ഭൂപടങ്ങളിലെങ്ങും ഇതുവരെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരജ്ഞാത ദ്വീപാണ് ആല്‍ഫ. ഇരുപത്തഞ്ചു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു വിചിത്രമായ പരീക്ഷണത്തിന് ആന്ത്രപ്പോളജി പ്രൊഫസ്സറായ ഉപലേന്ദു ചാറ്റര്‍ജി തിരഞ്ഞെടുത്ത വിജനമായ ഇടമാണ് ആല്‍ഫ. വേഷവും ഭാഷയും വെടിഞ്ഞ് അറിവും പരിചയവും മറന്ന് ഇരുപത്തഞ്ചു വര്‍ഷം ജീവിക്കുക. അതായിരുന്നു പരീക്ഷണം. ആദിമ ജീവിതാവസ്ഥയിലേക്ക് സ്വയം പ്രവേശിച്ചുകൊണ്ട്, സാമൂഹിക വികാസ പരിണാമം ആല്‍ഫ മുതല്‍ വീണ്ടും അനുഭവിക്കുക. സമൂഹം, കുടുംബം, സദാചാരം എന്നിവയുടെ പൊള്ളത്തരം തുറന്നു കാട്ടാനും അവ മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും പുരോഗതിയെയും എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് മനസ്സിലാക്കാനുമാണ് പരീക്ഷണം.
1973 ജനുവരി ഒന്നിന് പല രംഗത്തു നിന്നുള്ള പന്ത്രണ്ടുപേരുമായി ഉപലേന്ദു ചാറ്റര്‍ജി ദ്വീപിലേക്ക് യാത്ര തിരിച്ചു. പ്രൊഫസ്സര്‍ സതീഷ്ചന്ദ്ര ബാനര്‍ജിക്കു മാത്രമാണ് ഈ പരീക്ഷണത്തെക്കുറിച്ചറിവുള്ളത്. ഇരുപത്തഞ്ചു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ അദ്ദേഹം പരീക്ഷണഫലമറിയാന്‍ ആല്‍ഫയിലെത്തണം. അപ്പോഴേക്കും രോഗാവസ്ഥയിലായ ബാനര്‍ജി ശിഷ്യരിലൊരാളായ അവിനാശിനെ ദൗത്യം ഏല്പിച്ചു. ചാറ്റര്‍ജിക്കും സഹയാത്രികര്‍ക്കും എന്തു സംഭവിച്ചെന്നറിയാന്‍ 1998 ജനുവരി ഒന്നിന് ഒരു സുഹൃത്തിനോടൊപ്പം അവിനാശ് ആല്‍ഫയിലെത്തി. ദ്വീപില്‍ ഇരുപത്തഞ്ചോളം പ്രാകൃത മനുഷ്യരെയാണവര്‍ കണ്ടത്.
സമകാലീന മലയാള നോവലുകളില്‍ പ്രമേയചാരുത കൊണ്ടും ആഖ്യാനവൈഭവം കൊണ്ടും ശ്രദ്ധേയമായ ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി തുടങ്ങിയ നോവലുകളൂടെ രചയിതാവ് ടി ഡി രാമകൃഷ്ണന് എഴുതിയ അപൂര്‍വ നോവലാണ് ആല്‍ഫ. ഉപലേന്ദുവിന്റെയും സഹഗവേഷകരുടെയും പൂര്‍വ ചരിത്രങ്ങളില്‍ നിന്ന് അവരുടെ പരീക്ഷണകാലത്തെ ജീവിതാവസ്ഥകളിലേക്കു നീളുന്ന കഥകളായാണ് നോവലിന്റെ ഘടന.
മലയാളത്തില്‍ എഴുതപ്പെട്ട ഉട്ടോപ്യന്‍ നോവലാണിതെന്ന് നോവലിനെക്കുറിച്ചുള്ള പഠനത്തില്‍ ഷാജി ജേക്കബ് രേഖപ്പെടുത്തിയത് അക്ഷരാര്‍ദ്ധത്തില്‍ ശരി തന്നെ. 2003ല്‍ പ്രസിദ്ധീകൃതമായി പത്തുവര്‍ഷങ്ങള്‍ക്കു ശേഷം 2013ല്‍ ഡി സി ബുക്‌സ് ആല്‍ഫയ്ക്ക് ആദ്യപതിപ്പ് ഇറക്കി. വലിയ സ്വീകാര്യതയാണ് രണ്ടാം വരവില്‍ ആല്‍ഫയ്ക്ക് ലഭിച്ചത്. നോവലിന്റെ മൂന്നാം ഡി സി പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
സതേണ്‍ റയില്‍വേ പാലക്കാട് ഡിവിഷനില്‍ ചീഫ് കണ്‍ട്രോളറായി സേവനമനുഷ്ടിക്കുന്ന ടി ഡി രാമകൃഷ്ണന് 2003ല്‍ പ്രശസ്ത സേവനത്തിനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ ദേശീയ അവാര്‍ഡും 2007ല്‍ മികച്ച തമിഴ്-മലയാള വിവര്‍ത്തകനുള്ള ഇ.കെ.ദിവാകരപോറ്റി അവാര്‍ഡും’ നല്ലദിശൈ എട്ടും’ അവാര്‍ഡും ലഭിച്ചു. ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിന് 2010ല്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബഷീര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
The post സാമൂഹിക വികാസ പരിണാമം ആല്‍ഫ മുതല്‍ appeared first on DC Books.