ദ്രുമിള രാജാവിന്റെ പത്നി കലാവതി ഒരാൺ കുഞ്ഞിന് ജന്മം നൽകി. ചാന്ദ്ര തേജസ്സാർന്ന ഒരു കുഞ്ഞ്. അവൻ പിറന്നു വീണയുടനെ മറ്റൊരത്ഭുതവും സംഭവിച്ചു . കൊടിയ വരൾച്ചയുടെ പിടിയിൽ അമർന്നു കഴിയുകയായിരുന്ന ആ ഗ്രാമത്തിന്റെ ആകാശവീഥികളിൽ കാർമേഘം വന്നു നിറഞ്ഞു. കനത്ത മഴ ഗ്രാമത്തെ കുതിർത്തു. ഗ്രാമീണർ ആനന്ദ നൃത്തമാടി. നാരം (ജലം) ദാനം ചെയ്യുന്നവൻ എന്ന അർഥത്തിൽ ആ ശിശു നാരദൻ എന്നറിയപ്പെട്ടു. പുരാണങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നാരദന് ഏഴു ജന്മങ്ങൾ ഉണ്ടായിരുന്നു. ആ ജന്മങ്ങളിലൂടെ ഒരു യാത്രയാണ് നാരദൻ.
നാരദോൽപ്പത്തി , ഗന്ധർവ്വജന്മം , ജലദാനം , വാനര ജന്മം , ദക്ഷ ശാപം , പുഴുജന്മം , തുടങ്ങി പുരാണങ്ങളിലെ സർവ്വവ്യാപിയായ കഥാപാത്രമായ നാരദന്റെ വിവിധ ജന്മങ്ങളെ കുറിച്ചുള്ള കഥകളും , അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന സംഭവ വികാസങ്ങളും പറയുന്ന പുസ്തകമാണ് ഡി സി ബുക്സ് മാമ്പഴം പ്രസിദ്ധീകരണമായ നാരദൻ. കഥയുടെ പുനരാഖ്യാനം നിർവ്വഹിച്ചിരിക്കുന്നത് ഡോ. കെ ശ്രീകുമാർ ആണ്.
അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസ സഞ്ചയത്തെ കുട്ടികൾക്കും മുതിർന്നവർക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് ” പുരാണ കഥാപാത്രങ്ങൾ ”. എണ്ണമില്ലാത്ത കഥാപാത്രങ്ങളും തീരാത്ത കഥകളുമായി സമ്പന്നമാണ് നമ്മുടെ ഇതിഹാസങ്ങൾ. ഭീഷ്മർ , ഹനുമാൻ , ദ്രൗപദി , ഗാന്ധാരി , രാവണൻ , സീത , കുന്തി , വിശ്വാമിത്രൻ , യയാതി , കണ്ണകി , സത്യവതി , ദ്രോണർ , ഘടോത്കചൻ , നാരദൻ തുടങ്ങി പ്രോജ്ജ്വലങ്ങളായ നിരവധി പുരാണ കഥാപാത്രങ്ങൾ നമുക്കുണ്ട്. ഇതിഹാസത്തിലെ അനശ്വര കഥകൾ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന പുരാണകഥാപാത്ര പരമ്പര കുട്ടികൾക്കായി ഒരുക്കുകയാണ് ഡി സി മാമ്പഴം.
കുട്ടികൾക്കൊപ്പം മുതിർന്നവർക്കും ആസ്വാദ്യകരമാകും വിധം തയ്യാറാക്കിയ ഈ കഥകൾ എല്ലാംതന്നെ തികച്ചും ലളിതമാണ്. പ്രശസ്ത ബാലസാഹിത്യകാരന്മാരായ ഡോ. കെ ശ്രീകുമാർ. ഡോ. പി കെ ചന്ദ്രൻ , ഉല്ലല ബാബു , പി രമ തുടങ്ങിയവരാണ് കഥകളുടെ പുനരാഖ്യാനം നിർവ്വഹിച്ചിരിക്കുന്നത്.