ക്യാന്‍സര്‍ ജീവിതാന്ത്യത്തിലേക്കുള്ള പടിവാതിലാണെന്നു കരുതുന്നവരാണ് കൂടുതലും. സമൂഹം ഭയപ്പെടുന്നതുപോലെ അര്‍ബ്ബുദം മാരകമായ രോഗമല്ല. കൃത്യസമയത്ത് രോഗനിര്‍ണ്ണയം നടത്തുവാന്‍ കഴിഞ്ഞാല്‍ ഭൂരിഭാഗവും ക്യാന്‍സര്‍ രോഗികളെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ കഴിയും. ഏതു രോഗവും ഏറ്റവും ഗുരുതരമാകുന്നത് അത് മനസ്സിനെ കീഴ്‌പ്പെടുത്തുമ്പോഴാണ്. രോഗത്തെ അതിജീവിക്കാനുള്ള മനക്കരുത്തും ചിട്ടയായ ജീവിതക്രമവും ചികിത്സയും ഉണ്ടെങ്കില്‍ നിഷ്പ്രയാസം കാന്‍സറിനെ കീഴടക്കാന്‍ കഴിയും. ചികിത്സാവേളയില്‍ കാണിക്കുന്ന ധൈര്യവും ആത്മവിശ്വാസവും അതിജീവനം എളുപ്പമാക്കും. കാന്‍സറിനെതിരെ പൊരുതാനുള്ള ഇച്ഛാശക്തി അനായാസേന ആര്‍ജ്ജിച്ചെടുക്കാനുള്ള മാര്‍ഗ്ഗങ്ങളും, രോഗത്തെ തടയാനായി നാം ശീലമാക്കേണ്ട ഭക്ഷണത്തെക്കുറിച്ചുമാണ് പ്രശസ്ത കാന്‍സര്‍രോഗവിദ്ധനായ ഡോ. വി. പി. ഗംഗാധരന്‍ തയ്യാറാക്കിയ കാന്‍സര്‍ കുക്കറി എന്ന പുസ്തകത്തിന്റെ ഉള്ളടക്കം.
തെറ്റായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമമില്ലായ്മയും കാന്‍സറുണ്ടാക്കാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ജീവിതശൈലിയിലും ഭക്ഷണരീതിയിലും മാറ്റം വരുത്തുകയാണ് കാന്‍സര്‍ പ്രതിരോധിക്കാനുള്ള പ്രധാനമാര്‍ഗ്ഗം. മുപ്പതുശതമാനം കാന്‍സര്‍ രോഗങ്ങളും ബന്ധപ്പെട്ടിരിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണവുമായാണ്. അതുകൊണ്ട് ആദ്യപടിയായി ചെയ്യേണ്ടത് കാന്‍സറിനെ തടയാന്‍ കഴിവുള്ള ഘടകങ്ങള്‍ അടങ്ങിയ ആഹാരസാധനങ്ങള്‍ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക എന്നതാണ്. അത്തരം ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പാചകകുറിപ്പുകളാണ് ഈ പുസ്തകത്തില്‍ നല്കിയിരിക്കുന്നത്. കൂടാതെ കാന്‍സര്‍വരാതിരിക്കാനുള്ള മുന്‍കരുതലുകളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും, സര്‍ജറി, റേഡിയേഷന്‍, കീമോതെറാപ്പി എന്നീ ഘടകങ്ങിലൂടെ കടന്നുപോകുന്ന രോഗികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
കീമോതെറാപ്പിയുടെയും റേഡിയേഷന്റെയും ഇടവേളകളില്‍ രുചികള്‍ നഷ്ടപ്പെട്ടു ഭക്ഷണത്തിനോടു വിമുഖത കാണിക്കുന്നവരാണു മിക്ക കാന്‍സര്‍ രോഗികളും. വായിലെ വൃണങ്ങളും ഛര്‍ദ്ദിയും നെഞ്ചെരിച്ചിലുമൊക്കെ ആഹാരത്തോടു മടുപ്പുണ്ടാക്കും. തത്ഫലമായി ശരീരഭാരം കുറയുകയും രോഗപ്രതിരോധശേഷി ദുര്‍ബലമാവുകയും ചെയ്യും. ശക്തിയേറിയ മരുന്നുകളാണ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത് എന്നുകൊണ്ട് അതിനനുയോജ്യമായ ഭക്ഷണം കഴിച്ച് ശരീരഭാരവും ആരോഗ്യവും ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള വഴികാട്ടിയാണ് കാന്‍സര്‍ കുക്കറി.