ഏറ്റവും അസാധാരണമായതും വൈവിധ്യം നിറഞ്ഞതുമാണ് ചൈനക്കാരുടെ പാചകം. ചൈനീസ് പാചകങ്ങളെ മറ്റു പാചകങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത് വിഭവങ്ങളുടെ നിറത്തിലും രുചിയിലും അലങ്കാരത്തിലുമുള്ള ശ്രദ്ധയാണ്. ചൈനയില്‍ പ്രധാനമായി നാലു തരത്തിലുള്ള പാചകമാണ് നിലവിലുള്ളത്. നാലു പ്രദേശങ്ങളെ പ്രതിനിധാനം ചെയ്യുന്ന നാലു പാചകരീതികള്‍: കാന്റൊണീസ് – സാധാരണയായി ഇളം നിറങ്ങളില്‍ വീര്യം കുറഞ്ഞ മസാലകള്‍ ചേര്‍ത്തുണ്ടാക്കുന്നത്, പെക്കിങ് – നിരന്തരം ഇളക്കിക്കൊണ്ടുള്ള വറുക്കലും പൊരിക്കലും നിറഞ്ഞ ഭക്ഷണപ്രിയര്‍ക്ക് ഇഷ്ടപ്പെടുന്ന രീതി, സച്ചുവാന്‍ – മസാലകള്‍ നിറഞ്ഞതും എരിവു കൂടിയതുമായ ഇനം, ഷാങ്ഹായ് – പഞ്ചസാരയുടെയും സോയാസോസിന്റെയും ഉപയോഗംകൊണ്ട് മധുരംനിറഞ്ഞ വിഭവം. ഏതു രീതിയിലായാലും സോസുകളും കറിക്കൂട്ടുകളും യഥാര്‍ത്ഥ അളവില്‍ ഉപയോഗിക്കുമ്പോഴാണ് ചൈനീസ് വിഭവങ്ങള്‍ സ്വാദിഷ്ടമാകുന്നത്. ഓമന ജേക്കബ് തയ്യാറാക്കിയ ചൈനീസ് പാചകം വിവിധങ്ങളായ ചൈനീസ് വിഭവങ്ങളെ പരിചയപ്പെടുത്തുന്നതാണ്.
ഈ പാചകപുസ്തകത്തില്‍ മുഖ്യ പാചകക്കുറിപ്പുകളോടൊപ്പം സാധാരണ ഉപയോഗിക്കുന്ന സോസുകളും സാലഡുകളും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും ചേര്‍ത്തിരിക്കുന്നു. ഇന്ത്യയില്‍ ലഭ്യമാകുന്ന ചേരുവകളും ഇന്ത്യന്‍ രുചിക്കനുയോജ്യമായ 100-ല്‍ പരം പാചകക്കുറിപ്പുകളുമാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചൈനീസ് പാചകത്തിന്റെ യഥാര്‍ത്ഥ രുചിയും മണവും ലഭിക്കാന്‍ ഫ്രെഷായ മത്സ്യം, ഇറച്ചി, പച്ചക്കറികള്‍ ആണ് ഉപയോഗിക്കുന്നത്. കടലയെണ്ണയാണ് പാചകത്തിന് അനുയോജ്യം.
വ്യത്യസ്തമായ ഒരു വിഭവം ഇതാ…
എരിവുള്ള മുളകുസോസ്
ചേരുവകള്‍;
1. കൊത്തി അരിഞ്ഞ ഉള്ളി – 3 ടേബിള്‍സ്പൂണ്‍
2. എണ്ണ – 2 ടീസ്പൂണ്‍
3. വെളിത്തുള്ളിയും ഇഞ്ചിയും
അരച്ചത് – 1 ടേബിള്‍സ്പൂണ്‍ വീതം
മുളക് അരച്ചത് – 1 ടീസ്പൂണ്‍
ടൊമാറ്റോ കെച്ചപ്പ് – 3 ടേബിള്‍സ്പൂണ്‍
വിനാഗിരി – 1 ടേബിള്‍സ്പൂണ്‍
പഞ്ചസാര – 1 ടേബിള്‍സ്പൂണ്‍
എള്ളെണ്ണ – 1 ടീസ്പൂണ്‍
ഉപ്പ് – 1/2 ടീസ്പൂണ്‍
4. വെള്ളം – 1/2 കപ്പ്
5. കോണ്‍ സ്റ്റാര്‍ച്ച് – 1 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം;
ഒന്നാമത്തെ ചേരുവ രണ്ടു ടീസ്പൂണ്‍ എണ്ണയില്‍ വഴറ്റുക. അതിലേക്ക് മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്തിളക്കുക. തുടര്‍ന്ന് നാലാമത്തെ ചേരുവകള്‍ ഒന്നിച്ചു ചേര്‍ത്ത് ഇതിലേക്ക് ഒഴിക്കുക. കുറുകി വരുന്നതുവരെ ഇളക്കുക.