പതിനഞ്ചുവയസ്സില്‍ ഉരുളിമോഷണക്കേസില്‍ കുടുങ്ങിയ വേദരാമന്‍ പിന്നീട് വേദന്‍ബാബയായി മാറുന്നു. ആറാംവിരലിന്റെ ശക്തിയാല്‍ അത്ഭുതങ്ങള്‍ കാട്ടുന്ന പ്രവാചകത്വമുള്ള യോഗി. മലയാറ്റൂര്‍ രാമകൃഷ്ണന്റെ ഭാവനയുടെ മായാലോകത്ത് വായനക്കാരെക്കൂട്ടിക്കൊണ്ടുപോയ നോവലാണ് ആറാംവിരല്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാറ്റൂര്‍ എഴുതിയ ഈ നോവല്‍ ഇന്നത്തെ കാലത്തിന്റെ ചൂണ്ടുപലകയാണ്. ആറാംവിരല്‍ സമ്മാനിക്കുന്ന വായനാനുഭവം കാലത്തിന് മുമ്പേ നടന്ന എഴുത്തുകാരന്റെ ഭാവനയുടേതാണ്.ആത്മീയത എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്ന് തുറന്നുകാട്ടുന്ന രചനയാണ് 1994 ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മലയാറ്റൂര്‍ രാമകൃഷ്ണന്റെ ‘ആറാംവിരല്‍‘ എന്ന നോവല്‍.
ക്ഷയിച്ചുപോയ മുളങ്കുന്നം തറവാട്ടിലെ ഇളയ സന്തതിയാണ് പതിനഞ്ചു വയസ്സുള്ള വേദരാമന്‍. കൂട്ടുകാരന്‍ മുകുന്ദനുമായി ചേര്‍ന്ന് അമ്പലത്തിലെ ഉരുളി മോഷ്ടിച്ച കേസിലാണ് പോലീസ് പിടിയിലകപ്പെട്ടത്. പ്രതിയുടെ പ്രായം കണക്കിലെടുത്തു കോടതി വേദരാമനെ താകീത് ചെയ്തു വിട്ടയക്കാന്‍ തീരുമാനിക്കുന്നു. വിരലടയാളമെടുത്തു വിട്ടയക്കാന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തങ്കപ്പന്‍പിള്ള വെളിയില്‍ കൊണ്ടുവന്നപ്പോഴാണ് വേദരാമന്റെ ഇടതുകൈയില്‍ തള്ള വിരലിനോട് ചേര്‍ന്ന് ആറാമതൊരു വിരല്‍കൂടി ഉണ്ടെന്നു കണ്ടുപിടിച്ചത് .
ജയിലില്‍ നിന്നിറങ്ങിയ വേദരാമന്‍, തന്റെ ഭാവി ചോദ്യചിഹ്നമായി മുന്നില്‍ നിന്നപ്പോള്‍ ഒടുവില്‍ സ്‌കൂളില്‍ പോകാന്‍തന്നെ തീരുമാനിച്ചു. വേദരാമന്‍ സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്‍ ചെറിയാന്‍ മുന്‍ഷിയെ കാണുകയും സ്‌കൂള്‍ മാനേജര്‍ ഗാന്ധി വിക്രമന്‍പിള്ളയുടെ സമ്മതത്തോടെ വീണ്ടും പഠനം തുടരുകയും ചെയ്യുന്നു. വിക്രമന്‍പിള്ളയുടെ സഹായിയുമായുള്ള പരിചയം കുന്നിന്‍പുറത്തുള്ള വിക്രമന്‍ പിള്ളയുടെ വീട്ടിലേക്കും, വെള്ളം കിട്ടാതിരുന്ന കുന്നിന്‍പുറത്തു കിണറിനു സ്ഥാനം കാണിച്ചുകൊടുക്കുകയും അവിടെ കിണര്‍ കുഴിപ്പിക്കുവാന്‍ വിക്രമന്‍പിള്ള തയ്യാറാവുകയും ചെയ്യുന്നു.
