പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ശുചീകരണത്തൊഴിലാളി ഇരുപത്തയ്യായിരത്തോളം പുസ്തകങ്ങളുള്ള ഒരു വമ്പന്‍ ലൈബ്രറിയുടെ ഉടമയായി എന്നുപറഞ്ഞാല്‍ വിശ്വസിക്കുമോ.? പക്ഷേ സംഭവം സത്യമാണ്. കൊളംബിയ സ്വദേശിയായ ജോസ് ആല്‍ബര്‍ട്ടോ ഗുട്ടിറെസ് എന്ന പുസ്തകപ്രേമിയാണ് ഈ പുസ്തകങ്ങളുടെ ഉടമ. വായനക്കാര്‍ വായിച്ച ശേഷം ചപ്പുചവറുകൂനകളിലേക്ക് വലിച്ചെറിഞ്ഞ പുസ്തകങ്ങള്‍ ചേര്‍ത്താണ് ജോസ് ലൈബ്രറി ആരംഭിച്ചത്. ശുചീകരണത്തൊഴിലാളി ആയതിനാല്‍ മാലിന്യം നിറഞ്ഞ പ്രദേശങ്ങള്‍ വൃത്തിയാക്കുന്നതിനിടെ ലഭിച്ച പുസ്തകങ്ങള്‍ ശേഖരിക്കുകയും അതിനെ ഒരു ലൈബ്രറിയായി ക്രമീകരിക്കുകയുമായിരുന്നു ഇദ്ദേഹം.
ഇരുപത് വര്‍ഷം മുമ്പാണ് ലൈബ്രറിയിലെക്കുള്ള ആദ്യ പുസ്തകം ജോസിന്റെ കൈയില്‍ തടയുന്നത്. അന്നാ കരെനിനയുടെ ഒരു പതിപ്പായിരുന്നു അത്. ഒരു ചവറുകൂന വൃത്തിയാക്കുമ്പോഴായിരുന്നു പുസ്തകം ലഭിച്ചത്. പുസ്തകം എടുത്ത് കരുതലോടെ ജോസ് സൂക്ഷിച്ചു വച്ചു. അന്നാ കരെനിനയ്ക്കു പിന്നാലെ ആന്റണി ഡി സെന്റ് എക്‌സുപെയറിയുടെ ലിറ്റില്‍ പ്രിന്‍സ്, ജോസ്‌റ്റൈന്‍ ഗോഡറിന്റെ സോഫീസ് വേള്‍ഡ്, ഹോമറിന്റെ ഇലിയഡ് അങ്ങനെ പല പുസ്തകങ്ങളും ജോസിന്റെ പക്കലെത്തി. കൊളംബിയന്‍ എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗര്‍സിയ മാര്‍കേസിന്റെ പുസ്തകങ്ങളും ജോസിന്റെ ശേഖരത്തിലേക്ക് എത്തി. ഇന്ന് 25000 പുസ്തകങ്ങള്‍ ഉള്‍പ്പെടുന്ന ലൈബ്രറിക്ക് കാരണമായത് അന്ന് ലഭിച്ച ആ പുസ്തകമായിരുന്നു. ഉപേക്ഷിക്കപ്പെടുന്ന, ചപ്പുചവറു കൂനകളിലേക്ക് വലിച്ചെറിയുന്ന പുസ്തകങ്ങള്‍ക്ക് ജോസ് നാഥനായി. ഈ പുസ്‌കങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ 2000 ല്‍ ഈ പുസ്തകശേഖരത്തെ അദ്ദേഹം സൗജന്യ ലൈബ്രറിയാക്കി മാറ്റി.
ആദ്യമൊക്കെ അയല്‍വാസികളായിരുന്നു പുസ്തകങ്ങള്‍ ആവശ്യപ്പെട്ട് ജോസിന്റെ അടുക്കെലത്തിയിരുന്നത്. പിന്നീട് ആവശ്യക്കാര്‍ ഏറുകയായിരുന്നു. ഇന്ന് വീടിന്റെ അടിയിലെ നില ലൈബ്രറിക്കായി മാറ്റി വച്ചിരിക്കുകയാണ്. ജോസിന്റെ പുസ്തകശേഖരണത്തെ കുറിച്ചറിഞ്ഞ് നിരവധിയാളുകളാണ് ജോസിന്റെ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യുന്നത്. ‘എത്രയധികം പുസ്തകങ്ങള്‍ പുറത്തേക്ക് കൊടുക്കുന്നുവോ അത്ര തന്നെ സംഭാവനയായി ലഭിക്കാറുണ്ട്. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വീട്ടില്‍ വച്ച് തന്നെ വായിക്കാന്‍ ആദ്യമൊക്കെ അവസരം നല്‍കിയിരുന്നു. എന്നാല്‍ പുസ്തകങ്ങളുടെ എണ്ണം കൂടിയതോടെ ആ രീതി മാറ്റിയതായി ജോസ് പറയുന്നു.
ഇന്ന് സാന്‍ിയാഗോയിലും മറ്റും നടക്കുന്ന പല അന്താരാഷ്ട്ര പുസ്തകമേളകളിലെയും ക്ഷണിതാവാണ് ജോസ്. ചെറുപ്പത്തില്‍ കാര്‍ട്ടൂണുകള്‍ വായിച്ചു തന്ന അമ്മയാണ് വായനയോടുള്ള ഇഷ്ടത്തിനു കാരണക്കാരിയായതെന്നും ജോസ് കൂട്ടിച്ചേര്‍ക്കുന്നു. ചെറുപ്പത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ഇപ്പോള്‍ അതിനുള്ള ശ്രമത്തിലാണ് ഈ പുസ്തകപ്രേമി.