ഹൃദ്രോഗത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലിരിക്കുന്ന പ്രശസ്ത അർബുദരോഗ ചികിത്സാവിദഗ്ദൻ ഡോ.വിപി ഗംഗാധരൻ എഴുതുന്നു.
ഒന്നു കാണണം എന്നാവശ്യപ്പെട്ട് ഫോൺ വന്നപ്പോൾ അവരെ നിരുത്സാഹപ്പെടുത്താനാണ് ശ്രമിച്ചത്… ‘ആശുപത്രിയിൽ പോകാൻ തുടങ്ങിയിട്ടില്ല. ഒന്നുരണ്ടാഴ്ച കൂടി കഴിഞ്ഞിട്ടേ വീട്ടിലും ആളുകളെ കാണുന്നുള്ളൂ’ എന്നു പറഞ്ഞു. എന്നാൽ, ‘‘ഡോക്ടറേ, ഇന്നെന്റെ പിറന്നാളാണ്. അമ്പലത്തിലൊക്കെ പോയി ഡോക്ടറുടെ അടുത്തും ഒന്നു കയറി കണ്ടിട്ടുവരണം എന്ന ആഗ്രഹം കൊണ്ടാണ് വിളിച്ചത്’’ എന്നു പറഞ്ഞപ്പോൾ പിന്നെ വിലക്കാനായില്ല. എട്ടുപത്ത് വർഷമായി ചികിത്സയിലുള്ള സ്ത്രീയാണ്, പത്തെഴുപതു വയസ്സായിട്ടുണ്ടാവും. അവരുടെ പിറന്നാളായിരുന്നെങ്കിലും പ്രത്യേകം പൂജ കഴിപ്പിച്ച് അതിന്റെ പ്രസാദം കൊണ്ടുവന്നു തരാൻ വേണ്ടിയാണ് അവർ അനുവാദം ചോദിച്ചു വന്നത്.
രോഗിയായി വീട്ടിലിരിക്കുന്നത് സുഖമുള്ള കാര്യമൊന്നുമല്ല. എങ്കിലും കഴിഞ്ഞ പത്തറുപതു വർഷത്തെ ജീവിതം സാർഥകമായിരുന്നു എന്ന ബോധ്യമുണ്ടാക്കിത്തന്നു ഈ രോഗവിശ്രമ ദിനങ്ങൾ എന്നു പറയാതെ വയ്യ. നമുക്ക് പ്രത്യേകിച്ചെന്തെങ്കിലും അധികാരമുണ്ടായിട്ടോ ആരുടെയെങ്കിലും ആരാധനാ പാത്രമായിട്ടോ ഒന്നുമല്ല, ആരാധനയോ ബഹുമാനമോ ഒന്നുമല്ല, സഹതാപവുമല്ല. മറിച്ച് സ്നേഹം ഒന്നു കൊണ്ടുമാത്രം നിരവധിയാളുകൾ എനിക്കായി പ്രാർഥിച്ചു. രോഗിയായോ പ്രസംഗവേദിയിലെ കേൾവിക്കാരായോ ഒന്നും ഒരു പരിചയവുമില്ലാത്ത നൂറുനൂറാളുകൾ അവരുടെ പ്രാർഥനയിൽ ഒരു ഡോ. ഗംഗാധരനെയും ഉൾപ്പെടുത്തി. ‘ഈ ആൾ ആരോഗ്യത്തോടെ ജീവിച്ചിരിക്കേണ്ടത് തങ്ങളുടെ കൂടി ആവശ്യമാണെന്ന് മറ്റൊരാൾക്കു തോന്നുന്നുവെങ്കിൽ അവിടെ നമ്മുടെ ജീവിതം ധന്യമായി’ എന്നാണെനിക്കു തോന്നുന്നത്. അങ്ങനെ ജീവിതധന്യത അുഭവിച്ചറിഞ്ഞ… അറിയുന്ന ദിവസങ്ങളാണിത്.
