വെയിൽസിലെ ഒരു കൊച്ചുപുസ്തക ഗ്രാമത്തിൽ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ സാംസ്കാരികോത്സവമായ ഹേ ഫെസ്റ്റിവലിന് തുടക്കമായി. വെയിൽസിലെ ബുക് ടൗണായ ഹേ ഓൺ വെയിൽസിലാണ് മെയ് മുതൽ ജൂൺ വരെ പത്തു ദിവസം നീണ്ടു നിൽക്കുന്ന ലോകസാഹിത്യസംഗമം അരങ്ങേറുന്നത്. 1988 ൽ ആരംഭിച്ച ഹേ ഫെസ്റിവൽ പാശ്ചാത്യ സാഹിത്യരംഗത്തെ ലോകത്തിനുമുന്നിൽ തുറന്നുകാട്ടുന്നതോടൊപ്പം വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.
ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമായി കവികള്‍, നോവലിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, സിനിമാ പ്രവര്‍ത്തകര്‍ തുടങ്ങി നാനാ മേഖലകളില്‍ നിന്നുമുള്ള കലാകാരന്മാര്‍ ഹേ ഫെസ്റ്റിവലില്‍ പങ്കെടുക്കും. സാഹിത്യ മേഖലയ്ക്ക് പുറമെ ഓരോ വർഷവും നൂതന പ്രമേയങ്ങളിലൂടെ സമൂഹത്തിന്റെ വിവിധ മേഖലകളിലേക്കിറങ്ങി ഹേ ഫെസ്റ്റിവൽ കൂടുതൽ വിപുലമാകുകയാണ്. ലോകത്തെ മികച്ച സംരംഭകർക്കാണ് ഹേ ഫെസ്റ്റിവൽ ഇത്തവണ വേദിയൊരുക്കിയിരിക്കുന്നത്. ജനഹൃദയങ്ങളിൽ സ്വാധീനം ചെലുത്തിയ മികച്ച സംരംഭകരെ ലോകത്തിനു പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ഹേ ഫെസ്റ്റിവൽ മെയ് 25 ന് തുടക്കം കുറിച്ചത്.
സാഹിത്യ ചർച്ചകൾക്കും , ബുക്ക് റീഡിങ് സെഷനുകൾക്കും പുറമെ സിനിമ പ്രദർശനങ്ങളും , സംഗീത മേളകളും , കുട്ടികൾക്കായുള്ള കഥപറയൽ വേദികളും ഈ സാഹിത്യസമ്മേളനത്തിന്റെ മാറ്റ്കൂട്ടുന്നു. പത്ത്നാൾ നീണ്ടു നിൽക്കുന്ന സാഹിത്യോത്സവത്തിൽ ലോകത്തെ പ്രമുഖ സാഹിത്യസാംസ്കാരിക പ്രവർത്തകർ മുഖ്യാതിതിഥികളാകും. ഇന്ത്യയിൽ നിന്ന് ശശി തരൂർ പങ്കെടുക്കുന്നതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ശശി തരൂർ എഴുതിയ ഇൻഗ്ലോറിസ് എംപയർ : ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോട് ചെയ്തത് എന്ന പുസ്തകത്തിന്റെ റീഡിങ് സെഷൻ ജൂൺ രണ്ടിന് ഷെഡ്യൂൾ ചെയ്തിരിക്കുന്നതായാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂൺ നാലിന് ഫെസ്റ്റിവൽ അവസാനിക്കും.