ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാലമാണ് കൗമാരം. കൗമാരത്തില്‍ ഒരു വ്യക്തിയിലുണ്ടാകുന്ന ശാരീരികവും വൈകാരികവും മാനസികവുമായ മാറ്റങ്ങളാണ് ഈ കാലത്തെ മറ്റേതില്‍നിന്നും വ്യത്യസ്തമായി നിലനിര്‍ത്തുന്നത്. ഈ കാലഘട്ടത്തിലാണ് അവരുടെ മനസും ബുദ്ധിയും വികാസം പ്രാപിക്കുന്നത്. പഠനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്താനും, നല്ല സാമൂഹ്യബന്ധങ്ങള്‍ ഉണ്ടാക്കാനും തന്റെ കുട്ടിക്ക് കഴിയണമെന്ന് ഓരോ രക്ഷിതാവും ആഗ്രഹിക്കുന്നു. അധ്യാപകര്‍ക്കാണെങ്കില്‍ അച്ചടക്കമുള്ള, നന്നായി അദ്ധ്വാനിക്കുന്ന, ബുദ്ധിയുള്ള കുട്ടികളെയാണ് ആവശ്യം. ഇതിനാല്‍ ‘അരുത്’ എന്ന ശബ്ദം അടങ്ങിയ ഒരു നീണ്ട പട്ടികതന്നെ കുട്ടികള്‍ക്ക് മുന്നില്‍ നാം വയ്ക്കുന്നു. കുട്ടികള്‍ എന്താണ് ചെയ്യേണ്ടത്, അല്ലെങ്കില്‍ ചെയ്യരുതാത്തത് എന്ന കൃത്യമായ നിയമാവലി അവരില്‍ നാം അടിച്ചേല്‍പ്പിക്കുന്നു. കുട്ടികള്‍ ഈ മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അച്ഛനമ്മമാരുടേയും അധ്യാപകരുടേയും പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനും, തന്റെ സ്വകാര്യവും വ്യക്തിപരവും ആയ ആവശ്യങ്ങളെ പൂര്‍ത്തീകരിക്കാനും അവര്‍ കഠിനപ്രയത്‌നം നടത്തും. ഇതുകൊണ്ടുതന്നെ വല്ലാത്ത ആശങ്കകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ഇവര്‍ വഴിപ്പെടുന്നു. ഇത് തെറ്റായ പ്രവൃത്തികളിലേക്ക് തിരിയാന്‍ അവര്‍ക്ക് പ്രേരണയാകുന്നു.
കൗമാരക്കാര്‍ക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്. എല്ലാ കൗമാരക്കാര്‍ക്കും അവരുടെ വികസനത്തിനാവശ്യമായ ശ്രദ്ധയും പരിഗണനയും നല്‍കാന്‍ സമൂഹത്തിനും വിദ്യാലയങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ചുമതലയുണ്ട്. ജീവിതത്തില്‍ വിജയം കൈവരിക്കാനാവശ്യമായ പഠനവും നിര്‍ദ്ദേശങ്ങളും ഈ പ്രായത്തില്‍തന്നെ അവര്‍ക്കു ലഭിക്കണം. അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും ആശങ്കകളും പരിഹരിക്കാനുതകുന്നതായിരിക്കണം നമ്മുടെ ഓരോ പ്രവൃത്തിയും. വെല്ലുവിളികളെ നേരിടാനും സ്വന്തം വ്യക്തിത്വം വികസിപ്പിക്കാനും ആവശ്യമായ പിന്തുണ അവര്‍ക്ക് ലഭിക്കണം. എങ്കിലേ, അവര്‍ക്ക് ഒരു നല്ല ഭാവിയും കുടുംബജീവിതവും ഉണ്ടാകു. എങ്കിലേ, ഇവരെ രാഷ്ട്രത്തിന്റേയും സമൂഹത്തിന്റേയും പുരോഗതിക്കായി ഉപയോഗിക്കാനാകൂ. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനായാല്‍ നമ്മുടെ രാജ്യത്തിനും ജനങ്ങള്‍ക്കും നല്ലൊരു ഭാവി ഉറപ്പുവരുത്താന്‍ നമുക്ക് കഴിയും.
എങ്ങനെ കൗമാരക്കാരെ മനസ്സിലാക്കി അവര്‍ക്കായി പ്രവര്‍ത്തിക്കാനാവും എന്ന് വിശകലനം ചെയ്ത് ഡോ. ദേവേന്ദ്ര അഘോചിയ തയാറാക്കിയ പുസ്തകമാണ് ലൈഫ് കോംപീറ്റന്‍സീസ് ഫോര്‍ അഡോളസെന്റ്‌സ്. ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് വിജയകരമായ ജീവിതത്തിന് കൗമാരക്കാരെ പ്രാപ്തരാക്കാം. കൗമാരക്കാരുടെ ജീവിതത്തില്‍ അടുത്ത ബന്ധം പുലര്‍ത്തുന്ന രക്ഷിതാക്കള്‍, അധ്യാപകര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റു പരിശീലകര്‍ എന്നിവരെ സജ്ജരാക്കുന്നത് വഴി മാത്രമെ കൗമാരക്കാരെ വിജയത്തിലെത്തിക്കാന്‍ അവര്‍ക്ക് സാധിക്കൂ. കൗമാരകാലത്താണ് കുട്ടികള്‍ ഏറ്റവുമധികം സ്വാധീനിക്കപ്പെടുന്നത്. മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്കൊപ്പംതന്നെ സ്വയം തിരിച്ചറിയാനും തങ്ങളുടേതായ ലക്ഷ്യങ്ങള്‍ക്ക് നേടാനും ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ സമ്മര്‍ദങ്ങള്‍ ഉണ്ടാവുക സാധാരണമാണ്. പരാജയങ്ങള്‍ നേരിടുമ്പോള്‍ തളര്‍ന്നു പോകുന്ന പ്രവണത നമ്മുടെ കൗമാരക്കാരിലുണ്ട്. അവരുടെ കാര്യക്ഷമത മനസ്സിലാക്കി ലക്ഷ്യങ്ങളിലേക്ക് നയിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. ഇതിനായി ചെയ്യാവുന്ന പഠനപരിശീലങ്ങളാണ് ദേവേന്ദ്ര അഘോചിയ തന്റെ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്. 12 മൊഡ്യൂളുകളായി തിരിച്ച പുസ്തകത്തില്‍ വളരെ ലളിതമായാണ് ഓരോ പരിശീലനവും അവതരിപ്പിച്ചിരിക്കുന്നത്. കൗമാരക്കാരെ വിജയത്തിലേക്ക് നയിക്കാന്‍ ഈ ഗ്രന്ഥം ഒരു ഉത്തമ സഹായിയാണ്.
കൗമാരമനസ്സുകളെ മനസ്സിലാക്കാനും അവരെ വിജയകരമായ ജീവിതത്തിലേക്ക് നയിക്കാനുമുതകുന്ന ഈ പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് അദ്ധ്യാപികയും എഴുത്തുകാരിയുമായ കെ. രമ ആണ്.