സ്‌നേഹത്തിന്റെയും സഹനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശവുമായി പുണ്യമാസം വന്നെത്തി. ഹിജ്‌റ വര്‍ഷം ശവ്വാല്‍ മാസത്തിലെ ആദ്യ ദിവസമുള്ള ലോക മുസ്ലീങ്ങളുടെ ആഘോഷമാണ് ഈദുല്‍ ഫിത്ര്‍ അഥവാ ചെറിയ പെരുന്നാള്‍. റമദാന്‍ വ്രതമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ചുകൊണ്ടാണ് ഈദുല്‍ ഫിത്ര്‍ ആഘോഷിക്കപ്പെടുന്നത്. ഈദുല്‍ ഫിത്ര്‍ എന്നാല്‍ മലയാളിക്ക് ചെറിയ പെരുന്നാളാണ്. ഈദ് എന്ന അറബിക് പദത്തിന് ആഘോഷം എന്നും ഫിത്ര്‍ എന്ന പദത്തിന് നോമ്പു തുറക്കല്‍ എന്നുമാണ് അര്‍ത്ഥം. അതിനാല്‍ റമദാന്‍ മാസമുടനീളം ആചരിച്ച നോമ്പിന്റെ പൂര്‍ത്തികരണത്തിനൊടുവിലുള്ള നോമ്പുതുറ എന്നതാണ് ഈദുല്‍ ഫിത്ര്‍ എന്നത് പ്രതിനിധാനം ചെയ്യുന്നത്. ഈദിന്റെ (പെരുന്നാളിന്റെ) ആദ്യ ദിനം റമദാന്‍ കഴിഞ്ഞു വരുന്ന മാസമായ ശവ്വാല്‍ ഒന്നിനായിരിക്കും.
ഈദുല്‍ ഫിത്ര്‍ ദിനത്തില്‍ വിശ്വാസികള്‍ വ്രതമനുഷ്ടിക്കുന്നത് മതപരമായി വിലക്കപ്പെട്ടിരിക്കുന്നു. പെരുന്നാള്‍ ദിവസം രാവിലെ നടക്കുന്ന ഈദ് നമസ്‌കാരമാണ് പ്രധാനപ്പെട്ട ഒരു ചടങ്ങ്. ഈദ് നമസ്‌കാരത്തിനു മുമ്പ് അന്നേദിവസം കഴിക്കാനുള്ളതു കഴിച്ച് മിച്ചമുള്ളവര്‍ ഫിത്ര്‍ സക്കാത്ത് എന്ന ദാനം നിര്‍വഹിക്കണം.
ഈദ് നമസ്‌കാരം ഈദ് ഗാഹുകളിലും പള്ളികളിലും നടന്നു വരുന്നു.പെരുന്നാള്‍ ദിനത്തിലെ ഭക്ഷണ രീതികളും മറ്റ് ആഘോഷപരിപാടികളും പല രാജ്യങ്ങളിലും വ്യത്യസ്തമാണ്. ഇന്ത്യയില്‍ സാധാരണയായി തയ്യാറാക്കപ്പെടുന്ന ഭക്ഷണം സുവിദമായ ബിരിയാണിയാണ്. നോമ്പ് നോറ്റും പോലെതന്നെ പ്രധാനമാണ് നോമ്പ് തുറക്കലും. ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍ നോമ്പുതുറ വിഭവങ്ങള്‍ എന്നൊരുകൂട്ടം വിഭവങ്ങള്‍ തന്നെയുണ്ട്. കേരളത്തിലെ പ്രധാന നോമ്പുതുറ വിഭവങ്ങളാണ് ‘125 നോമ്പുതുറ വിഭവങ്ങള്‍‘ എന്ന പാചക പുസ്തകത്തിലൂടെ സുബൈദ ഉബൈദ് പരിചയപ്പെടുത്തുന്നത്.
ഒരു സ്‌പെഷ്യല്‍ വിഭവങ്ങള്‍ പരിചയപ്പെടാം..
