം അദ്ദേഹത്തെ ഏറ്റവുംകൂടുതൽ സ്വാധീനിച്ച രണ്ടധ്യാപകർ പഠിപ്പിച്ച രണ്ടു പാഠങ്ങൾ അനുസ്മരിക്കുന്നു. തുടർന്നുവരുന്ന പ്രൌഢോജ്ജ്വലമായ ഓരോ ലേഖനത്തിലും ആത്മവിശ്വാസവും അജയ്യതയും കൈമുതലായ യഥാർത്ഥ പൌരന്മരെ വാർത്തെടുക്കാൻ സഹായിക്കുന്ന നിരവധിചിന്തകൾ നിറഞ്ഞിരിക്കുന്നു.
അജയ്യമായ ഇച്ഛാശക്തിയിലൂടെ എങ്ങനെ വിജയിക്കാമെന്നും സമൃദ്ധിയും സമാധാനവും കളിയാടുന്ന വിളനിലമായി എങ്ങനെ നമ്മുടെ ഭൂമിയെ മാറ്റിയെടുക്കാമെന്നുമുള്ള രവീന്ദ്രനാഥ് ടാഗോറിന്റെ വരികളെ ഉദ്ധരിച്ച് കൊണ്ടാണ് അദ്ദേഹം ഈ കൃതി അവസാനിപ്പിക്കുന്നത്.
2007 ല്‍ ആണ് ഇന്‍ഡോമിറ്റബിള്‍ സ്പിരിറ്റിന്റെ മലയാള പരിഭാഷയായ ‘അജയ്യമായ ആത്മചൈതന്യം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. 2017 ൽ ഇത് പതിനേഴാം പതിപ്പാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് അഗ്നിച്ചിറകുകള്‍, ജ്വലിക്കുന്ന മനസ്സുകള്‍, വഴിത്തിരിവുകള്‍, വഴിവെളിച്ചങ്ങള്‍, രാഷ്ട്രവിഭാവനം, യുവത്വം കൊതിക്കുന്ന ഇന്ത്യ, അസാധ്യതയിലെ സാധ്യത തുടങ്ങി എ. പി. ജെ. അബ്ദുള്‍ കലാമിന്റെ ഇരുപത്തഞ്ചോളം പുസ്തകങ്ങള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.