അവസാനത്തെ നദിയിൽ
വെള്ളമില്ലായിരുന്നു, രക്തമായിരുന്നു
ലാവയുടെ പ്രവാഹം പോലെ
അതു ചുട്ടു തിളച്ചുകൊണ്ടിരുന്നു
അതില് നീര് കുടിക്കാനെത്തിയ
അവസാനത്തെ ആട്ടിന്കുട്ടികൾ
ഒന്നു നിലവിളിക്കുംമുമ്പേ മൂര്ച്ഛിച്ചു വീണു
അതിനു കുറുകെപ്പറന്ന പറവകൾ
പിടഞ്ഞുപിടഞ്ഞ് അതില് വീണു മറഞ്ഞു
തലയോടുകളിൽ നിന്ന്
കണ്ണീരൊഴുകിക്കൊണ്ടിരുന്നു
ജനലുകളില്‌നിന്ന് നിലച്ച ഘടികാരങ്ങൾ
താഴെ വീണുകൊണ്ടിരുന്നു.
(കെ. സച്ചിദാനന്ദൻ : അവസാനത്തെ നദി)
വീണ്ടുമൊരു പരിസ്ഥിതിദിനം കൂടി കടന്നുപോയി. മനുഷ്യന്റെ ധൂർത്തും ദുഷ്പ്രവൃത്തിയും നാടിന്റെ ഹരിതാഭ കവർന്നെടുത്തു. ഭൂമിയിലെ ഏറ്റവും മഹത്തരമായ വിസ്മയം വൈവിധ്യമാര്‍ന്ന ഹരിത സസ്യങ്ങളാണ് .ജീവന്‍ എന്ന അത്ഭുത പ്രതിഭാസം നിലനില്‍ക്കുന്നതുതന്നെ ഇവിടെയുള്ള സസ്യങ്ങളുടെ സമ്പന്നത കൊണ്ടാണ് .എന്നാല്‍ വ്യാപകമായ വനനശീകരണം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകരാറിലാക്കിയിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
ഇന്ത്യയുടെ ആകെ വിസ് തൃതിയുടെ അഞ്ചുശതമാനം മാത്രമുള്ള പശ്ചിമഘട്ടം ഈ രാജ്യത്തെ 27 ശതമാനം ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നു. ഇതില്‍ മൂന്നിലൊരു ഭാഗം കേരളത്തിലാണുള്ളത്. ഒരുകാലത്ത് വൈവിധ്യമാര്‍ന്ന സസ്യസമ്പത്തിനാലും സ്വാഭാവികവനങ്ങളാലും അനുഗൃഹീതമായിരുന്ന കേരളം വാസ്‌കോ ഡ ഗാമയുടെ വരവ് മുതല്‍ പ്രകൃതി സമ്പത്തിന്റെ ചൂഷ്ണത്തിന് വിധേയമായിരുന്നു. വിദേശികളുടെ സ്ഥാനത്ത് ഇന്ന് ചൂഷണം തുടരുന്നത് ഉപഭോഗ സംസ്‌കാരമാണെന്നു മാത്രം.
ഈ പശ്ചാത്തലത്തിലാണഹ് ഡോ. ടി.ആര്‍.ജയകുമാരിയും ആര്‍.വിനോദ്കുമാറും ചേര്‍ന്നൊരുക്കിയ ‘കേരളത്തിലെ വൃക്ഷങ്ങള്‍ എന്ന വൃക്ഷവിജ്ഞാനകോശത്തിന് പ്രസക്തി ഏറുന്നത്. കേരളത്തില്‍ കാണപ്പെടുന്ന സ്വദേശികളും വിദേശികളുമായ മുന്നൂറില്‍ അധികം വൃക്ഷങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.പ്രകൃതി സം ബന്ധമായ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെ.സജുരാജിന്റെ ഫോട്ടോകള്‍ ഈ പുസ് തകത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
ഓരോ വൃക്ഷങ്ങളും കേരളത്തില്‍ അറിയപ്പെടുന്ന പേരുകളിലാണ് അധ്യായങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കുടും ബം, ശാസ് ത്രനാമം, ഇംഗ്ലീഷിലുള്ള പേര് , സംസ്‌കൃതനാമം, മലയാളത്തിലുള്ള മറ്റു പേരുകള്‍, തുടങ്ങി മരത്തെ തരംതിരിച്ച് മനസ്സിലാക്കുന്നതിന് ഉതകുന്ന വിധത്തില്‍ ആകൃതി, തൊലിയുടെ നിറം, ഘടന, ഇലകള്‍, പൂക്കള്‍, ഫലങ്ങള്‍, വിത്തുകള്‍ എന്നിവ അനുവാചകന് വ്യക്തമായി മനസ്സിലാകത്തക്ക വിധത്തില്‍ വിവരിക്കുന്ന പുസ് തകമാണിത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും പ്രയോജനം ചെയ്യുന്ന വൃക്ഷവിജ്ഞാനകോശം തന്നെയാണിതെന്ന് നിസ്സംശയം പറയാം.
പുരാണങ്ങളിലും ഐതിഹ്യങ്ങളിലും പരാമര്‍ശിക്കപ്പെടുന്ന വൃക്ഷങ്ങളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ആ കഥാസന്ദര്‍ഭം കൂടി ഉള്‍പ്പെടുത്തിയത് വായനയെ കൂടുതല്‍ രസകരമാക്കുന്നു.
അത്യന്തം ബൃഹത്തായ സസ്യലോകത്തിലെ അതികായകരായ വൃക്ഷങ്ങളെക്കുറിച്ച് ഇത്തരമൊരു ഗ്രന്ഥം മലയാളത്തില്‍ ഉണ്ടായിട്ടില്ല. വനം, വന്യജീവി, പരിസ്ഥിതി വിഷയങ്ങളില്‍ ഒട്ടേറെ ലേഖനങ്ങളും പുസ് തകങ്ങളും രചിച്ചിട്ടുള്ള ഒന്നിച്ച ഈ പുസ് തകം ഒരു വ്യത്യസ് തമായ വായനാനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.