മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം-2017 എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയൊരു വിജ്ഞാപനം ഇറക്കിയിരിക്കുന്നതിന്റെ രാഷ്ട്രീയലക്ഷ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇന്ത്യയിലെമ്പാടും ഇപ്പോള്‍ നടക്കുന്നത്. ഈ നിയമമനുസരിച്ച് പശു, കാള, പോത്ത്, ഒട്ടകം, പൈക്കിടാവ് തുടങ്ങിയവയൊന്നും കശാപ്പിനായി വില്‍ക്കാനോ കൈമാറ്റംചെയ്യാനോ സാധ്യമല്ലാതാവുന്നു. ഈ നിയമം ഫലത്തില്‍ സാമൂഹികവും സാമ്പത്തികവുമായ വലിയൊരു പ്രതിസന്ധിയിലേക്കാണ് കൊണ്ടുവന്നെത്തിക്കുകയെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യമാണ്. മാംസാഹാരം കഴിക്കുന്നവര്‍ക്കും മാംസസംസ്‌കരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും തുകല്‍വ്യവസായ രംഗത്തുള്ളവര്‍ക്കും ഈയൊരു നിയമംമൂലം വന്‍ പ്രതിസന്ധിയാണ് വരുത്തിത്തീര്‍ക്കുകയെന്ന് ഇതിനകം ദേശീയമാധ്യമങ്ങളെല്ലാം തന്നെ വിലയിരുത്തിയിട്ടുണ്ട്.
സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ കൈകടത്തുക മാത്രമല്ല ഇതിനു പിന്നിലുള്ള ഗൂഢലക്ഷ്യം, ഇത് ഇന്ത്യയിലെ ദലിതുകള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും നേരെ പശുരാഷ്ട്രീയത്തിന്റെ പേരില്‍ സംഘപരിവാര്‍ ഹിന്ദുത്വകാര്‍ഡ് അടിച്ചേല്‍പ്പിക്കുന്നതിന്റെ കൃത്യമായ അജണ്ടതന്നെയാണെന്ന് ഇന്ത്യയിലെ ദലിത് ബുദ്ധിജീവികളും എഴുത്തുകാരും വളരെമുമ്പുതന്നെ എഴുതുകയും പ്രസംഗിക്കുകയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. കാഞ്ച ഐലയ്യയുടെ ‘എരുമദേശീയത’, ‘ഞാനെന്തുകൊണ്ട് ഹിന്ദുവല്ല’, ‘ദൈവമെന്ന രാഷ്ട്രമീമാംസകന്‍’ തുടങ്ങിയവ, ഇന്ത്യയുടെ ഇപ്പോഴത്തെ ഫാസിസ്റ്റ് നടപടികളെക്കുറിച്ച് പ്രവചനാത്മകമായി ഇടപെട്ടുകൊണ്ട് നമ്മുടെ ബൗദ്ധികമണ്ഡലത്തെയും പൊതുസമൂഹത്തിന്റെ മനസ്സാക്ഷിയെയും പിടിച്ചുലച്ച കൃതികളാണ്.
സംഘപരിവാര്‍ വളരെക്കാലമായി മതരാഷ്ട്രീയത്തിന്റെ വിധ്വംസകമായ പ്രവര്‍ത്തികളിലേര്‍പ്പെട്ടുകൊണ്ട് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും ഹിന്ദു ഭൂരിപക്ഷപ്രദേശങ്ങളിലും നടത്തിവരുന്ന മുസ്ലിം-ദലിത് ആക്രമണങ്ങള്‍ ഇത്തരം കരിനിയമംവഴി കുറച്ചുകൂടി വ്യാപിക്കുകയും അതിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുകയുംചെയ്യും എന്നല്ലാതെ സാധാരണമനുഷ്യന് എന്തു ഗുണഫലമാണ് ഇതുവഴി നേടാനാവുകയെന്ന ചോദ്യം ‘ബീഫും ബിലീഫും‘ എന്ന പുസ്തകത്തിലൂടെ രവിചന്ദ്രന്‍ സി. മുന്നോട്ടുവെയ്ക്കുന്നുണ്ട്. ജനങ്ങള്‍ എന്തു തിന്നണം, എന്ത് തിന്നരുത് എന്ന് നിര്‍ണ്ണയിക്കുന്നത് ഒരു ഭരണകൂടമോ ഏതെങ്കിലുമൊരു പാര്‍ട്ടിയോ സംഘടനയോ ആകുന്നത് ജനാധിപത്യവിരുദ്ധതയും ഫാസിസവുമാണെന്ന് തീര്‍ച്ചയാണ്.
‘ജീര്‍ണ്ണിച്ച മതധാര്‍മ്മികത ഒരു മതേതരരാജ്യത്തെ പ്രാകൃതമായി വിസ്തരിക്കുകയാണ്. ബംഗ്ലാദേശിന്റെ പാക്കിസ്ഥാന്റെ അഫ്ഗാനിസ്ഥാന്റെ ഒരു വികലാനുകരണമായി, ജനാധിപത്യബോധത്തിനും സഹിഷ്ണുതയ്ക്കും പേരുകേട്ട ഈ രാജ്യം അധഃപതിക്കുമ്പോള്‍ കുറ്റക്കാരായി മുന്നില്‍വരുന്നത് രാജ്യത്തെ ഭൂരിപക്ഷ വര്‍ഗ്ഗീയതയാണ്’ എന്ന് ബീഫും ബിലീഫും എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ രവിചന്ദ്രന്‍ എഴുതിയത് ഈയൊരു രാഷ്ട്രീയകാലാവസ്ഥയില്‍ പ്രസക്തമാകുന്നു.