മാതൃഭാഷയില്‍ നിന്നുള്ള കൃതികളുടെ അകല്‍ച്ച നമ്മുടെ ബാലസാഹിത്യവളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും, കഥകള്‍ പറഞ്ഞുകൊടുത്തും മുത്തശ്ശിക്കവിതകള്‍ ചൊല്ലിക്കൊടുത്തും നല്ല കവിതാഭാഗങ്ങള്‍ കാണാതെ പഠിപ്പിച്ച് അക്ഷര ശ്ലോകങ്ങള്‍ പരിചയിച്ചും ഭാഷാമാധുര്യം മാമ്പഴച്ചാറുപോലെ ഇളം മനസ്സില്‍ ഇറ്റിച്ചുകൊടുത്തിരുന്ന മാതാപിതാക്കളെയും അധ്യാപകരെയും ഇപ്പോള്‍ നമ്മുടെ കളിയരങ്ങില്‍ കാണാറില്ലെന്നും പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം. ഇന്ന് ന്യൂജന്‍ മാതാപിതാക്കള്‍ സോഷ്യല്‍ മീഡിയയുടെ അടിമകളാക്കിയാണ് തങ്ങളുടെ കുട്ടികളെ വര്‍ത്തുന്നതെന്നും അദ്ദഹം ചൂണ്ടിക്കാട്ടി. ഡി സി ബുക്‌സ് എഡിറ്റര്‍ ശ്രീദേവി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പുതിയ തലമുറയിലെ മാതാപിതാക്കളും അധ്യാപകരും മനസ്സുവച്ചാല്‍ ഇനിയും കുഞ്ഞുങ്ങളെ നല്ല സാഹിത്യാസ്വാദകരും സാഹിത്യകാരന്മാരുമായി വളര്‍ത്തിയെടുക്കാന്‍ കഴിയും. അതുകൊണ്ട് രക്ഷകര്‍ത്താക്കളും അധ്യാപകരും ഒരു പുനര്‍ചിന്തനത്തിന് ഒരുങ്ങിയേ തീരൂ. ഇല്ലെങ്കില്‍ സാഹിത്യം മനസ്സിലാക്കാത്ത വെറും യന്ത്രപ്പാവകള്‍ മാത്രമായി നമ്മുടെ കുട്ടികള്‍ മാറാനിടയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം;
?.അറുപത് വര്‍ഷത്തിനിടയില്‍ കുട്ടികളുടെ സാഹിത്യത്തിനുണ്ടായ വളര്‍ച്ചയും തളര്‍ച്ചയും എന്തൊക്കെയാണ്?
കഴിഞ്ഞ അറുപതു വര്‍ഷങ്ങള്‍ക്കിടയില്‍ മലയാള ബാലസാഹിത്യത്തിനുണ്ടായ വളര്‍ച്ച വളരെ അഭിമാനകരവും അത്ഭുതകരവുമാണെന്നു പറയുന്നതില്‍ തെറ്റില്ല. കിളിപ്പാട്ടുകളും പിന്നെ 1960 നു മുമ്പ് ശരിക്കും പറഞ്ഞാല്‍ നമ്മുടെ പരമ്പരാഗത മുത്തശ്ശിക്കഥകളും മറ്റുചില ലൊട്ടുലൊടുക്ക് കൃതികളും മാത്രമേ ബാലസാഹിത്യമെന്ന പേരില്‍ ഇവിടെ ഉണ്ടായിരുന്നുള്ളൂ. എങ്കിലും നമ്മുടെ മുത്തശ്ശിപ്പാട്ടുകളും മുത്തശ്ശിക്കഥകളും പകര്‍ന്നു തരുന്ന അനുഭവം എല്ലായിടത്തും സജീവമായിരുന്നു. 1954-ല്‍ തിരുകൊച്ചി സര്‍ക്കാര്‍ ‘സോപാനം’ എന്ന പേരില്‍ ഒരു ബാലസാഹിത്യപരമ്പര പ്രസിദ്ധീകരിച്ചിട്ടുണ്ട്. നമ്മുടെ ബാലസാഹിത്യ രംഗത്ത് മാറ്റത്തിന്റെ ഒരു കാറ്റുവീശാന്‍ തുടങ്ങിയത് 1961 മുതല്‍ക്കാണ്. കോട്ടയത്തെ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം 1961 മുതല്‍ പ്രസിദ്ധപ്പെടുത്തി വന്നിരുന്ന സമ്മാനപ്പെട്ടികള്‍ ബാലസാഹിത്യ ചരിത്രത്തിലെ നാഴികക്കല്ലുകള്‍ തന്നെയായിരുന്നു. 1968 വരെ ഇതു തുടര്‍ന്നു.
