ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂടിന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച സുരാജ് വെഞ്ഞാറമൂട് എഴുതിയ വെഞ്ഞാറമൂട് കഥകൾ എന്ന പുസ്തകത്തിൽ നിന്ന്….
ചിരിയുടെ മലപ്പടക്കങ്ങള്‍ പൊട്ടിച്ചു മലയാളികളുടെ മനസ്സില്‍ ഹാസ്യ നടനായി കടന്നുകൂടി…
‘പേരറിയാത്തവന്‍’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി….
പട്ടാളക്കാരനാകേണ്ടിരുന്ന സുരാജിനെ ഒരു നടനാക്കി മാറ്റിയത് ഒരു സൈക്കിള്‍ ആണ്.
സുരാജിന്റെ ജീവിതത്തില്‍ വഴിത്തിരിവായത് ഒരു ‘സൈക്കിള്‍’, അതും സ്വന്തമല്ല കൂട്ടുകാരന്റേത്. പട്ടാളത്തില്‍ ജോലിചെയ്യുന്ന അച്ഛന്‍, പശുവിനും കൃഷിക്കുമായി സമയം വിനയോഗിക്കുന്ന ‘അമ്മ മിമിക്രിക്കാരനായ ചേട്ടന്‍ അമ്മയെ സഹായിക്കുന്ന ചേച്ചി . ഈ കുടുംബത്തിലെ ഇളയമകന്‍ എന്ന നിലയില്‍ സുരാജിന്റെ റോളും അമ്മക്കൊപ്പമായിരുന്നു ചാണകം വാരുക പശുവിനെ അഴിച്ചു കെട്ടുക പുല്ല് അരിയുക രണ്ടു കിലോമീറ്റര്‍ അകലെ കൊണ്ടുപോയി പാല്‍ കൊടുക്കുക.
കര്‍മ്മനിരതനായിരുന്നു സുരാജ് എങ്കിലും പനി അഭിനയിച്ചു സ്‌കൂളില്‍ പോകാതിരിക്കുക, കള്ള ലീവ് ലെറ്റര്‍ എഴുതുക എന്നതൊക്കെ സ്ഥിരം പണിയായിരുന്നു. പക്ഷേ പഠിക്കാന്‍ മിടുക്കനായിരുന്നു സുരാജ്. അങ്ങനെ പത്താം ക്ലാസ് ഡിസ്റ്റിംക്ഷനോടുകൂടിത്തന്നെ പാസ്സായി. സ്വന്തം ഭാവി സുരാജ് സ്വപ്നം കാണുന്നതിന് മുന്‍പ് തന്നെ അച്ഛന്‍ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നു.’പത്തിന്റെ കടമ്പ കടന്നാല്‍ അധികം പഠിച്ചൊന്നും സമയം കളയണ്ട. അച്ഛനെപ്പോലെ പട്ടാളത്തില്‍ ചേരണം. രാജ്യാതിര്‍ത്തികളില്‍ ധാരാളം അനുഭവങ്ങളുമായി ജീവിച്ചു കരുത്തു നേടണം’. ഇതായിരുന്നു അച്ഛന്റെ തീരുമാനം. അങ്ങനെ പാല്‍ പത്രം താഴെ വച്ച് തോക്കെടുക്കാന്‍ സുരാജ് തീരുമാനിച്ചു.പതിനഞ്ച് വയസില്‍ കാണാന്‍ പറ്റുന്ന ഏറ്റവും സാഹസികമായ സ്വപ്നം മെഷീന്‍ ഗണ്ണുമായി ശത്രുസൈന്യത്തെ വെടിവച്ചുവീഴ്ത്തുക. ഓരോ ദിവസവും അത് സ്വപ്നം കണ്ടു സുരാജ് ഉറങ്ങി. എന്നാല്‍ വിധി മറിച്ചാണ് തരുമാനമെടുത്തതും നടപ്പാക്കിയതും.
