വ്യാസൻ അവസാനമായി രചിച്ച പുരാണമാണ് ഭാഗവതം എന്നാണ് വിശ്വാസം. ഭഗവതാനുഗ്രഹത്താൽ ബ്രഹ്‌മാവിന് വെളിപ്പെട്ട ഭാഗവതജ്ഞാനം നാരദനിലൂടെ വ്യാസനിലെത്തി. വ്യാസൻ സംപുത്രനായ ശുകനെ അത് പഠിപ്പിച്ചു. ശാപഗ്രസ്തനായി ആസന്ന മൃത്യുവായ പരീക്ഷിത്തിനെ ശുകൻ ഭാഗവതം കേൾപ്പിച്ചു.ശുകന്റെ ഭാഷണം കേൾക്കാൻ കഴിഞ്ഞ സൂതൻ നൈമിശാരണ്യത്തിൽ ശൗനകാദി മഹർഷിമാരുടെ യാഗശാലയിൽ വച്ച് അവരുടെ ആവശ്യപ്രകാരം അത് പുനരാഖ്യാനം ചെയ്യുന്നു. ഇങ്ങനെയാണ് ഭാഗവതം ജനങ്ങളിലേക്ക് എത്തുന്നത്.
ജനങ്ങളുടെ ഭൗതികവും സാംസ്കാരികവുമായ ജീവിതത്തിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വെളിച്ചം പരത്തുന്ന മഹാഗ്രന്ഥമാണ് വ്യാസനിർമ്മിത മായ ശ്രീമഹാഭാഗവതം. ദശാവതാരങ്ങളിൽ ഏറ്റവും മനോഹരമായ ശ്രീകൃഷ്ണന്റെ കഥാ കീർത്തനത്തിലൂടെ മനുഷ്യനെ ഭഗവാനിൽ എത്തിക്കുകയാണ് ഭാഗവതത്തിൻറെ താത്പര്യം. അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ശ്രീകൃഷ്ണചരിതമാണ് ഭാഗവതത്തിലെ ഉള്ളടക്കം.
തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ രചിച്ച ശ്രീമഹാഭാഗവതം കിളിപ്പാട്ട് സംശോധനം ചെയ്തിരിക്കുന്നത് എം എസ് ചന്ദ്രശേഖരവാര്യർ ആണ്. പന്ത്രണ്ടു സ്കന്ദങ്ങളും മുന്നൂറ്റി മുപ്പത്തി അഞ്ച് അദ്ധ്യായങ്ങളും ഉണ്ട് ഈ മഹാപുരാണത്തിൽ . വിഷ്ണുപുരാണത്തിലും , ഹരി വംശത്തിലും ഭക്തിക്ക് അവഗണിക്കാനാകാത്ത സ്ഥാനമുണ്ടെങ്കിലും ഭക്തിഭാവപൂർണ്ണത ഭാഗവതത്തിൽ തന്നെയാണ് കാണുന്നത്. ഭഗവത് കഥകളെ സരസമായും സവിസ്തരമായും വർണ്ണിക്കുന്ന ഈ പുരാണം അനേകം കഥകളുടെ ആകരമാകുന്നു. ഈ കഥകളിലെല്ലാം കഥാപാത്രങ്ങളുടെ ഒരു നീണ്ടനിര തന്നെ കാണാം. ഭക്തിനിര്ഭരങ്ങളും സുമധുരങ്ങളുമായ ഒട്ടേറെ സ്തോത്രങ്ങളുടെ ഒരു മഞ്ജുഷ കൂടിയാണ് ഭാഗവതം.
തുഞ്ചത്ത് എഴുത്തച്ഛൻ മലയാളികൾക്ക് സുപരിചിതനാണ്. ഭാഷാപിതാവ് എന്നതിലും ഉപരിയായി മഹാഭാഗവതം കിളിപ്പാട്ടും , അദ്ധ്യാത്മരാമായണം കിളിപ്പാട്ടും , പൊന്നാനിപ്പുഴയുടെ തീരത്തെ തുഞ്ചൻപറമ്പും , മലയാളികൾക്ക് എഴുത്തച്ഛൻ സർവ്വസമ്മതനാകാൻ കാരണമാണ്. ഭാഗവതം കിളിപ്പാട്ട് എഴുത്തച്ഛന്റെ കൃതിയാണെന്ന സാമാന്യജനങ്ങളുടെ വിശ്വാസത്തെ ഇളക്കാൻ പണ്ഡിതന്മാരുടെ യുക്തിവാദങ്ങൾക്കൊന്നും ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന സത്യം അംഗീകരിച്ചേ മതിയാകൂ. എഴുത്തച്ഛന്റെ ജനനവും ജീവിതവും എല്ലാം ഇപ്പോഴും തർക്കവിഷയങ്ങളാണ്.അദ്ദേഹത്തിന്റെ മാതാപിതാക്കൾ , ഗുരുക്കന്മാർ , പേര് , ഇതിനൊന്നും വ്യക്തമായ ഒരുത്തരം എവിടെയും പ്രതിപാദിച്ചു കാണുന്നില്ല.
എഴുത്തച്ഛൻ താമസിച്ചു എന്നുകരുത്തപ്പെടുന്ന ചിറ്റൂർ ഗുരുമഠം സന്ദർശിച്ച സംസ്കൃത പണ്ഡിതനായ ഡോ.എസി ബർണൽ 1866 ാമാണ്ടിൽ ഭാഗവതം കിളിപ്പാട്ടിന്റെ ഒരു പഴയ മാതൃക അവിടെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. കെ പി നാരായണ പിഷാരടിയും തുഞ്ചത്തുസ്വാമിയാർ എന്ന് രേഖപ്പെടുത്തിയ ഒരു ശ്രീമഹാഭാഗവതം എന്ന താളിയോലഗ്രന്ഥം താൻ കണ്ടിട്ടുള്ളതായി അടുത്തിടെ നടന്ന ഒരു തുഞ്ചൻ അനുസ്മരണത്തിൽ പറയുകയുണ്ടായി.
മൂലകൃതിയായ സംസ്കൃത ഭാഗവതം സംഗ്രഹിച്ച് വിവർത്തനം ചെയ്തിരിക്കുകയാണ് ശ്രീമഹാഭാഗവതം എന്ന ഈ ഗ്രന്ഥത്തിൽ. 1994 ൽ ഡി സി ബുക്സ് ആദ്യമായി പ്രസിദ്ധീകരിച്ച ഈ ബൃഹദ് ഗ്രന്ഥത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.