കുന്നിന്‍പുറത്തു ഉറവ കണ്ടതോടുകൂടി വേദരാമന് അത്ഭുത സിദ്ധി ഉണ്ടെന്നും ആറാം വിരല്‍ ആണ് അതിനു കാരണമെന്നും ആളുകള്‍ വിശ്വസിക്കുന്നു. സ്‌കൂള്‍ ഫൈനല്‍ പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ മൂന്നാം റാങ്കോടുകൂടി പാസായ വേദരാമനെ കോളേജ് പഠനത്തിനായി കൊച്ചിയിലെ സുഹൃത്ത് മാധവന്‍ നായരുടെ അടുത്തേക്ക് വിക്രമന്‍പിള്ള ഒരു കത്തുമായി പറഞ്ഞയക്കുന്നു. വേദരാമനില്‍ അത്ഭുത സിദ്ധിയുണ്ടെന്നു മനസ്സിലാക്കിയ മാധവന്‍ നായര്‍ മദ്രാസില്‍ വ്യവസായി ചിന്നപ്പ ഗ്രുപ്പ് ചെയര്‍മാന്‍ ചിന്നപ്പയെ പരിചയപ്പെടുത്തുന്നു. വ്യവസായി ചിന്നപ്പയും മാധവന്‍ നായരും സുരേഖയും ചേര്‍ന്ന് വേദരാമനിലെ ബിസിനസ് സാധ്യത മനസ്സിലാക്കി വേദനെ ‘വേദന്‍ ബാബ’യാക്കി കോടികള്‍ മുടക്കി തിരുവാണ്‍മിയൂരില്‍ ഹൈടെക് ആശ്രമം പണിതുയര്‍ത്തി അതില്‍ വാഴിക്കുന്നു.
മുഖ്യമന്ത്രി അരുണഗിരിയടക്കം രാഷ്ട്രീയ വ്യാവസായിക രംഗത്തെ പലരെയും വേദന്‍ബാബയുടെ ശിഷ്യരാക്കാനും ഡല്‍ഹിയില്‍ നടക്കുന്ന തീരുമാനങ്ങളില്‍ വരെ ചരടുവലി നടത്താനും പ്രധാനമന്ത്രിയെ അടക്കം നിയന്ത്രിക്കാനും മദ്രാസ് ലോബിക്ക് സാധിക്കുന്നു. വേദന്‍ ബാബയെ കരുവാക്കി കോടികള്‍ സമ്പാദിച്ചു സസുഖം വാഴുന്ന ലോബിയുടെ അടിമയാണ് താനെന്നു തിരിച്ചറിയുന്ന വേദന്‍ബാബ ഒരു യാത്രാ മദ്ധ്യേ വാഹനത്തില്‍നിന്നും വഴിയിലിറങ്ങി എങ്ങോട്ടോ ഒടിമറയുന്നു.
അലഞ്ഞുതിരിഞ്ഞു വീണ്ടും വേദന്‍ ആശ്രമത്തില്‍ എത്തുന്നു. താന്‍ ഭഗവാനല്ലെന്നും ജ്ഞാനിയല്ലെന്നും തന്റെ ആറാം വിരല്‍ വെറും തട്ടിപ്പാണെന്നും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴും ആരും തന്നെ ഇനി മനസ്സിലാക്കില്ലെന്നു കണ്ട വേദന്‍ തന്റെ ആറാം വിരല്‍ ഛേദിച്ചു കളയുന്നതോടെ വേദന്‍ബാബ മരിച്ചു വീഴുന്നു. ആശ്രമ മുറ്റത്തെ ഗാര്‍ഡനില്‍ ഭഗവാന്‍ അടക്കം ചെയ്യപ്പെടുന്നു. അവിടെ മാര്‍ബിളില്‍ കൊത്തിവച്ചു…
‘വേദന്‍ബാബ ജനിച്ചില്ല…
വേദന്‍ബാബ മരിച്ചില്ല …..’
അറ്റുവീണ ആറാം വിരല്‍ തിരുശേഷിപ്പായി പ്രാര്‍ത്ഥനാ ഹാളിലെ താമരപ്പൂ മണ്ഡപത്തില്‍ ഒരു ഗ്ലാസ് പേടകത്തില്‍ പ്രകാശിച്ചുകൊണ്ടേ ഇരിക്കുന്നു. കനത്ത കാവലില്‍.
ഭക്തജനങ്ങളുടെ പ്രവാഹം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു…
വെള്ളിപോലെ നരച്ച മുടിയില്‍ വിരലോടിച്ചുകൊണ്ട് സുരേഖയെന്ന യോഗിനിയമ്മ മന്ത്രിക്കുന്നു… ‘വരൂ, ഞാന്‍ ഭഗവാന്റെ കഥ പറയാം’ എന്നുപറഞ്ഞു നോവല്‍ അവസാനിക്കുന്നു.
മലയാറ്റൂര്‍ രാമകൃഷ്ണന്റെ ഭാവനാനിറംപകരുന്ന ഈ അപൂര്‍വ്വ സൃഷ്ട്ടി അനുവാചകന് നവ്യാനുഭവം പകരുമെന്നതില്‍ തര്‍ക്കമില്ല..! പുസ്തകത്തിന്റെ പതിനൊന്നാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.