പുത്തന്‍ യൂണിഫോമില്‍ പുതു പ്രതീക്ഷകളുമായി കുട്ടികള്‍ സ്‌ക്കൂളുകളിലേയ്‌ക്കെത്തുകയാണ്. എന്താണ് നല്ല വിദ്യാഭ്യാസം? വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഏതെങ്കിലും പരീക്ഷയ്ക്കു പരിശീലിപ്പിക്കുക എന്നതല്ല. അതും വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടത്തണം എന്നുള്ള കാര്യം നിര്‍ബന്ധമാണ്. പക്ഷേ, വിദ്യാര്‍ത്ഥിയുടെ സമഗ്രമായ വ്യക്തിത്വവികാസം ആണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. വിദ്യാര്‍ത്ഥിയില്‍ ഉറങ്ങിക്കിടക്കുന്ന വാസനകളെ, കഴിവുകളെ, ഉണര്‍ത്തി, വളര്‍ത്തി വിദ്യാര്‍ത്ഥിയെ നല്ല, മഹത്തായ, വ്യക്തിത്വത്തിനുടമയാക്കുക, അങ്ങനെ വിദ്യാര്‍ത്ഥിയെ സമൂഹത്തിന് പ്രയോജനമുള്ള വ്യക്തിയാക്കുക. അതോടൊപ്പം വിദ്യാര്‍ത്ഥിക്ക് വിജയകരമായ ഒരു ഔദ്യോഗികജീവിതം നയിക്കാനുള്ള കഴിവ് നല്‍കുക. ജീവിക്കാന്‍ നല്ല ഒരു തൊഴില്‍ വേണം. അതുവഴി സാമ്പത്തികമായി നല്ല നില കൈവരിക്കണം. വിദ്യാഭ്യാസം അതിന് സഹായിക്കണം. പക്ഷേ, അതിനു മാത്രമല്ല വിദ്യാഭ്യാസം. നല്ല തൊഴിലുണ്ടെങ്കിലും കുട്ടി വീടിനും സമൂഹത്തിനും ഒരു തലവേദനയായാല്‍ രക്ഷിതാവിന്റെ ജീവിതവും നരകമാകുമെന്നു തീര്‍ച്ച.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സമഗ്രമായ വ്യക്തിത്വവികാസമാണ്. എങ്കില്‍ അത് സാധ്യമാക്കുന്ന വിദ്യാലയമാണ് നല്ല വിദ്യാലയം എന്നു വ്യക്തമാണല്ലോ. കുട്ടിയുടെ സമഗ്രമായ വ്യക്തിത്വവികാസം സാധിക്കണമെങ്കില്‍ കുട്ടിയെ വ്യക്തിപരമായി ശ്രദ്ധിക്കണം. ഓരോ കുട്ടിക്കും വ്യക്തിപരമായി ശ്രദ്ധ നല്‍കുന്ന വിദ്യാലയമാണ് നല്ല വിദ്യാലയം. ഓരോ കുട്ടിയും ഓരോ പ്രതിഭാസമാണ്. പ്രത്യേകമായ വ്യക്തിത്വമുള്ള ആളാണ്. ഓരോ കുട്ടിക്കും പ്രത്യേകമായ വാസനകളുണ്ട്. കഴിവുകളുണ്ട്. ബലഹീനതകളുമുണ്ട്. ഓരോ കുട്ടിയും നേരിടുന്ന പ്രതിസന്ധികളും വ്യത്യസ്തമാണ്. ഓരോ കുട്ടിയെയും പ്രത്യേകമായി ശ്രദ്ധിച്ച് ഓരോ കുട്ടിയുടെയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരങ്ങള്‍ നടപ്പാക്കി, ഓരോ കുട്ടിക്കും സാന്ത്വനം വേണ്ടപ്പോള്‍ വേണ്ടത്ര നല്‍കി സ്‌നേഹത്തിന്റെ മീഡിയത്തില്‍ കുട്ടിയെ പഠിപ്പിച്ചു കുട്ടിയുടെ സമഗ്രമായ വ്യക്തിത്വവികാസം ഉറപ്പാക്കണം. അതിനു കഴിവുള്ള അദ്ധ്യാപകര്‍ വേണ്ടത്ര വിദ്യാലയത്തിലുണ്ടാകണം, പശ്ചാത്തലസൗകര്യങ്ങളും ഉണ്ടാകണം. അത്തരം സ്‌കൂളാണ് മാതൃകാ സ്‌കൂള്‍.
