ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ സ്വത്ത്. അതിന്റെ അഭാവത്തില്‍ ബാക്കിയെല്ലാം നിഷ്പ്രഭമാണ്. ഋഷികളും ആചാര്യന്മാരും യോഗികളും നമ്മുടെ പൂര്‍വ്വികരും ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യസംരക്ഷണത്തിന് അതീവ ശ്രദ്ധാലുക്കളായിരുന്നു. അതിന് അവര്‍ സ്വീകരിച്ച മാര്‍ഗ്ഗമാണ് യോഗാസനം.
ആരോഗ്യം സംരക്ഷിക്കേണ്ടതും സമ്പാദിക്കേണ്ടതും നമ്മുടെ ആവശ്യമാണ്. ആഹാരം പോലെ തന്നെ ശരീര സംരക്ഷണത്തിനും രോഗനിവാരണത്തിനുമുളള അനുപേക്ഷണീയ ഘടകമാണ് വ്യായാമം . ഇന്നത്തെ കമ്പ്യുട്ടര്‍യുഗത്തില്‍ വ്യായാമരഹിതമായ ജീവിതശൈലി ഭൂരിപക്ഷത്തെയും രോഗികളാക്കി മാറ്റുന്നു. ഇത് അകറ്റനുളള ഒരേഒരു മാര്‍ഗ്ഗം വ്യായാമം ചെയ്യുക മാത്രമാണ്. മറ്റൊരാളുടെ സഹായമില്ലാതെയും ഉപകരണവും കൂടാതെ നിര്‍വഹിക്കാനുളള ഒരു എളുപ്പ മാര്‍ഗ്ഗമാണ് യോഗാസനങ്ങള്‍.
ശരീരത്തിലെ മലിനപ്പെടുത്തുന്ന വസ്തുക്കള്‍ അടിഞ്ഞുകൂടാതെ സൂക്ഷിച്ചാല്‍ രോഗത്തെ ഭയപ്പെടേണ്ടതില്ല. യുവാവ് , വ്യദ്ധന്‍, അതിവ്യദ്ധന്‍, ദുര്‍ബലന്‍, വ്യാധിതന്‍ ഇവര്‍ക്കെല്ലാം യോഗാസനങ്ങള്‍ ചെയ്യാമെന്നാണു ശാസ്ത്രവിധി. ഒരോരുത്തര്‍ക്കും അനുയോജ്യമായ ആസനങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. ഒരു ബെഡ്ഷീറ്റ് ഒഴികെ മറ്റു യാതൊരു ഉപകരണങ്ങളും അതിനു ആവശ്യമില്ല.
യോഗാസനങ്ങള്‍ ശാസ്ത്രീയമായി പഠിക്കുക, ക്ഷമയോടും ക്യത്യനിഷ്ഠയോടും കൂടി ചെയ്യുക എന്നതാണ് പ്രധാനം.യോഗാഭ്യാസങ്ങള്‍ കൊണ്ടു ശരീരത്തിനു മാത്രമല്ല മനസ്സിനും പ്രയോജനമുണ്ട്. പ്രത്യേക പ്രയ്ത്‌നമൊന്നും കൂടാതെതന്നെ മനസ്സിന്റെ ചപലതകളും ദുശ്ശീലങ്ങളും സ്വയം മാറിക്കൊളളും. ജീവിതത്തില്‍ നേരിടുന്ന എല്ലാപ്രതിസന്ധികളെയും ധീരമായും ശാന്തമായും അതിജീവിക്കാന്‍ യോഗ അഭ്യസിക്കുന്നതിലൂടെ സാധിക്കും.
മനോവ്യാപാരങ്ങളെ നിരോധിക്കുന്നതാണ് യോഗ. യോഗ ദിനചര്യയാക്കുവാന്‍ ശീലിക്കുന്നവര്‍ക്കുളള എളുപ്പമാര്‍ഗ്ഗങ്ങളാണ് യോഗാചാര്യ ഗോവിന്ദന്‍നായരുടെ യോഗ്യവിദ്യ എന്ന പുസ്തകം പരിചയപ്പെടുത്തുന്നത്. ഡി സി ബുക്‌സ് ലൈഫ്ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ 25-ാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.