ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ‘അരുന്ധതി റോയി എഴുതിയ രണ്ടാമത്തെ നോവല്‍ ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ രാജ്യാന്തര പ്രകാശനത്തോടൊപ്പം, കേരളത്തിലെ പ്രകാശനവും ഇന്ന് രാവിലെ നടന്നു. അരുന്ധതിയുടെ ജന്മദേശമായ കോട്ടയത്ത് തന്നെയായിരുന്നു പ്രകാശനം എന്നതും ശ്രദ്ധേയമായിരുന്നു. രാവിലെ 10 30 ഡി സി ബുക്‌സ് ഓഡിറ്റോറിയത്തില്‍ നടന്നചടങ്ങില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കെ ആർ മീര പുസ്തകത്തിന്റെ ആദ്യകോപ്പി കഥാകൃത്ത് ജി.ആര്‍ഇന്ദുഗോപന് നല്‍കിക്കൊണ്ടാണ് പുസ്തകത്തിന്റെ കേരളാ ലോഞ്ചിങ് നിര്‍വ്വഹിച്ചത്.
തന്റെ തലമുറയിലുള്ള എഴുത്തുകാരുടെ റോള്‍മോഡലായ അരുന്ധതി റോയിയുടെ പുതിയ നേവല്‍ പ്രകാശനം ചെയ്യാന്‍ കഴിഞ്ഞഅസുലഭനിമിഷത്തില്‍ അഭിമാനിക്കുന്നുവെന്നും എല്ലാ വായനക്കാരെപ്പോലെ താനും ഈ നോവലിനായി കാത്തിരുന്നുവെന്നും മീര പറഞ്ഞു. ‘അരുന്ധതി റോയിയുടെ ആദ്യനോവല്‍ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍) വ്യക്തിപരമായ അനുഭവങ്ങളുടെ
പുനര്‍നിര്‍മ്മാണമായിരുന്നുവെങ്കില്‍ ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് രാഷ്ട്രീയമായ ആശയങ്ങളുടെ ഒരു പുനര്‍നിര്‍മ്മാണമാണെന്നും കെ ആർ മീര അഭിപ്രായപ്പെട്ടു. 20 വര്‍ഷങ്ങളാണ് ഈ നോവലിനുവേണ്ടി വായനക്കാര്‍ കാത്തിരുന്നത്. അതുകൊണ്ടുതന്നെ അവരെ നിരാശപ്പെടുത്താത്തവിധമുള്ള ആഖ്യാനമാണ് രചനയില്‍ അരുന്ധതി നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ നോവല്‍ സംവേദനശേഷിയുടെ പുതിയ മാനങ്ങള്‍ തീര്‍ക്കുമെന്ന് പ്രതീക്ഷിക്കാമെന്നും മീര കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ പ്രദേശങ്ങളില്‍ നിന്നുമാത്രമല്ല ഇന്ത്യയുടെയും ലോകത്തിലെയും എല്ലാ ഭാഗങ്ങളിലെയും ചരിത്രാംശങ്ങള്‍ ഈ പുസ്തകത്തില്‍ കാണാമെന്നും എല്ലാവായനക്കാരെപ്പെ താനും നോവല്‍ വായിച്ചുതീര്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും പുസ്തകം ഏറ്റുവാങ്ങിയ ജി.ആര്‍ഇന്ദുഗോപന് പറഞ്ഞു,ചടങ്ങില്‍ രവി ഡീസി സ്വാഗതവും എ വി ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
1997ലാണ് അരുന്ധതിയുടെ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് പുറത്തിറങ്ങിയത്. കേരളീയ ജീവിതം പശ്ചാത്തലമാക്കി എഴുതപ്പെട്ട ആ കൃതി ആ വര്‍ഷത്തെ ബുക്കര്‍ സമ്മാനത്തിനും അര്‍ഹമായി. മാത്രമല്ല 40 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും ആറ് മില്യണ്‍ കോപ്പികള്‍ വിറ്റഴിയുകയും ചെയ്തു. സവിശേഷമായ രചനാശൈലികൊണ്ടും ഭാഷാപ്രയോഗങ്ങള്‍ക്കൊണ്ടും ശ്രദ്ധേയമായിത്തീര്‍ന്ന ഈ കൃതി കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ എന്ന പേരില്‍ ഡി സി ബുക്‌സാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്. ധാരാളം വായനക്കാരുള്ള അരുന്ധതി റോയിയുടെ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ എന്ന കൃതിയ്ക്കും മലയാള വായനക്കാരില്‍ നിന്നും മികച്ചപ്രതികരണമാണ് ലഭിച്ചത്. ഇത്തരം പ്രമേയസ്വീകാര്യതയിലും ഭാഷാ പ്രയോഗരീതിയിലും സവിശേഷതകള്‍ നിറഞ്ഞ അരുന്ധതിയുടെ മറ്റൊരു കൃതിയ്ക്കായി കാത്തിരുന്ന വായനക്കാരുടെ ആകാംഷയ്ക്ക് വിരാമമിട്ടുകൊണ്ടാണ് പുതിയ നോവല്‍ ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് എത്തിയത്.
പഴയ ഡല്‍ഹിയില്‍ നിന്നും പുതിയ വികസിത നഗരത്തിലേക്കുള്ള ഒരു ദീര്‍ഘയാത്രയാണ് ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് ‘ എന്ന നോവലിന്റെ അടിസ്ഥാന പ്രമേയം. അത് അവിടെ നിന്നും വികസിച്ച് യുദ്ധം സമാധാനവും സമാധാനം യുദ്ധവുമായി തീരുന്ന കാശ്മീര്‍ താഴ്വരയിലേക്കും മധ്യഇന്ത്യയിലെ വനാന്തരങ്ങളിലേക്കും വായനക്കാരെ നയിക്കുന്നു. നൊമ്പരപ്പെടുത്തുന്ന ഒരു പ്രണയകഥയോടൊപ്പം നിര്‍ണായകമായ ചില മുന്നറിയിപ്പുകളും നോവല്‍ നല്‍കുന്നുണ്ട്. ഒരു മന്ത്രണമായും ഒരു അലര്‍ച്ചയായും കണ്ണീരില്‍ കുതിര്‍ന്നും ചിലപ്പോഴൊക്കെ ഒരു ചിരിയായും അത് നമ്മോട് സംസാരിക്കും. ജീവിച്ചിരിക്കുന്ന ലോകം ആദ്യം മുറിവേല്‍പ്പിക്കുകയും പിന്നീട് രക്ഷിക്കുകയും ചെയ്തവരാണ് ഇതിലെ നായകരൊക്കെ തന്നെയും; അവര്‍ പിന്നീട് പ്രണയത്തിലേക്കും പ്രതീക്ഷയിലേക്കും വീഴുന്നു. കഥപറച്ചിലില്‍ അരുന്ധതി റോയ്ക്കുള്ള മാന്ത്രികത മുഴുവന്‍ വെളിവാക്കുന്നതാണ് പുതിയ കൃതി എന്ന എന്ന വാര്‍ത്തകള്‍ വായനക്കാര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
ബ്രിട്ടനിലെ പ്രസാധകരായ ഹാമിഷ് ഹാമില്‍ട്ടണും പെന്‍ഗ്വിന്‍ ഇന്ത്യയുമാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ‘അരുന്ധതി റോയിയുടെ മാസ്റ്റര്‍പീസ് നോവലായ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഡി സി ബുക്‌സ് തന്നയാണ് പുതിയ കൃതിയായ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസും മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത്.