നമ്മുടെ സങ്കല്പത്തിലുള്ള ഈ മാതൃകാസ്‌കൂള്‍ സങ്കല്പത്തില്‍ മാത്രമുള്ളതാണ്. നൂറുശതമാനവും മാതൃകയായ, സങ്കല്പത്തിലുള്ളതുമായി പൂര്‍ണ്ണമായും യോജിക്കുന്ന സ്‌കൂള്‍ ലോകത്ത് ഒരിടത്തും കാണണമെന്നില്ല. എന്നാല്‍ ഏറക്കുറെ മാതൃകയായ സ്‌കൂള്‍ ഉണ്ട്. അത്തരം സ്‌കൂളിന്റെ സേവനം ലഭ്യമാക്കുകയേ കരണീയമായുള്ളൂ. സ്‌കൂളുമായി ഇടപഴകാന്‍ രക്ഷിതാവ് പഠിക്കാനുണ്ട്. അനുയോജ്യമായ സ്‌കൂള്‍ കണ്ടെത്തുകയാണ് രക്ഷിതാവിന്റെ ഒന്നാമത്തെ ജോലി. അതിന് രക്ഷിതാവ് വേണ്ടത്ര അന്വേഷണം നടത്തേണ്ടിവരും. നല്ല സ്‌കൂളില്‍ കുട്ടിയെ ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ ഒരു വലിയ ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിച്ചു എന്നു സമാധാനിക്കാം. സ്‌കൂളില്‍ ചേരുന്നതുവരെ കുട്ടിയുടെ വിദ്യാലയവും വീടുതന്നെയായിരുന്നു. സ്‌കൂളില്‍ ചേര്‍ന്നതോടെ പ്രധാനമായ വിദ്യാലയം സ്‌കൂളായി. രക്ഷിതാവിനെക്കാള്‍ സാങ്കേതിക വൈദഗ്ധ്യമുള്ള അദ്ധ്യാപകര്‍ കുട്ടിയെ പഠിപ്പിക്കാനും തുടങ്ങി. രക്ഷിതാവിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു വെല്ലുവിളിയുടെയും പൊരുത്തപ്പെടലിന്റെയും അവസരമാണ്.
രക്ഷിതാവിന് തന്റെ കുട്ടിയാണ് ഏറ്റവും പ്രധാനപ്പെട്ട കുട്ടി. തന്റെ കുട്ടിക്ക് കിട്ടുന്ന ശ്രദ്ധ പോരായെന്നായിരിക്കും ഓരോ രക്ഷിതാവിന്റെയും മനോഭാവം. രക്ഷിതാവിന്റെ പ്രതീക്ഷയ്‌ക്കൊത്ത് അധ്യാപനം ഉയര്‍ന്നില്ലായെന്നും വരാം. അത്തരം സന്ദര്‍ഭങ്ങളെ പക്വതയോടെ നേരിടാന്‍ രക്ഷിതാക്കള്‍ക്കു കഴിയണം. രക്ഷിതാവ് അദ്ധ്യാപകരെ എതിരാളികളായി കാണരുത്. മറിച്ചും. പലപ്പോഴും രക്ഷിതാവിന് തന്റെ കുട്ടിയെ പറ്റി വലിയ പ്രതീക്ഷയായിരിക്കും. അമിതപ്രതീക്ഷ എന്ന് അതിനെ പരിഹസിക്കാന്‍ അദ്ധ്യാപകര്‍ക്ക് അവകാശമില്ല. അവരും രക്ഷിതാക്കളായതിനാല്‍ രക്ഷിതാക്കളുടെ മനശ്ശാസ്ത്രം അവര്‍ക്കു മനസ്സിലാകും. ഓരോ രക്ഷിതാവും തന്റെ കുട്ടിയെ വി. ഐ. പി. ആയി കാണുന്നത് സ്വാഭാവികമാണ് എന്ന് അദ്ധ്യാപകര്‍ മനസ്സിലാക്കണം. പക്ഷേ, ഒരു ക്ലാസ് കൈകാര്യം ചെയ്യുന്ന ടീച്ചര്‍ക്കോ ആ കുട്ടി പല കുട്ടികളില്‍ ഒരാള്‍ മാത്രം. ഈ വിരുദ്ധ മനോഭാവങ്ങള്‍ പലപ്പോഴും സംഘട്ടനത്തിന് കാരണമാകാറുണ്ട്. അദ്ധ്യാപകരും രക്ഷിതാക്കളും പരസ്പരധാരണ വളര്‍ത്തണം. പരസ്പര ബഹുമാനത്തോടെ പെരുമാറുകയും വേണം.