തുര്‍ക്കിപ്പത്തിരി
ചേരുവകള്‍
1. മൈദ – 1/2 കിലോ
2. നെയ്യ് – 1 ടീസ്പൂണ്‍
3. ഉപ്പ്, വെള്ളം – ആവശ്യത്തിന്
4. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
എരിവുള്ള ഫില്ലിങ്ങിന്
5. ബീഫ്, മട്ടണ്‍ അല്ലെങ്കില്‍
ചിക്കന്‍ – 1/4 കിലോ
6. മുളകുപൊടി – 1 ടീസ്പൂണ്‍
7. മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
8. ഉപ്പ് – പാകത്തിന്
9. എണ്ണ – 1 ടേബിള്‍സ്പൂണ്‍
10. സവാള ചെറുതായി
അരിഞ്ഞത് – 1/2 കിലോ
11. പച്ചമുളക്
അരിഞ്ഞത് – 6 എണ്ണം
12. ഇഞ്ചി ചതച്ചത് – 1/2 ടേബിള്‍സ്പൂണ്‍
13. വെളുത്തുള്ളി
ചതച്ചത് – 1/2 ടീസ്പൂണ്‍
14. ഗരംമസാല – 1 ടീസ്പൂണ്‍
15. മല്ലിയില അരിഞ്ഞത് – കുറച്ച്
മധുരമുള്ള ഫില്ലിങ്ങിന്
16. മുട്ട – 5 എണ്ണം
17. പഞ്ചസാര – 3 ടേബിള്‍സ്പൂണ്‍
18. നെയ്യ് – 1 ടേൂിള്‍സ്പൂണ്‍
19. അണ്ടിപ്പരിപ്പ്
നുറുക്കിയത് – 6 എണ്ണം
20. കിസ്മിസ് – 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മൈദയില്‍ നെയ്യും ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ത്തു കുഴച്ച് കട്ടിയുള്ള മാവാക്കുക. ഈ മാവില്‍ ഒരു ഭാഗമെടുത്തു വല്യ ഉരുളകളാക്കുക. ഇവ നേര്‍മയായി വലിയ വൃത്താകൃതിയില്‍ പരത്തുക. അച്ചാര്‍കുപ്പിയുടെ മൂടി ഉപയോഗിച്ച് ഇവയില്‍ നിന്നു ചെറിയ വൃത്തങ്ങള്‍ മുറിച്ചെടുക്കുക. 25 എണ്ണം ഉണ്ടായിരിക്കണം. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ഇവ പൂരിപോലെ വറുത്തുകോരുക. ബാക്കിയുള്ള മൈദാമാവ് ചെറുനാരങ്ങാ വലുപ്പത്തില്‍ ഉരുളകളാക്കി ചപ്പാത്തി വലുപ്പത്തില്‍ പരത്തുക 25 എണ്ണം.
എരിവുള്ള ഫില്ലിങ്ങ് തയ്യാറാക്കല്‍
ഒരു പ്രഷര്‍ കുക്കറില്‍ ഇറച്ചി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്ത ഇറച്ചി പിച്ചിയിടുക. ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ എണ്ണയൊഴിച്ച് സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയിട്ട് ഇളക്കി വഴറ്റുക. അതില്‍ ഇറച്ചിയും ഗരംമസാലയും ഉപ്പും ചേര്‍ക്കുക. വെള്ളമയം ഇല്ലാതാകുന്നതുവരെ എല്ലാംകൂടി ഇളക്കി വേവിക്കുക. മല്ലിയിലയും ചേര്‍ക്കുക.
മധുരമുള്ള ഫില്ലിങ്ങിന്
ഒരു ബൗളില്‍ മുട്ടയും പഞ്ചസാരയും ചേര്‍ത്തു കലക്കുക. ചുവടുകട്ടിയുള്ള മറ്റൊരു പാത്രത്തില്‍ നെയ്യ് ചേര്‍ത്തു ഈ മുട്ടക്കൂട്ട് ഒഴിച്ച് ചിക്കി വറുക്കുക. അതില്‍ അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്തിളക്കുക.
തുര്‍ക്കിപ്പത്തിരി തയ്യാറാക്കാന്‍
ചപ്പാത്തി വലുപ്പത്തില്‍ പരത്തിവച്ച മാവെടുത്ത് അതിന്റെ മധ്യത്തില്‍ ഒരു ടീസ്പൂണ്‍ എരിവുള്ള ഫില്ലിങ്ങ് നിരത്തുക. വറുത്തുവച്ച ഒരു പൂരി അതിന്റെ മുകളില്‍ വയ്ക്കുക. ഒരു ടീസ്പൂണ്‍ മധുരമുള്ള ഫില്ലിങ്ങ് അതിന്റെ മുകളില്‍ നിരത്തുക. അടിയിലുള്ള ചപ്പാത്തി ചുറ്റുഭാഗത്തു നിന്നും മുകളിലേക്കെടുത്തു മധ്യത്തില്‍ ഞൊറിഞ്ഞുവയ്ക്കുക.. അറ്റത്ത് ബാക്കിയുള്ളമാവ് നുള്ളിക്കളയുക. അവശേഷിക്കുന്ന ചപ്പാത്തിമാവ്, ഫില്ലങ്ങ് എന്നിവകൊണ്ടും ഇങ്ങനെ ചെയ്യുക. ഒരു പാനില്‍ എണ്ണയൊഴിച്ച്, തുര്‍ക്കിപ്പത്തിരികള്‍ അല്പാല്പമായി അതിലിട്ട് ബ്രൗണ്‍ നിറത്തില്‍ വറുത്തു കോരുക. ചൂടോടെ കഴിക്കാം.