”എവിടെ നിന്നോ ഒരു രാത്രി പുഴയും നീന്തി വന്ന ഫയല്‍വാന്‍ തയ്യല്‍ക്കാരന്‍ മേസ്ത്‌രിയുടെ മേല്‍നോട്ടത്തില്‍ ഗ്രാമത്തില്‍ താമസമുറപ്പിക്കുന്നു. മേസ്ത്‌രി ഏര്‍പ്പാടാക്കിക്കൊടുക്കുന്ന ഗുസ്തികളില്‍ എതിരാളികളെയെല്ലാം തോല്‍പ്പിച്ചു ഫയല്‍വാന്‍ ഗ്രാമാവാസികള്‍ക്കിടയില്‍ നായക പരിവേഷം നേടുന്നു. പിന്നീട് ഗ്രാമത്തിലെ സുന്ദരിയായ ചക്കരയെ കല്യാണം കഴിക്കുകയും ചെയ്യുന്നു. പക്ഷെ ക്രമേണ ഗുസ്തിക്കാരാരും വരാതാവുകയും വരുമാനം കുറഞ്ഞു തുടങ്ങുകയും ചെയ്യുമ്പോള്‍ കണ്ടമാനം ഭക്ഷണം കഴിക്കുകയും പണിയൊന്നും എടുക്കാതെ സദാ കസര്‍ത്ത് ചെയ്യുകയും ചെയ്യുന്ന ഫയല്‍വാന്‍, മേസ്ത്‌രിക്കൊരു ബാദ്ധ്യതയാകുന്നു. തടിമിടുക്കുണ്ടെങ്കിലും അയാള്‍ ഒരു പുരുഷത്വമില്ലാത്തവനാണെന്ന് അറിയുന്നതോടെ ചക്കരയും അയാളെ ഉപേക്ഷിക്കുന്നു. ഒടുവില്‍ വന്നത് പോലെ എങ്ങോട്ടെന്നറിയാതെ ഫയല്‍വാന്‍ നടന്നകലുന്നു..”
പി. പത്മരാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 1981ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരിടത്തൊരു ഫയല്‍വാന്‍. റഷീദ്, നെടുമുടി വേണു, ജയന്തി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിരിച്ചത്. പത്മരാജന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്.
ഗോദയിലെ അജയ്യനായ ഒരു ഫയല്‍വാന്റെ ജീവിത പരാജയത്തിന്റെ കഥയാണ് ഈ ചിത്രം. നിരൂപക ശ്രദ്ധ നേടിയ ഈ ചിത്രം കോലാലംപുര്‍, ഡാല്ലാസ് ഫിലിം ഫെസ്റ്റിവലുകളില്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1981ല്‍ റിലീസായ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രത്തിന്റെ തിരക്കഥ 2015 ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുകയുണടായി. ഇപ്പോള്‍ ഇതിന്റെ 6-ാമത് പതിപ്പ് പുറത്തിറങ്ങി.
മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളും വൈകാരികാവസ്ഥകളും പ്രതികാരവുമെല്ലാം ചേരുന്ന ഈ ഗ്രാമീണകഥയുടെ തിരക്കഥയ്ക്ക് ഇന്നത്തെ കാലത്ത് ഏറെ പ്രസക്തിയുണ്ട്. മലയാള സിനിമയില്‍ യുവത്വത്തിന്റെ ആഘോഷമായി മാറിയ ഒരിടത്തൊരു ഫയല്‍വാന്‍ പ്രമേയത്തിന്റെയും ആഖ്യാനത്തിന്റെയും പ്രത്യേകത കൊണ്ട് എക്കലവും ശ്രദ്ധേയമാണ്. ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് തിരക്കഥാരചനയുടെ തന്ത്രങ്ങള്‍ പഠിക്കാനുതകുന്ന കൃതിയെന്ന നിലയില്‍ ഇതിന്റെ പ്രസക്തി ഏറെയാണ്.
നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍ പുറങ്ങളെക്കുറിച്ചല്ല, അന്തരിച്ച ചലച്ചിത്രകാരന്‍ പി.പത്മരാജന്‍ തന്റെ എഴുത്തിലൂടെയും സിനിമയിലൂടെയും പറഞ്ഞിട്ടുള്ളത്. പച്ചമനുഷ്യരുടെതായ എല്ലാ ഗുണങ്ങളുടെയും ദുര്‍ഗുണങ്ങളുടെയും മൂര്‍ത്തീഭാവങ്ങളാണ് ഓരോ പത്മരാജന്‍ കഥാപാത്രവും. നാട്ടിന്‍പുറത്തെ നായകന്‍ നന്മകളുടെ വിളനിലമായിരിക്കണമെന്ന സങ്കല്പത്തെ മറ്റിമറിച്ച അനവധി ചിത്രങ്ങള്‍ അദ്ദേഹം മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ പത്മരാജന്റെ സിനിമാ ജീവിതത്തെ തേടിയെത്തിയിട്ടുണ്ട്. തിരക്കഥാസാഹിത്യത്തില്‍ മാത്രമല്ല നോവല്‍ ശാഖയിലും അ്‌ദ്ദേഹം തന്റെ പ്രതിഭതെളിയിച്ചിട്ടുണ്ട്.
പത്മരാജന്‍ രചിച്ച നക്ഷത്രങ്ങളേ കാവല്‍ എന്ന നോവല്‍ 1971ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും കുങ്കുമം അവാര്‍ഡും കരസ്ഥമാക്കി. പത്മരാജന്റെ കഥകളും നോവലുകള്‍ രണ്ട് വാല്യങ്ങളിലായി സമാഹരിച്ച് പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണ്ണം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.