ബാലസാഹിത്യം എന്ന മേഖലയില്‍ നിരവധി ക്ലാസ്സിക് സൃഷ്ടികളാണ് വര്‍ഷങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലും മലയാളത്തിലുമായി ഒട്ടനവധി കഥാപാത്രങ്ങള്‍ കുട്ടികളുടെ ചിന്താലോകത്തെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ തലമുറ എത്രത്തോളം സാഹിത്യത്തോട് അടുത്തു നില്‍ക്കുന്നു എന്നുള്ളത് ഒരു ചോദ്യമാണ്.
കുട്ടികളെ കഥകളുടെ ലോകത്തേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി ഒരു നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുകയാണ്. അധ്യാപകനും എഴുത്തുകാരനുമായ നിധീഷ് നടേരിയുടെ കഥയിറങ്ങി വരുന്നവരാര് എന്ന ചെറുനോവല്‍ കഥാസാഹിത്യലോകത്ത് വേറിട്ടുനില്‍ക്കുന്നതും ഈ പ്രത്യേകത കൊണ്ടാവും. കുട്ടികള്‍ ഇഷ്ടപ്പെടുന്ന സാഹിത്യ സൃഷ്ടികളെ തിരഞ്ഞെടുത്ത് സിദ്ധു എന്ന കുട്ടിയുടെ സ്വപ്‌നലോകത്തേയ്ക്ക് കടത്തി വിടുകയാണ് കഥാകൃത്ത്.
അത്ഭുതലോകത്തില്‍ നിന്നും ആലീസും അവളുടെ മുയലും ലില്ലിപ്പുട്ടില്‍ നിന്നും ഗളിവറും ഇരുപത് വര്‍ഷത്തെ ഉറക്കത്തില്‍നിന്നും ഉണര്‍ന്ന റിപ് വാന്‍ വിങ്ക്‌ളും ആംഗലേയസാഹിത്യത്തില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരായ വൈക്കം മുഹമ്മദ് ബഷീര്‍, ഒ വി വിജയന്‍, എം ടി വാസുദേവന്‍ നായര്‍, എം മുകുന്ദന്‍ എന്നിവരുടെ തൂലികയില്‍പ്പിറന്ന മൂക്കനും അപ്പുക്കിളിയും അപ്പുണ്ണിയും അല്‍ഫോസന്‍അച്ചനും ഈ നോവലിന്റെ ഭാഗമാകുന്നു. കഥകളില്‍ നിന്നും കഥകളിലേയ്ക്ക് സുഖകരമായ യാത്ര സാധ്യമാക്കുന്ന എക്കാലെത്തെയും ക്ലാസ്സിക് സൃഷ്ടി ആയിരത്തൊന്ന് രാവുകള്‍ എന്ന അറേബ്യന്‍ നാടോടിക്കഥയില്‍നിന്നും കഥാപാത്രങ്ങള്‍ രൂപപ്പെടുന്നുണ്ട് ഈ നോവലില്‍.
വേറിട്ടൊരു വായനാനുഭവമാണ് കുട്ടികള്‍ക്കായ് എഴുതപ്പെട്ടിട്ടുള്ള കഥയിറങ്ങി വരുന്നവരാര് എന്ന ചെറുനോവല്‍ നല്‍കുന്നത്. ബാലസാഹിത്യത്തില്‍ ഇതൊരു പരീക്ഷണമാണ് എന്നു പറയാം. ഈ നോവലിലൂടെ കുട്ടികള്‍ക്ക് നിരവധി കഥകളുടെ വിസ്മയലോകത്തേയ്ക്കുള്ള വാതായനമാണ് തുറന്നു കിട്ടുന്നത്. അത്ഭുതലോകത്തില്‍ ആലീസ്, ഗളിവറുടെ യാത്രകള്‍, റിപ് വാന്‍ വിങ്കിള്‍ മറ്റ് കഥകളും, വിശ്വവിഖ്യാതമായ മൂക്ക്, ദൈവത്തിന്റെ വികൃതികള്‍, ഖസാക്കിന്റെ ഇതിഹാസം, ആയിരത്തൊന്ന് രാവുകള്‍ തുടങ്ങി ഈ നോവലില്‍ സൂചിപ്പിച്ചിരിക്കുന്ന പുസ്തകങ്ങള്‍ നമുക്ക് ലഭ്യമാണ്. ടാബും വീഡിയോ ഗെയിമും പരിചയപ്പെടുന്നതിനൊപ്പം സാഹിത്യത്തിന്റെ നറുമണംകൂടി കൂടി കുട്ടികള്‍ അറിയട്ടെ.