കാരൂര്‍, പൊന്‍കുന്നം വര്‍ക്കി, ലളിതാംബിക അന്തര്‍ജ്ജനം, മാലി, പി. നരേന്ദ്രനാഥ്, കുഞ്ഞുണ്ണി, കെ.വി.രാമനാഥന്‍. ഗോപാലകൃഷ്ണന്‍ കോലടി, ടി.വി.ജോണ്‍, ഏവൂര്‍ പരമേശ്വരന്‍, പി.ടി.ഭാസ്‌ക്കരപ്പണിക്കര്‍, കെ.ജി.സേതുനാഥ്, അമ്പാടി കാര്‍ത്ത്യായനിയമ്മ, ചെറുകാട്, എ.പി.പി. നമ്പൂതിരി, പാലാ നാരായണന്‍നായര്‍, പന്മന രാമചന്ദ്രന്‍നായര്‍, പി.നാരായണക്കുറുപ്പ് തുടങ്ങിയവരെല്ലാം ബാലസാഹിത്യരംഗത്തേക്ക് കടന്നുവന്നത് ഇക്കാലത്തായിരുന്നു. അതിനുമുമ്പ് ചങ്ങമ്പുഴ ‘ബാലസാഹിതി’ എന്ന പേരില്‍ ഒരു ബാലസാഹിത്യ പരമ്പരയ്ക്ക് രൂപം നല്‍കിയിരുന്നു. എന്നാല്‍ മലയാളത്തില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള ആദ്യകവിതാ സമാഹാരം 1922 ല്‍ പ്രസിദ്ധം ചെയ്ത കുമാരനാശാന്റെ ‘പുഷ്പവാടി’യായിരുന്നു. പന്തളം കേരളവര്‍മ്മയും ഉള്ളൂരും ഇക്കാലത്ത് കുട്ടികള്‍ക്കുവേണ്ടി നല്ല ബാലകവിതകള്‍ രചിക്കുന്നുണ്ടായിരുന്നു. ഇവരെ പിന്‍തുടര്‍ന്ന് അക്കിത്തവും വൈലോപ്പിള്ളിയും കുഞ്ഞുണ്ണിയുമൊക്കെ രംഗത്തുവന്നു.
അന്താരാഷ്ട്ര ശിശുവര്‍ഷമായി ആഘോഷിക്കപ്പെട്ട 1979-ല്‍ ഉദ്ദേശിക്കാത്ത ഒരു കുതിച്ചുചാട്ടമാണ് നമ്മുടെ ബാലസാഹിത്യ രംഗത്തുണ്ടായത്. ഈ കാലഘട്ടത്തില്‍ ഡി സി ബുക്‌സ് നൂറോളംകൃതികള്‍ നമ്മുടെ കുട്ടികള്‍ക്ക് സംഭാവന ചെയ്തു. സുമംഗലയുടെ പഞ്ചതന്ത്രവും പി.ഐ.ശങ്കരന്റെ ഈസോപ്പുകഥകളും ജാതക കഥകളും ആന്‍ഡേഴ്‌സണ്‍ കഥകളും ബഹുവര്‍ണ്ണ ചിത്രങ്ങളോടെ പുറത്തിറക്കിയത് അക്കാലത്താണ്. എസ്.പി.സി.എസും, കേരള ശാസ്ത്രസാഹിത്യ പരിഷത്തും, എന്തിനു പറയുന്നു കേരളസാഹിത്യ അക്കാദമി പോലും ഈ അവസരത്തില്‍ ബാലസാഹിത്യ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ മുന്നോട്ടിറങ്ങി. 1981-ല്‍ സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ കൃതികള്‍ പ്രകാശനം ചെയ്തത് ഭാരതത്തിന്റെ അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയായിരുന്നു. തുടര്‍ന്ന് ബാലസാഹിത്യത്തിന് നല്ലൊരു കാലമായിരുന്നു. പി. നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനന്‍, വൈലോപ്പിള്ളിയുടെ മിന്നാമിന്നി, കെ വി. രാമനാഥന്റെ അത്ഭുതവാനരന്മാര്‍, മാലിയുടെ സര്‍വ്വജിത്തിന്റെ സമുദ്രസഞ്ചാരം, ഗോപാലകൃഷ്ണന്‍ കോലടിയുടെ ഊഞ്ഞാല്‍, ഉറൂബിന്റെ അങ്കവീരന്‍, നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം, അന്തര്‍ജ്ജനത്തിന്റെ ഗോസായി പറഞ്ഞ കഥ, സുമംഗലയുടെ കുറിഞ്ഞിയും കൂട്ടുകാരും, എം.