പരമോന്നതമായ ഈ ജഗത്തിന്റെ നാലുദിക്പാലകന്മാര്‍ ഈ ലോകത്തെ കാത്തുരക്ഷിക്കുന്നു. അവരുടെയൊക്കെ മുകളില്‍ പുണ്യം ചെയ്തുമരിച്ചവരുടെ ആത്മാക്കള്‍ പാര്‍ക്കുന്ന ലോകം. അവിടെ മൂന്ന് അയുതം (പതിനായിരം) വര്‍ഷം ജീവിച്ച പുണ്യാത്മാക്കള്‍ വീണ്ടും മനുഷ്യലോകത്ത് പിറക്കുന്നു. പുണ്യവാന്മാരുടെ ലോകത്ത് എത്തിച്ചേര്‍ന്ന ഭഗവാന്‍ ബുദ്ധന്റെ ആത്മാവില്‍ അഞ്ച് അടയാളങ്ങള്‍ ദര്‍ശിച്ച ദേവതകള്‍ അദ്ദേഹത്തോടു പറഞ്ഞു:
”ലോകാനുഗ്രഹത്തിനായി അങ്ങ് ഇനിയും ഭൂമിയില്‍ അവതരിക്കേണ്ട സമയമായിരിക്കുന്നു.”
അതുകേട്ട് ആ പുണ്യാത്മാവ് പ്രതിവചിച്ചു: ”ശരി, ഞാനിതാ വീണ്ടും പോകുന്നു; ലോകരക്ഷയ്ക്കായി. ഇതെന്റെ അവസാനത്തെ യാത്രയാണ്. എന്റെ ജന്മവും മൃത്യുവും ഇവിടെ അവസാനിക്കുന്നു. എന്റെ ധര്‍മ്മോപദേശം കേള്‍ക്കുന്നവര്‍ക്കും ജനിമൃതികള്‍ അവസാനിക്കുന്നു. നല്ലവരായ ജനങ്ങളും നീതിമാനായ രാജാവുമുള്ള ശാക്യവംശത്തില്‍ ഹിമാലയത്തിനു തെക്കുള്ള ആ മഞ്ഞിന്‍ പുറങ്ങളില്‍ ഞാനിതാ വീണ്ടും ജനിക്കുന്നു.”
പുണ്യാത്മാക്കളുടെ ആ വിഹാരഭൂമിയില്‍ ഈ സംഭാഷണം നടന്ന രാത്രിയില്‍ മായാവതി ശുദ്ധോദനമഹാരാജാവിന്റെ സമീപം ഉറക്കത്തിലായിരുന്നു. പെട്ടെന്നവര്‍ ഒരു അത്ഭുത സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു.
അതാ ആകാശത്തുനിന്നൊരു നക്ഷത്രം. കാമധേനുവിന്റെ പാല്‍പോലെ വെളുത്തതും ഒരാനയുടെ അടയാളമുള്ളതും ആറുരശ്മികളുള്ളതുമായിരുന്നു ആ നക്ഷത്രം. തൂമുത്തിന്റെ നിറമുള്ളത്. ഉജ്ജ്വലമായ പ്രഭയുള്ളത്. ആകാശത്തിന്റെ ഉയരങ്ങളില്‍ നിന്ന്, അതിവേഗത്തില്‍ പറന്നുവന്ന് മായാവതിയുടെ ഗര്‍ഭപാത്രത്തിന്റെ വലതുഭാഗത്തായി പ്രവേശിച്ചു. ഭൂമിയില്‍ ഒരമ്മയ്ക്കുമുണ്ടാകാത്ത ദിവ്യമായ ഒരാനന്ദം. അതില്‍ പകുതി പുലരുംമുമ്പ് ഭൂമിയില്‍ പതിച്ചു. അഭൗമമായ തിളക്കമായിരുന്നു അതിന്. കുന്നുകള്‍ ഇളകിമറിഞ്ഞു. കടല്‍ത്തിരതാണ് താണ് താണ് അടങ്ങി. ആ ദിവ്യവെളിച്ചത്തില്‍, പകല്‍മാത്രം വിരിയുന്ന പൂവുകള്‍ പൊട്ടിവിരിഞ്ഞു. എങ്ങും നട്ടുച്ചയുടെ തിളക്കം. കാട്ടിലെ ഇരുള്‍പ്പാടുകളില്‍ അത് പൊന്‍പ്രഭ വിതറി. രാജ്ഞിയുടെ മനഃസുഖം, അത്യാഗാധങ്ങളിലേക്ക്, നരകവാതിലുകള്‍ തുറന്ന്, പാതാള ഗര്‍ത്തങ്ങളില്‍ ശബ്ദമായി മുഴങ്ങി. അതിന്റെ മുഴക്കം എവിടെയൊക്കെയോ പ്രതിദ്ധ്വനിച്ചു.
”ഹേ, മരിച്ചവരായി വീണ്ടും ജന്മമെടുക്കാനിരിക്കുന്നവരേ, നിങ്ങളെല്ലാം എഴുന്നേല്‍ക്കൂ. ഇതു കേള്‍ക്കൂ, ബുദ്ധന്റെ അവതാരം ആഗതമായിരിക്കുന്നു. ബുദ്ധന്റെ അവതാരം ആഗതമായിരിക്കുന്നു.”
– ഈ വചനം നരകങ്ങളില്‍ സുഖത്തിന്റേതായ സന്തോഷത്തിന്റേതായ പുതിയ വെളിച്ചം പരത്തി. ഭൂമിക്ക് നെഞ്ചിടിപ്പ് അനുഭവപ്പെട്ടു. ഉന്മേഷത്തിന്റെ കുളിര്‍ക്കാറ്റ് എങ്ങും വീശി. കരയേയും കടലിനേയും കാറ്റു തലോടി.
