നിരൂപകനും അദ്ധ്യാപകനുമായിരുന്ന പ്രൊഫ.എസ് ഗുപ്തന്‍ നായര്‍ 1990 ല്‍ ഒരു പ്രോസ്‌റ്റേറ്റ് സര്‍ജറി കഴിഞ്ഞ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുമ്പോഴാണ് തന്റെ ആത്മകഥ എഴുതുന്ന കാര്യം ആലോചിച്ചത്. ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ടുതന്നെ എഴുതി തുടങ്ങി.സമകാലിക മലയാളം വാരികയുടെ അന്നത്തെ എഡിറ്ററായിരുന്ന എസ് ജയചന്ദ്രന്‍ നായരുടെ പ്രോത്സാഹനത്തോടെ അത് ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയപ്പോള്‍ എഴുത്തിന് ഒരു താളം വന്നു. കുട്ടിക്കാലംതൊട്ട് മനസ്സില്‍ സ്മരിച്ച ജീവിതമെഴുത്ത് മുഴുമിച്ചു. അതാണ് മനസാസ്മരാമി.!
നിരവധി വ്യക്തികള്‍ മിന്നിമറയുന്ന ഒരു ആത്മകഥ. നിരവധി ചരിത്രസംഭവങ്ങളാല്‍ ചുറ്റപ്പെട്ടകാലങ്ങള്‍, വിദേശങ്ങളടക്കമുള്ള സ്ഥലരാശി, ഒരു നൂറ്റാണ്ടിന്റെ കഥകൂടിയായ ഈ ആത്മകഥയില്‍ കുടുംബകാര്യങ്ങള്‍ക്കാണ് കുറവ്. സമൂഹമാണ് എല്ലായിടത്തും മിടിച്ചുനില്‍ക്കുന്നത്. ബഷീറിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ഏറെ ഭീഷണിയും പഴിയും നേരിട്ടതിനെക്കുറിച്ചു പറഞ്ഞുകൊണ്ട് ചോരയുടെ മണവും കണ്ണുനീരിന്റെ രുചിയുമുള്ള ഒരു ചിരി ഒരു പുതിയ ഭാഷയില്‍ മലയാളത്തിനുതന്ന തന്റെ ബഷീറിനെ ഈ ആത്മകഥയില്‍ ഗുപ്തന്‍ നായര്‍ പുനഃപ്രതിഷ്ഠിക്കുന്നുണ്ട്.
കാലവും വ്യക്തികളും പകര്‍ന്നാട്ടം നടത്തുന്ന ഒരു സമൂഹത്തിന്റെ ചിത്രം വലിയൊരു കാന്‍വാസില്‍ വരച്ചിടുകയാണ് മനസാസ്മരാമി.