കാസർകോട്ടു നിന്ന് ഒരു രോഗി വിളിച്ചു പറഞ്ഞു: ‘‘അയ്യോ! ഡോക്ടർക്ക് ഹാർട്ടറ്റാക്ക് വന്നത് ഞാനറിഞ്ഞിരുന്നില്ല. പള്ളിയിൽ വിളിച്ചുപറഞ്ഞു, ഡോക്ടർക്കുവേണ്ടി പ്രാർഥിക്കണമെന്ന് അപ്പോഴാണ് അറിഞ്ഞത്…’’
കഴിഞ്ഞ ദിവസം ഒരാൾ വന്നിട്ടു പറഞ്ഞു: ‘‘ഡോക്ടർ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു മിനിറ്റ് ഒന്നു നിൽക്കണം…’’ അദ്ദേഹം എന്റെയും ചിത്രയുടെയും തലയിൽ മൂന്നുവട്ടം ഉഴിഞ്ഞ് അതുമായി പോയി. ഞങ്ങൾക്കു വിശ്വാസമുള്ളത് ആ മനുഷ്യന്റെ സ്നേഹത്തിലാണ്… ആ സ്നേഹം ദിവ്യചൈതന്യമുള്ളതു തന്നെയാണ്.
കൊച്ചിൻ കാൻസർ സൊസൈറ്റിയിലെ പ്രിയ സുഹൃത്ത് നാരായണൻ അദ്ദേഹത്തിന്റെ നാട്ടിലെ ക്ഷേത്രത്തിൽ പൂജ ചെയ്യാനായി ചെന്നപ്പോൾ അവിടത്തെ പൂജാരി ചോദിച്ചു: ‘നാരായണൻ സാറേ, ഞാനൊരു പൂജനടത്തി പ്രസാദം എടുത്തു വെച്ചിട്ടുണ്ട്. ഇതൊന്ന് ഡോക്ടർക്ക് എത്തിക്കാമോ…?’ അദ്ദേഹം നേരത്തേ പരിചയമുള്ളയാളാണ്. അദ്ദേഹത്തിന്റെ സഹോദരി കുറച്ചുനാൾ ചികിത്സയിലുണ്ടായിരുന്നു. എന്നാലും കഴിക്കാനെത്തിയ പൂജ, നേരത്തേതന്നെ ചെയ്തു വെച്ചിരുന്നു എന്നറിയുമ്പോഴുണ്ടായ, അതിശയം നിറഞ്ഞ ആ സന്തോഷമുണ്ടല്ലോ… അത് ഒന്നു വേറെയാണ്.
വാട്‌സ് ആപ്പും ഫേസ്ബുക്കും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ, പലതരത്തിലാണെങ്കിലും ഡോ. ഗംഗാധരന്റെ അസുഖ വാർത്ത പ്രചരിച്ചപ്പോൾ ബഹുഭൂരിപക്ഷം പേരും അവരുടെ പ്രാർഥനയിൽ ചേർത്തുവെച്ച് ഒരെളിയ ജീവിതത്തെ കൂടുതൽ ധന്യമാക്കി. അതു നമുക്കു നൽകുന്ന പോസിറ്റീവ് സ്പിരിറ്റ് പറഞ്ഞറിയിക്കാൻ എളുപ്പമല്ല. കൂടുതൽ ഉത്തരവാദിത്വത്തോടെ, കൂടുതൽ കർമവ്യഗ്രതയോടെ ജീവിക്കാനുള്ള വലിയ പ്രചോദനമാണ് അതു തരുന്നത്.
മലബാറിൽ നിന്ന് വിളിച്ച ഒരാൾ… കുറച്ചു കാലം ചികിത്സ കഴിഞ്ഞ് ഇപ്പോഴും ഇടയ്ക്കിടെ തുടർ ചികിത്സകൾക്കു വരുന്നയാളാണ്. അദ്ദേഹം പറഞ്ഞു: ‘‘ഡോക്ടറേ എന്റെ ജീവൻ എടുത്താലും കുഴപ്പമില്ല ഡോക്ടർക്ക് കുഴപ്പമൊന്നും വരരുതേ എന്നാണ് ഞാൻ പ്രാർഥിച്ചത്’’ എന്നായിരുന്നു. ആരാണ് പറയുന്നത് പ്രാർഥനയ്ക്ക് ശക്തിയില്ലെന്ന് ? സ്നേഹത്തിന്റെയും പ്രാർഥനയുടെയും ആ ശക്തികളല്ലാതെ മറ്റെന്താണ് ഇപ്പോഴും ഈ ലോകത്തെ നന്മയോടെ നിർത്തുന്നത്? അതു നൽകുന്ന ചൈതന്യം ഒന്നു വേറെയാണ്. അതിനു മുന്നിൽ നന്ദിയുടെ വാക്കുകളൊക്കെ എത്രയോ നിസ്സാരമായിപ്പോകുന്നു…
കടപ്പാട്: മാതൃഭൂമി