സൂര്യനെ തപസ്സു ചെയ്ത് യുധിഷ്‌ഠിരൻ നേടിയ അക്ഷയപാത്രം വനവാസക്കാലം മുഴുവൻ പാണ്ഡവ കുടുംബത്തിനും അതിഥികൾക്കും ആഹാരം നൽകിപ്പോന്നു എന്നത് കഥ. വിജ്ഞാന സൂര്യനെ തപസ്സ് ചെയ്തു ധീസ്ഥിരനായ പ്രൊഫ . എസ ശിവദാസ് മലയാള മക്കൾക്ക് മനസിന് വേണ്ടുന്ന പോഷകാഹാര പൊതി പാഥേയമായി ജീവിതയാത്രയിലങ്ങോളം നിത്യേന നൽകുന്ന അക്ഷയപാത്രം നേടിയിരിക്കുന്നു. 366 ജീവിത വിജയ മന്ത്രങ്ങൾ എന്ന ഈ പുസ്തകം : ഇത് സങ്കൽപ കഥയല്ല : യഥാർത്ഥ വസ്തുത.
പ്രൊഫ. എസ് ശിവദാസ് തയ്യാറാക്കിയ 366 ജീവിത വിജയ മന്ത്രങ്ങൾ എന്ന പുസ്തകത്തെ സംബന്ധിച്ച് ഡോ . എം ലീലാവതി അഭിപ്രായപ്പെട്ടതിങ്ങനെയാണ്. ജനുവരി മുതൽ ഡിസംബർ വരെയുള്ള നമ്മുടെ ഒരു വർഷത്തെ ഓരോ ദിവസവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഓരോ ദിവസവും വിജയപ്രദമാക്കുവാനുള്ള 366 വിജയമന്ത്രങ്ങൾ പകർന്നു തരുന്ന ഒരപൂർവ്വ ഗ്രന്ഥമാണ് ‘366 ജീവിത വിജയ മന്ത്രങ്ങൾ‘
ഒരു പുതിയ പൂവ് വിടരും പോലെ , പുതിയ ശിശു ഭൂമിയിലേക്ക് ജന്മമെടുക്കും പോലെ നമുക്ക് സന്തോഷിക്കാൻ ഓരോ പുതിയ വർഷവും. മനസ്സിൽ ആഹ്ലാദം നിറയ്ക്കാം , നെഗറ്റീവ് ചിന്തകളെ കൈവെടിയാം , പുതിയ സ്വപ്‌നങ്ങൾ , പുതിയ ലക്ഷ്യങ്ങൾ , കൂട്ടത്തിൽ ഒരു പുതിയ പ്രതിജ്ഞയുമെടുക്കാം.നാം കരുതുന്നതിലുമധികം കഴിവുകൾ നമുക്കുണ്ട്. അതെ അനന്തമായ ശേഷികൾ , വാസനകൾ , വൈദഗ്ധ്യങ്ങൾ , പ്രത്യേകതകൾ , എല്ലാം എല്ലാവരിലുമുണ്ട്. നിങ്ങളെ പറ്റി നിങ്ങൾക്കാണ് ഈ വിശ്വാസം ഉണ്ടാകേണ്ടത്.
മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് യുറീക്ക മാമൻ എന്നു കൂടി അറിയപ്പെടുന്ന പ്രൊഫസ്സർ എസ്. ശിവദാസ്. ശാസ്ത്രസംബന്ധിയായ രചനകളാണ് കൂടുതലും.കോട്ടയം സി.എം.എസ്.കോളേജിൽ രസതന്ത്ര അദ്ധ്യാപകനായിരുന്നു . 1940 ഫെബ്രുവരി 19-നു കോട്ടയം ജില്ലയിലെ വൈക്കം ഉല്ലലഗ്രാമത്തിൽ ജനിച്ചു. 1962 മുതൽ 1995 വരെ കോട്ടയം സി.എം.എസ് കോളെജിൽ അദ്ധ്യാപകനായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കോട്ടയം ജില്ലയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു.
യുറീക്ക, ശാസ്ത്രകേരളം, ബാലശാസ്ത്രം, എങ്ങനെ? എങ്ങനെ? എന്നിവയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. പരിഷത് പ്രസിദ്ധീകരണസമിതി ചെയർമാൻ, വിശ്വവിജ്ഞാനകോശം കൺസൾട്ടിംഗ് എഡിറ്റർ, എം.ജി. യൂണിവേഴ്സിറ്റി രസതന്ത്രം പോസ്റ്റ് ഗ്രാജ്വേറ്റ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ലേബർ ഇന്ത്യ പബ്ലിക്കേഷൻസിന്റെ ചീഫ് എഡിറ്ററാണ്. ഡി.സി. ബുക്സ്, കറന്റ് ബുക്സ്, കൈരളി ചിൽഡ്രൻസ് ബുക് ട്രസ്റ്റ് എന്നീ സ്ഥാപനങ്ങളുടെ ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളുടെ ഉപദേഷ്ടാവുമാണ്. കഴിഞ്ഞ മുപ്പതോളം വർഷങ്ങളായി വിവിധ മാധ്യമങ്ങളിലൂടെ കുട്ടികളുമായി ഇടപഴകി അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.നൂറോളം ഗ്രന്ഥങ്ങളുടെ കർത്താവാണ്. കഥകൾ, നാടകങ്ങൾ, നോവലുകൾ, ശാസ്ത്രലേഖനങ്ങൾ, പഠനപ്രവർത്തനങ്ങൾ, തുടങ്ങി വിവിധ ശാഖകളിലുള്ളവയാണ് രചനകൾ.