ഒരിക്കലും വീട് സ്‌കൂളിനു പകരമാവുകയില്ല. സ്‌കൂള്‍ വീടിനു പകരവുമാകുകമില്ല. രണ്ടും പരസ്പരപൂരകങ്ങളാണ്. മൂന്നു വയസ്സുവരെയുള്ള വിദ്യാഭ്യാസം വിജയകരമായി വീട്ടില്‍ നടത്തി വിജയിച്ച കുട്ടിയാണ് വിദ്യാലയത്തില്‍ എത്തുന്നത്. കളിയും ചിരിയും പ്രവര്‍ത്തനങ്ങളുമായി വിജയകരമായി വീട്ടില്‍ നടന്ന വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ചയാണ് കൊച്ചുകുട്ടികള്‍ക്ക് വിദ്യാലയത്തില്‍നിന്ന് ലഭിക്കേണ്ടത്. അതായത് പ്രീ പ്രൈമറി, പ്രൈമറി വിദ്യാഭ്യാസം. വിദ്യാലയത്തില്‍ അദ്ധ്യാപകര്‍ നല്കുന്നത് കുറെക്കൂടി സാങ്കേതികമായി പൂര്‍ണ്ണതയുള്ള വിദ്യാഭ്യാസമായിരിക്കും. അദ്ധ്യാപനത്തിന് അത്തരം സാങ്കേതികതയുള്ള രീതി പിന്‍തുടരുമ്പോള്‍ രക്ഷിതാക്കള്‍കൂടി അതു മനസ്സിലാക്കണം. കുട്ടികള്‍ സ്വന്തമനുഭവങ്ങളിലൂടെ, പ്രോജക്റ്റുകളിലൂടെ രസിച്ചു പഠിക്കണം. അദ്ധ്യാപകര്‍ സഹായികള്‍ മാത്രമാണ്.
കുട്ടികളുടെ സമസ്തമേഖലകളുടേയും വികസനത്തിന് സഹായിക്കുന്ന പുസ്തകമാണ് പ്രൊഫ. എസ്. ശിവദാസിന്റെ നിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കരാക്കാം എന്ന പുസ്തകം. മാതാപിതാക്കളും അധ്യാപകരും ഒരുപോലെ കൈയില്‍ കരുതേണ്ട പുസ്തകമാണിത്. ദീര്‍ഘകാലത്തെ അധ്യാപനത്തില്‍നിന്നും വായനയില്‍ നിന്നും കണ്ടുകിട്ടിയ മഹത് ചിന്തകളെയും അനുഭവങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ടാണ് പ്രൊഫ.എസ്.ശിവദാസ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. മനുഷ്യചിന്തയെ പ്രചോദിപ്പിക്കാന്‍ അനുഭവകഥകള്‍ക്കൊപ്പം ശാസ്ത്രം, സാഹിത്യം, ഇതിഹാസം തുടങ്ങിയ മേഖലകളില്‍ന്നുള്ള കഥകളും ശിവദാസ് ശേഖരിച്ചിട്ടുണ്ട്.
അറിവൂറും കഥകള്‍, കീയോ കീയോ, നെയ്യുറുമ്പുമുതല്‍ നീലത്തിമിംഗലംവരെ, ബുദ്ധിയുണര്‍ത്തുന്ന കഥകള്‍, ജയിക്കാന്‍ പഠിക്കാം തുടങ്ങി നിരവധി പുസ്തകങ്ങളിലൂടെ കുട്ടികള്‍ക്ക് പ്രിയങ്കരനായ എസ്.ശിവദാസിന്റെ ഏറ്റവും മികച്ച പുസ്തകമാണിത്.