പത്താം ക്ലാസ് കഴിഞ്ഞുള്ള അവധി. സുരാജിന്റെ കൂട്ടുകാരന്‍ ഷിബുവിന് അവന്റെ അച്ഛന്‍ പാരിതോഷികമായി ഒരു സൈക്കിള്‍ വാങ്ങി കൊടുത്തു. സുരാജിന്റെ കുടുംബത്തിന് അത്തരം വിലപ്പിടിപ്പുള്ള സമ്മാനം വാങ്ങി കൊടുക്കാന്‍ നിവൃത്തി ഇല്ലായിരുന്നു. എങ്കിലും ആ സങ്കടം സുരാജ് തീര്‍ത്തത് ഷിബുവിന്റെ സൈക്കിളില്‍ ആയിരുന്നു. രാവിലെ മുതല്‍ വൈകിട്ട് വരെ സൈക്കിള്‍ സവാരി. പിന്നെ പിന്നെ കുത്തനെ ഉള്ള ഇറക്കം തേടിപ്പിടിച്ചു അതിലെ ഉള്ള യാത്ര. കുറച്ചുകൂടി കഴിഞ്ഞു നാട്ടിന്‍പുറത്തെ കുണ്ടും കുഴിയും നിറഞ്ഞ വഴികളിലൂടെ കൈ വശങ്ങളിലേക്ക് വിടര്‍ത്തി ഉള്ള യാത്ര. അങ്ങനെ ഉള്ള ഒരു യാത്ര ആണ് ദുരന്തത്തില്‍ കലാശിച്ചത്.
ഒരു വലിയ കുഴിയില്‍ മുന്‍ചക്രം വീണു സൈക്കിള്‍ മറഞ്ഞു.സൈക്കിള്‍ ഓടിചിരുന്ന സുരാജും പിന്നിലിരുന്ന ഷിബുവും തെറിച്ചു വീണു. വീഴ്ചയില്‍ സുരാജിന്റെ വലതുകൈ രണ്ടായി ഒടിഞ്ഞു അസ്ഥി പുറത്തുവന്നു ആപ്പോഴേക്കും ബോധം നഷ്ട്ടപെട്ടിരുന്നു കൈയുടെ ശസ്ത്രക്രിയ തിരുവനതപുരം മെഡിക്കല്‍ കോളേജില്‍ നടന്നു. ബോധം തിരികെ ലഭിക്കുമ്പോഴേക്കും സുരാജ് തിരിച്ചറിഞ്ഞു. കൈക്കുള്ളില്‍ രണ്ടു കമ്പികള്‍ ഇട്ടിട്ടുണ്ട്.
ഒന്നരകൈയും കൊണ്ടെന്തു ചെയ്യാന്‍? ഈ ചിന്ത സുരാജിനെ തളര്‍ത്തി. അന്നോടെ പട്ടാള സ്വപ്നങ്ങള്‍ എന്നേക്കുമായി ആശുപത്രി കിടക്കയില്‍ കെട്ടടങ്ങി. ആഴ്ചകള്‍ നീണ്ട ചികിത്സക്ക് ശേഷം ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോഴേക്കും വലതു കൈയുടെ ശേഷി പാതിയും നഷ്ടപ്പെട്ടിരുന്നു. പക്ഷെ എല്ലാത്തിനും ഉത്തരം ദൈവം കരുതിയിട്ടുണ്ടായിരുന്നു.
പട്ടാളത്തില്‍ ചേരാന്‍ മനസ്സൊരുക്കം നടത്തിയ സുരാജ് ഒരു മിമിക്രിക്കാരനായതും പിന്നീട് പ്രിയങ്കരനായ സിനിമാനടനായി മാറിയതും ഒരു സൈക്കിള്‍ വീഴ്ച സൃഷ്ടിച്ച വഴിത്തിരിവിലൂടെയാണ്. ഇല്ലെങ്കില്‍ ഈ ജീവിതം സുരാജ് ഭാരതത്തിന്റെ അതിര്‍ത്തികളിലും പട്ടാളക്യാമ്പുകളിലുമായി ജീവിച്ചേനെ …….മലയാളത്തിന് പ്രിയങ്കരനായ ഈ നടനെ നമുക്ക് ലഭിക്കാതെ പോയേനെ.