മലയാള സാഹിത്യത്തിന്റെ ആരംഭം മുതൽ വർത്തമാനകാലം വരെയുള്ള ചരിത്രപരമായ വികാസ പരിണാമങ്ങൾ അനുക്രമം അപഗ്രഥിച്ചു വിശദമാക്കുന്ന സമഗ്രമായ ഗ്രന്ഥമാണ് ‘മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ’. സാഹിത്യചരിത്രവസ്തുതകളുടെ വസ്തുനിഷ്‌ഠമായ അപഗ്രഥനം. സാഹിത്യത്തിന്റെ വികസനത്തിനും പരിവർത്തനത്തിനും പ്രേരകമായ ചരിത്ര സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ഘടകങ്ങളുടെ യുക്തിപൂർവ്വമായ വിശകലനമാണ് എരുമേലി പരമേശ്വരൻ പിള്ള തയ്യാറാക്കിയ ഈ ഗ്രന്ഥം.
ഓരോ കാലഘട്ടത്തിലും സാഹിത്യത്തെ സ്വാധീനിച്ച ദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ള സയുക്തിക ചിന്ത. എഴുത്തുകാരുടെ സാഹിത്യ സംഭാവനകൾ സ്വതന്ത്രമായും നിഷ്പക്ഷമായും വിലയിരുത്തുന്നതിൽ കാണിച്ച സമചിത്തത തുടങ്ങിയവ ഈ ഗ്രന്ഥത്തിന്റെ സവിശേഷതകളാണ് .പത്ത് ശദാബ്ദത്തിലേറെ കാലത്തെ ചരിത്രപരമ്പര്യമുള്ള മലയാള സാഹിത്യത്തിന്റെ സർവ്വതല സ്പർശിയാണ് ഈ സാഹിത്യചരിത്രം.
‘മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ ‘ ആദ്യം പ്രസിദ്ധീകരിച്ചത് 1966 ലാണ്. തുടർന്നുള്ള ഓരോ പതിപ്പും പരിഷ്കരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. ഗ്രന്ഥത്തിന്റെ പതിനഞ്ചാമത് പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. പൂർണ്ണമായും പുനഃ ക്രമീകരിച്ച് കൂടുതൽ വസ്തുതകൾ ഉൾപ്പെടുത്തിയാണ് ഈ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മലയാള സാഹിത്യത്തിന്റെ മഹത്തായ പൈതൃകവും ഇതരഭാഷാ സാഹിത്യങ്ങളിലൂടെ അതിനു കൈവന്ന പുരോഗതിയും യാഥാർഥ്യബോധത്തോടെ ഇതിൽ പ്രതിപാദിക്കുന്നു. മലയാള സാഹിത്യത്തിൻെറ വിശാലാതലങ്ങളിലേക്ക് ആഴത്തിൽ കടന്നുചെല്ലാൻ മാർഗ്ഗ ദർശനം നൽകുന്ന മികച്ച സാഹിത്യ ചരിത്രമാണ് ‘മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ എന്ന ഗ്രന്ഥം.
വിവിധ സാഹിത്യശാഖകളിലായി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള എരുമേലി പരമേശ്വരൻ പിള്ളയ്ക്ക് 2009-ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മലയാളം , സോഷ്യോളജി എന്നീ വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം നേടി.1964 മുതൽ ഫാറൂക്ക് ട്രെയിനിംഗ് കോളേജിൽ അധ്യാപകൻ, കേരളസാഹിത്യ അക്കാദമി സെക്രട്ടറി (1988-91). മഹാത്‌മാഗാന്ധി സർവകലാശാലയുടെ കോട്ടയം ബി.എഡ് സെന്ററിന്റെ ആദ്യത്തെ പ്രിൻസിപ്പൽ എന്നീ ഉദ്യോഗങ്ങൾ നോക്കിയിട്ടുണ്ട്. കേരളസർക്കാർ നടത്തിയ ആദ്യത്തെ ബാലസാഹിത്യ പരിശീലന കോഴ്‌സിൽ (1961) പരിശീലനം നേടി.
സാക്ഷരത, വയോജന വിദ്യാഭ്യാസം, നവസാക്ഷര സാഹിത്യം, ബാലസാഹിത്യം, ഗ്രന്ഥാലയശാസ്‌ത്രം, ഭാഷാധ്യാപനം എന്നീ വിഷയങ്ങളിൽ അഖിലേന്ത്യാ തലത്തിലും പ്രാദേശിക തലത്തിലും പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ ഒട്ടനവധി പരിശീലന കോഴ്‌സുകളുടെ സംഘാടനവും നേതൃത്വവും ഇദ്ദേഹം നടത്തിയിട്ടുണ്ട്. കേരള, കോഴിക്കോട് സർവകലാശാലകളുടെ വിദ്യാഭ്യാസ ഫാക്കൽറ്റികളിലും ബോർഡ് ഓഫ് സ്‌റ്റഡീസുകളിലും ഇദ്ദേഹം അംഗമായിരുന്നു. ദേശാഭിമാനി സ്‌റ്റഡി സർക്കിൾ സംസ്‌ഥാന സെക്രട്ടറി, പുരോഗമനകലാസാഹിത്യസംഘം സംസ്‌ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറി, എന്നീ നിലകളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട് എരുമേലി പരമേശ്വരൻ പിള്ള.