ചാർളി ബക്കറ്റിനു ചോക്ലേറ്റ് മറ്റെന്തിനേക്കാളും വളരെ ഇഷ്ടമാണ്. വയറു നിറയെ ചോക്ലേറ്റ് കഴിക്കണമെന്നതാണ് ചാർളിയുടെ വലിയ സ്വപ്നം. അപ്പോഴാണ് ചോക്ലേറ്റ് ഫാക്ടറി ഉടമയായ മിസ്റ്റർ വില്ലി വോങ്ക ലോകത്തിലേക്കും ഏറ്റവും വിചിത്രമായൊരു ആശയവുമായി മുന്നോട്ടു വരുന്നത്. തന്റെ ചോക്ലേറ് ഫാക്ടറി ഭാഗ്യവാന്മാരായ അഞ്ചു കുട്ടികൾക്കായി തുറന്നു കൊടുക്കാൻ അയാൾ തീരുമാനിക്കുന്നു. ജീവിതത്തിലൊരിക്കൽ മാത്രം നേടാനാകുന്ന ഒരവസരമാണിത്. പല തരത്തിലുള്ള മധുര പലഹാരങ്ങളും ചോക്ലേറ്റ് നദിയുമാണവിടെ ഈ ഭാഗ്യവാന്മാരെ കാത്തിരിക്കുന്നത്. അവിടെ എത്തിപ്പെടാനുള്ള ഗോൾഡൻ ടിക്കറ്റ് മാത്രമാണ് ചാർളിക്ക് വേണ്ടത്. അവിടുള്ളതെല്ലാം പിന്നീടവന് സ്വന്തം.
ഇരുപതാം നൂറ്റാണ്ടിലെ മഹാനായ, കുട്ടികളുടെ കഥാകാരന്‍ എന്ന് ഖ്യാതിനേടിയ ആളാണ് റൊവാള്‍ഡ് ഡാല്‍ (Roald Dhal). നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കവി, തിരക്കഥാ രചയിതാവ് എന്നീ നിലകളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള റൊവാള്‍ഡ് ഡാല്‍ പ്രധാനമായും അറിയപ്പെടുന്നത് കുട്ടികളുടെ കഥാകാരന്‍ എന്ന പേരിലാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ 250 ദശലക്ഷം പ്രതികള്‍ ലോകമെമ്പാടും വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. നിരവധി ലോകഭാഷകളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്.
ഡാലിന്റെ ആദ്യകഥ പ്രസിദ്ധീകരിച്ചുവന്നത് ഈവിനിങ് പോസ്റ്റിലാണ്. 1961-ല്‍ ‘ജെയിംസ് ആന്‍ഡ് ദ ജയന്റ് പീച്ച്’ എന്ന പുസ്തകം പുറത്തുവന്നതോടെ പ്രിയപ്പെട്ട എഴുത്തുകാരനായി ഡാല്‍ കുട്ടികളുടെ ഹൃദയത്തില്‍ സ്ഥാനംപിടിച്ചു. നിരൂപകപ്രശംസ പിടിച്ചുപറ്റിയ ഈ പുസ്തകം വമ്പിച്ച സാമ്പത്തികവിജയംകൂടിയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ‘ചാര്‍ളി ആന്‍ഡ് ദ ചോക്കലേറ്റ് ഫാക്ടറി’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെ ഡാല്‍ കുട്ടികളുടെ എഴുത്തുകാരന്‍ എന്ന നിലയില്‍ കുഞ്ഞുമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടി. പതിറ്റാണ്ടുകള്‍ക്കുശേഷം ഈ രണ്ടു പുസ്തകങ്ങളും ജനശ്രദ്ധ ആകര്‍ഷിച്ച ചലച്ചിത്രങ്ങളായി. ചാര്‍ളി ആന്‍ഡ് ദ ചോക്കലേറ്റ് ഫാക്ടറി എന്ന പുസ്തകം ചലച്ചിത്രമാക്കിയപ്പോള്‍ പേര് ‘വില്ലി വോന്‍ഗ ആന്‍ഡ് ദ ചോക്കലേറ്റ് ഫാക്ടറി’ എന്നാക്കി.
ഡി സി യുടെ കൊച്ചുകൂട്ടുകാർക്കു വേണ്ടിയുള്ള മാമ്പഴം പ്രസിദ്ധീകരണത്തിന് വേണ്ടി ‘ചാര്‍ളി ആന്‍ഡ് ദ ചോക്കലേറ്റ് ഫാക്ടറി’ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ജോസഫ് ലായേൽ ആണ്. ചാര്‍ളിയും ചോക്ലേറ് ഫാക്ടറിയും എന്ന പുസ്തകത്തിന്റെ ആദ്യ ഡി സി പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.