ടി.യുടെ മാണിക്യക്കല്ല്, എസ്.കെ.പൊറ്റെക്കാട്ടിന്റെ കത്രീന, പള്ളിക്കര വി.പി.മുഹമ്മദിന്റെ കുഞ്ഞായന്റെ കുസൃതികള്‍, ചെറുകാടിന്റെ തന്തക്കുറുക്കന്‍, മുട്ടത്തുവര്‍ക്കിയുടെ ഒരുകുടയും കുഞ്ഞുപെങ്ങളും, വി.ബാലകൃഷ്ണന്റെ ഒറ്റയാന്‍, സി.എ.കിട്ടുണ്ണിയുടെ മുടന്തനായ മുയല്‍, കെ. തായാട്ടിന്റൈ നാം ചങ്ങല പൊട്ടിച്ച കഥ, പ്രൊഫ.ശിവദാസിന്റെ കിയോകിയോ, പി വത്സലയുടെ പുലിക്കുട്ടന്‍, ഒ.എന്‍.വി.യുടെ വളപ്പൊട്ടുകള്‍, പെരുമ്പടവത്തിന്റെ നിലാവിന്റെ ഭംഗി, സി. രാധാകൃഷ്ണന്റെ അകലങ്ങളിലെ കുട്ടികള്‍, സുഗതകുമാരിയുടെ വാഴത്തേന്‍, ചെമ്മനം ചാക്കോയുടെ ചക്കരമാമ്പഴം, സക്കറിയായുടെ വായനാമുറി, എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ പുള്ളിപ്പുലിയും ആമക്കുട്ടനും, ജി.ശങ്കരപ്പിള്ളയുടെ പ്ലാവിലത്തൊപ്പികള്‍ തുടങ്ങിയ പുസ്തകങ്ങളെല്ലാം പില്‍ക്കാലത്ത് നമ്മുടെ ബാലസാഹിത്യത്തിന് ലഭിച്ച മികച്ച സമ്മാനമായി മാറി. ഇപ്പോള്‍ നമ്മുടെ ബാലസാഹിത്യം സജീവമാണെന്നു പറയാം. എങ്കിലും കുട്ടികളുടെ വായനാശീലം തീരെ വറ്റിക്കൊണ്ടിരിക്കുന്നു.
?. നമ്മുടെ ബാലസാഹിത്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ എന്തൊക്കെ?
മാതൃഭാഷയില്‍ നിന്നുള്ള കൃതികളുടെ അകല്‍ച്ച നമ്മുടെ ബാലസാഹിത്യവളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. പി.നരേന്ദ്രനാഥിന്റെയും മാലിയുടെയും സുമംഗലയുടേയും കുഞ്ഞുണ്ണിയുടേയും കൃതികള്‍ക്കുണ്ടായിരുന്ന, നല്‍കിക്കൊണ്ടിരുന്ന അനുഭവം, ബാലയുഗവും പൂമ്പാറ്റയും ബാലഭൂമിയും ലാലൂലീലയും തളിരും പൂക്കളും ബാലമംഗളവുമൊക്കെ വായിക്കാന്‍ ആവേശത്തോടെ കാത്തിരുന്ന വായനയുടെ ആ വസന്തകാലം പൂര്‍ണ്ണമായും മറന്നു എന്നാണ് ഇപ്പോഴത്തെ കുട്ടികളുമായി ഇടപെടുമ്പോള്‍ ഞാന്‍ ബലമായി വിശ്വസിക്കുന്നത്.
?. സാമൂഹ്യമാധ്യമങ്ങളും സാങ്കേതിക വിദ്യയും കുട്ടികളുടെ ഭാവനയെ വിശാലവും യുക്തിപൂര്‍ണ്ണവും ആക്കിയിട്ടുണ്ട്. ഈ മാറ്റത്തെ നമ്മുടെ ബാലസാഹിത്യം അഭിമുഖീകരിച്ചിട്ടുണ്ടോ?