പ്രഭാതമായി. രാജ്ഞിക്കുണ്ടായ സ്വപ്നത്തിന്റെ അര്‍ത്ഥമറിയാന്‍ രാജാവിനു കൗതുകമുണ്ടായി. സ്വപ്നവ്യാഖ്യാതാക്കളെ വരുത്തി. അവര്‍ സ്വപ്നം വ്യാഖ്യാനിച്ചു:
”ഈ സ്വപ്നം ഉത്തമം തന്നെ. സൂര്യന്‍ കര്‍ക്കിടകത്തിലാണ്. മഹാരാജ്ഞി പ്രസവിക്കുന്ന ഉണ്ണി സകല ജനങ്ങള്‍ക്കും അറിവിന്റെ വെളിച്ചം നല്‍കുന്നവനായി, അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നവനായി, അജ്ഞാനം നീക്കുന്നവനായിത്തീരും. നാടുഭരിക്കുകയാണെങ്കില്‍ ഈ ലോകം മുഴുവന്‍ വാഴുന്നവനായിത്തീരും.”
ഇപ്രകാരമാണ് ‘ശ്രീബുദ്ധഭഗവാന്റെ ജനനമുണ്ടായത്.!
കവിയും പത്രപ്രവര്‍ത്തകനുമായ എഡ്വിന്‍ ആര്‍നോള്‍ഡി (1832-1904) ന്റെ ‘ദി ലൈറ്റ് ഒഫ് ഏഷ്യ’ എന്ന വിശ്രുതഗ്രന്ഥത്തിന്റെ തുടക്കമാണിത്. 1879-ലാണ് ഇതിന്റെ രചന. ‘ഗീതയോടും ഖുറാനോടും ബൈബിളിനോടും എന്തുകൊണ്ടും സമാനതയുള്ള വിശുദ്ധഗ്രന്ഥം’ എന്നാണ് ശ്രിബുദ്ധന്റെ ജീവിതകഥയായ ഈ മഹാകാവ്യത്തെ സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചത്. പുരാതന ഭാരതീയ കവി അശ്വഘോഷന്റെ ‘ശ്രീബുദ്ധചരിത’മാണ് ലൈറ്റ് ഒഫ് ഏഷ്യയുടെ രചനയ്ക്ക് പ്രേരകമായിട്ടുള്ളത്. ഈ കൃതി രചന എഡ്വിന്‍ ആര്‍നോള്‍ഡിനെ അനശ്വരതയിലേക്കു നയിച്ചു. ലോകം ആദരപൂര്‍വ്വം ഏറ്റുവാങ്ങിയ ഉത്കൃഷ്ടകൃതികളില്‍ അപ്രധാനമായ സ്ഥാനം ലൈറ്റ് ഓഫ് ഏഷ്യ കരസ്ഥമാക്കുകയും ചെയ്തു. ഭാവികാലത്തില്‍ വെളിച്ചത്തിന് വിളക്കാകേണ്ട ശ്രീബുദ്ധന്റെ ജീവിതം ശാന്തിയുടെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റേതുമാണ്. ആഗോളവ്യാപകമായി ചിന്തിക്കുമ്പോള്‍ ബുദ്ധമതം ഏഷ്യയില്‍ മുഴുവന്‍ പ്രചരിച്ചിരുന്നതിനാലാണ് ഇവിടെ ശാന്തിയും സമാധാനവും ഏറക്കുറെ ഇന്നും നിലനിന്നു പോരുന്നത്. ക്രിസ്തുദേവനും ഗാന്ധിയും ബുദ്ധന്റെ പിന്മുറക്കാരായി പുനര്‍ജ്ജീവിച്ചവരാണ് എന്നു കരുതുന്നതിലും അപാകമില്ല.
വിശ്വശാന്തിയിലേക്ക് നയിക്കുന്ന‘ശ്രീബുദ്ധന്റെ ജീവിതവും നിര്‍വചനാതീതമായ സ്‌നേഹവും മഹാകവി കുമാരനാശാന്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. ബുദ്ധദര്‍ശനങ്ങളുടെ മുഴക്കം അദ്ദേഹത്തിന്റെ കവിതകളില്‍ കേള്‍ക്കാം. ലൈറ്റ് ഒഫ് ഏഷ്യ, വിവര്‍ത്തനം ചെയ്യാനുള്ള ആശാന്റെ ഉദ്യമം പൂര്‍ണ്ണമായില്ല. പിന്നീട് നാലപ്പാട്ട് നാരായണമേനോന്‍ ‘പൗരസ്ത്യദീപം’ എന്നപേരില്‍ കാവ്യവിവര്‍ത്തനം നിര്‍വ്വഹിച്ചു. വളരെ വൈകിയാണ് ഗദ്യവിവര്‍ത്തനമുണ്ടായത്. മഹാകവി, ക്ഷേമേന്ദ്രന്റെ ‘ബോധിസത്വാപദാനകല്‍പ്പലത’ ശ്രീബുദ്ധന്റെ അപദാനകഥ എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത പ്രശസ്ത എഴുത്തുകാരന്‍ ശൂരനാട് രവിയാണ് ‘ലൈറ്റ് ഓഫ് ഏഷ്യ’ യുടെ സ്വതന്ത്രവിവര്‍ത്തനം. ‘ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ച’ മെന്ന പേരില്‍ നിര്‍വഹിച്ചത്. ഡി.സി.ബുക്‌സാണ് പ്രസാധകര്‍.