ഉയര്‍ന്ന സാക്ഷരതയും ആരോഗ്യാവബോധവുമുള്ള കേരളീയര്‍ അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധികളാണ് മദ്യപാനവും മയക്കുമരുന്നുപയോഗവും. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ പ്രേരണ ചെലുത്തുന്ന ദുശ്ശീലങ്ങള്‍ സമൂഹത്തില്‍ വ്യാപകമായിരിക്കെ ഈ വിപത്തിനെ നേരിടാന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിന്റെ വര്‍ദ്ധിതമായ ആത്മഹത്യാനിരക്കിന്റെ കാരണവും മറ്റൊന്നല്ലെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞു.
മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട യുവത്വത്തെ അതില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ബോധവത്കരണവും ലഹരികളിലേക്ക് എത്തിപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകളും വിവരിക്കുന്ന ലേഖനങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകമാണ് ഉന്മാദത്തില്‍നിന്ന് പ്രബുദ്ധതയിലേക്ക്. പ്രഗത്ഭരും പ്രശസ്തരുമായ സാമൂഹികപ്രവര്‍ത്തകരുടെ ലേഖനങ്ങള്‍ എഡിറ്റ് ചെയ്തിരിക്കുന്നത് ഡോ. സെല്‍വി സേവ്യറാണ്.
മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി, എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. എന്‍.പി.ഹാഫിസ് മുഹമ്മദ്, പ്രൊഫ. ഡോ. എം.പി.മത്തായി, ഡോ. ജേക്കബ് വടക്കുംചേരി, ഡോ. തോമസ് മാര്‍ അത്തനാസ്യോസ് തുടങ്ങി ലഹരിവിരുദ്ധചേരിയില്‍ എന്നും മുഴങ്ങുന്ന സ്വരങ്ങളായ 11 പേരുടെ ലേഖനങ്ങളാണ് ഉന്മാദത്തില്‍നിന്ന് പ്രബുദ്ധതയിലേക്ക് എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മദ്യവിമുക്ത കേരളം എന്ന ആശയം പ്രാവര്‍ത്തികമാകാന്‍ ഓരോ മലയാളിയും ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട സമയമാണിത്. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍ത്തുപാട്ടാകട്ടെ ഈ പുസ്തകം.
The post ഉന്മാദത്തില്‍ നിന്ന് പ്രബുദ്ധതയിലേക്ക് വളരാം appeared first on DC Books.