നവമാധ്യമങ്ങളുടെ കടന്നുകയറ്റം കുട്ടികളുടെ വായനയെ നന്നായി തളര്‍ത്തിയിരിക്കുന്നു. കുട്ടികളില്‍ കൂടുതല്‍ പേരും വാട്ട്‌സ് ആപ്പിന്റെയും ഫെയ്‌സ് ബുക്കിന്റെയും മൊബൈല്‍ ഗെയിമുകളുടെയും തടവറയിലാണിപ്പോള്‍. അതുകൊണ്ടുതന്നെ ബാലപ്രസിദ്ധീകരണങ്ങളുടെയും ബാലസാഹിത്യ കൃതികളുടെയും വായനയും പ്രചാരവും കുറഞ്ഞുവരുന്നുവെന്നത് നിഷേധിക്കാനാവാത്ത ഒരു സത്യമാണ്. കുട്ടികളെ നവമാധ്യമങ്ങളില്‍ തളച്ചിടാനാണ് ന്യൂജന്‍ രക്ഷാകര്‍ത്താക്കളില്‍ കൂടുതല്‍പേരും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെയാണ് കണ്ണടച്ചു തുറക്കുന്നത്ര വേഗതയില്‍ നമ്മുടെ കുട്ടികള്‍ വായനയില്‍ നിന്ന് ഒളിച്ചോടിയത്. ”എന്റെ മക്കളിപ്പോള്‍ വാട്‌സ് ആപ്പില്‍ നിന്നും ഫെയ്‌സ്ബുക്കില്‍ നിന്നുമൊക്കെ വലിയകാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. പുസ്തകം പഠിക്കേണ്ട ആവശ്യമൊന്നുമില്ല. എല്ലാം അതില്‍നിന്നു കിട്ടിക്കോളും.” കുഞ്ഞുണ്ണിമാസ്റ്റര്‍ പറഞ്ഞതുപോലെ ‘വായന വാസനയ്ക്ക് വളം’ എന്നു വിശ്വസിക്കാന്‍ ഇപ്പോഴത്തെ രക്ഷകര്‍ത്താക്കളില്‍ പലരും വിശ്വസിക്കുന്നില്ല.
?.കുട്ടികളില്‍ സാഹിത്യാവബോധം വളര്‍ത്തുന്നതില്‍ നമ്മുടെ കരിക്കുലം എത്രത്തോളം പര്യാപ്തമാണ്?
കുട്ടികളില്‍ സാഹിത്യബോധം വളര്‍ത്തിയെടുക്കുന്നതില്‍ നമ്മുടെ കവികള്‍ നന്നായി ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. എന്നാല്‍ ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട ചിലരുടെ കടന്നുകയറ്റം നമ്മുടെ മലയാള പാഠാവലികളെ പലപ്പോഴും വികലമാക്കിയിട്ടുണ്ടെന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്. ശാസ്ത്രസാങ്കേതിക കാര്യങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നത് കുട്ടികളുടെ ഭാഷാപരമായ വളര്‍ച്ചയ്ക്കും സര്‍ഗ്ഗാത്മകതയ്ക്കും തടസ്സമുണ്ടാക്കുന്നുണ്ട്. അത്തരം കാര്യങ്ങള്‍ ശാസ്ത്രവിഷയങ്ങളുമായി ബന്ധപ്പെടുത്തി പഠിപ്പിച്ചുകൊള്ളട്ടെ. അതുകൂടുതല്‍ മാതൃഭാഷാപാഠാവലിയില്‍ തന്നെ കുത്തിനിറക്കണമെന്ന കാഴ്ചപ്പാട് നല്ലതല്ല.
?. കുട്ടികളില്‍ ഭാഷാബോധവും സാഹിത്യാവബോധവും സൃഷ്ടിച്ചെടുക്കാന്‍ നമ്മളെന്തൊക്കെയാണ് ചെയ്യേണ്ടത്?
