രാജ്യത്തെ ഭൂരിഭാഗം ജനതയുടെ അടിസ്ഥാന വികാരം ഭയമായി മാറിയ കാലത്താണ് ജീവിക്കുന്നതെന്ന് സാറാ ജോസഫ്. രാജ്യം കടന്നുപോകുന്നത് ഏറ്റവും അപകടകരമായ അവസ്ഥയിലൂടെയാണ്. ആഹ്ലാദവും സൗന്ദര്യവും നീതിയുമുള്ള നാടെന്ന സ്വപ്നം അകന്നുപോവുകയാണെന്നും അവര്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം സ്വീകരിച്ച് നടത്തിയ മറുപടിപ്രസംഗത്തിലാണ് സാറാ ജോസഫ് കേന്ദ്രസര്‍ക്കാരിനും ഇന്ത്യന്‍ ഫാസിസത്തിനുമെതിരെ ആഞ്ഞടിച്ചത്.
സ്വതന്ത്രമായി പേനയെടുക്കാനും സന്തോഷത്തോടെ എഴുതാനിരിക്കാനും കഴിയുന്ന അവസ്ഥ ഇല്ലാതാകുമോയെന്ന ഭയം ഇന്ത്യയില്‍ താനുള്‍പ്പെടെയുള്ള എഴുത്തുകാര്‍ക്കുണ്ടെന്നും സാറാ ജോസഫ് പറഞ്ഞു. ഭീഷണമായ അവസ്ഥയിലാണ് രാജ്യം പോകുന്നത്. എതിര്‍പ്പിന്റെ ശബ്ദം ഇല്ലാതാവുന്നു. ഇല്ല എന്നും പറ്റില്ല എന്നും പറയാന്‍ ആരുമില്ലാതാവുന്നു. രാജ്യത്ത് ഉയര്‍ന്നുവരേണ്ടത് വലിയ ജനാധിപത്യ പ്രതിരോധമാണ്. 31 ശതമാനം പേരുടെ പിന്തുണമാത്രമുള്ള ഒരു സര്‍ക്കാര്‍, രാജ്യത്തെ കോടാനുകോടികളെ രാജ്യദ്രോഹികളും ചെറുന്യൂനപക്ഷത്തെ രാജ്യസ്‌നേഹികളുമാക്കി മുദ്രകുത്തുന്നു. സര്‍ക്കാരിനു മുന്നില്‍ ജനതയില്ല, കര്‍ഷകരും ദളിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമില്ല. അവര്‍ക്കറിയാവുന്നത് കോര്‍പറേറ്റുകളെ മാത്രമാണ്. കോര്‍പറേറ്റ് ദാസ്യത്തിന് മറപിടിക്കാന്‍ വര്‍ഗീയത ഉപയോഗിക്കുന്നു. യേശുവിനെ പിശാചാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഭയത്തോടെത്തന്നെ നോക്കിക്കാണേണ്ടതാണ്. മൂന്ന് സിനിമകളുടെ പ്രദര്‍ശനം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കയാണ്. ദളിത് വിഷയങ്ങള്‍ പരാമര്‍ശിക്കുന്നതിനാലാണ് ഒരു ചിത്രം തടഞ്ഞത്. ഞങ്ങളിത് പ്രദര്‍ശിപ്പിക്കും എന്നു പറയാനുള്ള ആര്‍ജവം കാണിക്കണം- സാറ ജോസഫ് അഭിപ്രായപ്പെട്ടു.
ദളിതനും സ്ത്രീകളും കര്‍ഷകരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാവരും ചേര്‍ന്നുള്ള മുന്‍കൈയിലാണ് വിമോചനം സാധ്യമാവുക. അതുതടയുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. അരുന്ധതി റോയിയെ കശ്മീരില്‍ മനുഷ്യകവചമാക്കണം എന്നു പറയുന്നവരുടെ നാടാണിത്. സത്യം വിളിച്ചു പറഞ്ഞതിനാണിത്. എന്നിട്ടും കാര്യമായ പ്രതിഷേധമൊന്നും കേരളത്തില്‍പോലും ഉയര്‍ന്നില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ് സാറാ ജോസഫ് പറഞ്ഞു.
സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ കേരള സാഹിത്യ അക്കാദമിയുടെ 2016ലെ വിശിഷ്ടാംഗത്വവും 2015ലെ സമഗ്ര സംഭാവന പുരസ്‌കാരവും സമ്മാനിച്ചു. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തിരിച്ചുകൊണ്ടുവന്ന് ബഹുസ്വരതയില്‍നിന്ന് നാടിനെ ഏകശിലാ രൂപത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. സാംസ്‌കാരിക സ്ഥാപനങ്ങളെ സര്‍ഗാത്മകമായി കരുത്തുറ്റതാക്കാനാണ് സര്‍ക്കാര്‍ ശ്രമം. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള അക്കാദമികളുടെ ബജറ്റ് വിഹിതം 50 ശതമാനം വര്‍ധിപ്പിച്ചു. ഓരോ ജില്ലയിലും സാംസ്‌കാരിക സമുച്ചയം നിര്‍മാണം ഉടന്‍ തുടങ്ങും. ഗ്രാമങ്ങളില്‍ സിനിമ തിയറ്ററുകള്‍ തിരിച്ചുകൊണ്ടുവരും. 500 തിയറ്ററുകള്‍ ഇത്തരത്തില്‍ പുനരുജ്ജീവിപ്പിക്കാനാണ് പദ്ധതി. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഈ വര്‍ഷം 20 തിയറ്ററുകള്‍ തുറക്കും. അക്കാദമികളുടെ അവാര്‍ഡ് തുക ഉയര്‍ത്തുന്നത് ഉള്‍പ്പെടെ ക്രിയാത്മക ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. എഴുത്തച്ഛന്‍ പുരസ്‌കാര തുക അടുത്ത വര്‍ഷം മുതല്‍ മൂന്നില്‍നിന്ന് അഞ്ച് ലക്ഷം രൂപയാക്കുമെന്നും മന്ത്രി പറഞ്ഞു.
സാറാ ജോസഫ്, യു.എ ഖാദര്‍ എന്നിവര്‍ക്ക് വിശിഷ്ടാംഗത്വവും ഒ.വി. ഉഷ, മുണ്ടൂര്‍ സേതുമാധവന്‍, വി. സുകുമാരന്‍, ടി.ബി. വേണുഗോപാല പണിക്കര്‍, പ്രയാര്‍ പ്രഭാകരന്‍, ഡോ. കെ. സുഗതന്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവന പുരസ്‌കാരവും മന്ത്രി സമ്മാനിച്ചു. അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. കെ.പി. മോഹനന്‍, വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, നിര്‍വാഹക സമിതി അംഗങ്ങളായ ആലേങ്കാട് ലീലാകൃഷ്ണന്‍, പ്രഫ. വി.എന്‍. മുരളി, ടി.പി. വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കവിസമ്മേളനവും നടന്നു.