ലോകത്തിലുണ്ടായിട്ടുള്ള പഴയ സാഹിത്യത്തിന്റെ മേന്മയും പുതിയ സാഹിത്യത്തിന്റെ മേന്മയും ഒരുപോലെ പരിചയപ്പെടുത്താന്‍ നാം ശ്രമിക്കണം. പഴയതൊക്കെ മോശമാണ്, പുതിയ സാഹിത്യവും പുതിയ കാഴ്ചപ്പാടുകളും മാത്രമേ കുട്ടിയെ പരിചയപ്പെടുത്താവൂ എന്ന ധാരണ തെറ്റാണ്. നമ്മുടെ സാഹിത്യ പൈതൃകത്തിന്റെ മൂല്യം പുതിയ തലമുറയെ നന്നായി പരിചയപ്പെടുത്തേണ്ടതാണ്. നമ്മുടെ കവിതാപാരമ്പര്യത്തില്‍ നിന്നൊക്കെ കുട്ടികളെ ആട്ടിയോടിക്കുന്നത് നമ്മള്‍ തന്നെയാണ്. താളവും ഈണവുമില്ലാത്തത് വായിച്ചാല്‍ മനസ്സിലാകാത്തതുമായ ന്യൂജന്‍ കവിതകള്‍ ഇളംമനസ്സില്‍ കുത്തിവയ്ക്കാനുള്ള ഒരു ശ്രമം ഇപ്പോള്‍ നടക്കുന്നുണ്ട്. പുതിയ തലമുറ കാവ്യാടിസ്ഥാനത്തില്‍ നിന്ന് അകന്നുമാറാന്‍ ഇതാണ് കാരണം. നമ്മുടെ പാരമ്പര്യകവിതകളും പഴഞ്ചൊല്ലുകളും കടങ്കഥകളും ഒരുപരിധിവരെ ഇളം തലമുറയ്ക്ക് നാം പങ്കുവച്ചു കൊടുക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമ്മുടെ ഭാഷാബോധവും സാഹിത്യാവബോധവും കൈവിട്ടുപോകാതെ കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിയുകയുള്ളൂ.
?. കുട്ടികളെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നവരാണ് രക്ഷിതാക്കളും അധ്യാപകരും. കുട്ടികളുമായി ദീര്‍ഘകാലമായി സംവദിക്കുന്ന എഴുത്തുകാരന്‍ എന്ന നിലയില്‍ അവരോട് പറയാനുള്ളത്?
രക്ഷകര്‍ത്താക്കളും അദ്ധ്യാപകരുമാണ് നമ്മുടെ മുന്‍തലമുറയ്ക്ക് സാഹിത്യാവബോധത്തിന്റെയും ഭാഷാധ്യാനത്തിന്റെയും കിളിവാതില്‍ തുറന്നുകൊടുത്തിരുന്നത്. കഥകള്‍ പറഞ്ഞുകൊടുത്തും മുത്തശ്ശിക്കവിതകള്‍ ചൊല്ലിക്കൊടുത്തും നല്ല കവിതാഭാഗങ്ങള്‍ കാണാതെ പഠിപ്പിച്ച് അക്ഷര ശ്ലോകങ്ങള്‍ പരിചയിച്ചും ഭാഷാമാധുര്യം മാമ്പഴച്ചാറുപോലെ ഇളം മനസ്സില്‍ ഇറ്റിച്ചുകൊടുത്തിരുന്ന മാതാപിതാക്കളും അധ്യാപകരും ഇപ്പോള്‍ നമ്മുടെ കളിയരങ്ങില്‍ ഇല്ല. അവരാണ് നമ്മുടെ തലമുറകളെ കഥാമനസ്സും കവിതാ മനസ്സുമുള്ളവരായി വളര്‍ത്തിയത്.
പുതിയ തലമുറയിലെ മാതാപിതാക്കളും അധ്യാപകരും മനസ്സുവച്ചാല്‍ ഇനിയും കുഞ്ഞുങ്ങളെ നല്ല സാഹിത്യാസ്വാദകരും സാഹിത്യകാരന്മാരുമായി വളര്‍ത്തിയെടുക്കാന്‍ കഴിയും. അതുകൊണ്ട് രക്ഷകര്‍ത്താക്കളും അധ്യാപകരും ഒരു പുനര്‍ചിന്തനത്തിന് ഒരുങ്ങിയേ തീരൂ. ഇല്ലെങ്കില്‍ സാഹിത്യം മനസ്സിലാക്കാത്ത വെറും യന്ത്രപ്പാവകള്‍ മാത്രമായി നമ്മുടെ കുട്ടികള്‍ മാറാനിടയുണ്ട്.